അദ്ദേഹം പറഞ്ഞപ്പോഴാണ് എനിക്കൊരു നുണക്കുഴിയുണ്ടെന്ന് ഞാൻ പോലും തിരിച്ചറിഞ്ഞത്, മുമ്പ് എന്നോടാരും ഇക്കാര്യം പറഞ്ഞിട്ടുമില്ല, അത് കണ്ടാണ് എന്നെ ഈ ചിത്രത്തിലോട്ട് വിളിച്ചതും; നിഖില വിമൽ

മലയാളം ത്രില്ലർ സിനിമകളിൽ ബെഞ്ച്മാർക്ക് സൃഷ്ടിച്ച ‘അഞ്ചാംപാതിര’യിൽ ആകെയൊരു രംഗത്തു മാത്രം പ്രത്യക്ഷപ്പെട്ടാണ് നിഖില വിമൽ മലയാള സിനിമയിലെത്തുന്നത്. എന്നിട്ടും നിഖിലയുടെ ആ അതിഥിവേഷം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഇപ്പോഴിതാ അഞ്ചാംപാതിര പോലെ തമിഴിൽ ചർച്ചയാവുകയാണ് നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത ‘‘പോർ തൊഴിൽ’’ എന്ന ചിത്രം. കേരളത്തിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തിൽ, ശരത്കുമാറിനും അശോക് സെൽവനും ഒപ്പം ശ്രദ്ധേയ വേഷത്തിൽ നിഖില വിമലുമുണ്ട്. സിനിമയുടെ അണിയറ വിശേഷങ്ങളും, വീണ എന്ന കഥാപാത്രമായി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ്
നിഖില വിമൽ.

ഒരു തമിഴ് പ്രോജക്ടുണ്ട്, കഥ കേൾക്കാമോ എന്നു ചോദിച്ച് ഇ ഫോർ എന്റർടെയ്ൻമെന്റ്സിൽനിന്ന് എനിക്കൊരു കോൾ വന്നു. അങ്ങനെയാണ് സംവിധായകൻ വിഘ്നേഷ് രാജ എന്നെ സമീപിക്കുന്നത്. പശ്ചാത്തല സംഗീതമൊക്കെ ഇട്ടാണ് അദ്ദേഹം കഥ പറഞ്ഞത്. എനിക്ക് കഥ ഇഷ്ടപ്പെട്ടു. കഥ പറച്ചിലിൽത്തന്നെ നല്ല ഇംപാക്ട് ഉണ്ടായിരുന്നു. അതുകൊണ്ട്, എന്റെ വേഷം ചെറുതാണെങ്കിലും ഈ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായി. ഷൂട്ട് നടക്കുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു ഈ സിനിമ നന്നായി വരുമെന്ന്. അതുപോലെ തന്നെ സംഭവിച്ചു.

കഥ പറഞ്ഞു കേട്ടപ്പോൾ ഞാൻ സംവിധായകനോടു ചോദിച്ചു, നിങ്ങൾക്ക് നുണക്കുഴി ഉള്ള ഒരാളെയല്ലേ വേണ്ടത്. എനിക്ക് നുണക്കുഴി ഇല്ലല്ലോ! അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ചിരിക്കുമ്പോൾ വലതു വശത്ത് നുണക്കുഴി ഉണ്ടെന്ന്! അത് എനിക്കൊരു പുതിയ അറിവായിരുന്നു. വിഘ്നേഷ് പറഞ്ഞപ്പോഴാണ് എനിക്കൊരു നുണക്കുഴിയുണ്ടെന്ന് ഞാൻ പോലും തിരിച്ചറിഞ്ഞത്. അക്കാര്യം ഞാൻ ശ്രദ്ധിച്ചിട്ടേ ഉണ്ടായിരുന്നില്ല. സാധാരണ നുണക്കുഴിയുള്ളവരുടെ പോലെ അത്ര ശ്രദ്ധിക്കപ്പെടുന്ന ഒന്നല്ല എന്റേത്. നന്നായി ചിരിക്കുമ്പോൾ മാത്രമേ അതു കാണുള്ളൂ. അതിനു മുമ്പ് എന്നോടാരും ഇക്കാര്യം പറഞ്ഞിട്ടുമില്ല.

കൂടുതലും രാത്രികളിലായിരുന്നു ഷൂട്ട്. അത് ഏറെ ശ്രമകരമായിരുന്നു. രാത്രി മാത്രം കാണുന്നവരായിരുന്നു സെറ്റിൽ അധികവും! ആ സമയത്തിനുള്ളിൽ ഷോട്ട്സ് എടുത്തു തീർക്കുക എന്നത് വെല്ലുവിളി ആയിരുന്നു. ഫൺ സെറ്റ് ആയിരുന്നില്ല ‘പോർ തൊഴിലി’ന്റേത്. അൽപം ഗൗരവമുള്ള മൂഡിലായിരുന്നു സെറ്റ് മുഴുവൻ! ആരെങ്കിലും ഒരു കഥ പറയാൻ തുടങ്ങിയാൽ, അതിനു ചുറ്റും ബാക്കിയുള്ളവരും കൂടും. അപ്പോൾ നമുക്കൊപ്പം സംവിധായകനും കൂടും. ചിരിയൊക്കെ കഴിയുമ്പോൾ സംവിധായകൻ പറയും, ചിരിയൊക്കെ കഴിഞ്ഞില്ലേ, എന്നാൽ വാ, നമുക്കിനി ഷൂട്ട് ചെയ്യാം എന്ന്! അത്രയും ഗൗരവമായിട്ടാണ് ആ സിനിമയെ കണ്ടിരുന്നത്. സീൻ എടുക്കുമ്പോൾ ഒരു ഇംപാക്ട് ഉണ്ടാക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. നിഖില പറഞ്ഞു,

അതേസമയം, തമിഴിലും മലയാളത്തിലും ഓരോ വെബ് സീരീസുകൾ റിലീസിനൊരുങ്ങുന്നു. മാരി സെൽവരാജിന്റെ പ്രൊജക്ടിൽ ഒരു വേഷം ചെയ്യുന്നുണ്ട്. മലയാളത്തിൽ ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്.

 

Articles You May Like

x