വഴിപാട് ചെയ്ത് ലഭിച്ചതാണ്, പ്രത്യേക കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ടെന്ന് മനസിലായി, എവിടെ പോയാലും എന്റെ കൈയിൽ അവനുണ്ടാകും; ​ഗിന്നസ് പക്രുവിനെക്കുറിച്ച് അമ്മ

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മലയാളികളുടെ പ്രിയപ്പെട്ട നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺക്കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിലൂടെ താരം അന്ന് ആ സന്തോഷം പങ്കുവച്ചിരിക്കുന്നു. മുമ്പൊരിക്കൽ ​ഗിന്നസ് പക്രുവും അമ്മ അംബുജാക്ഷിയമ്മയും ജീവിതത്തിൽ കടന്ന് വന്ന വഴികളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മൂന്ന് മക്കളാണെനിക്ക് അവനും രണ്ട് പെൺകുട്ടികളും. മൂത്തത് അജയനാണ്. വഴിപാട് ചെയ്ത് ഉണ്ടായ മകനാണ്. ഒന്നര വയസ് മുതൽ കലയോ‌ട് അവന് പ്രത്യേക കമ്പം ഉണ്ടായിരുന്നു. ​ഗ്ലാസ്, അരിയളക്കുന്ന നാഴി, അമൂൽ ടിന്നും മുമ്പിൽ വെച്ച് സ്പൂണും ചീപ്പും വെച്ച് അടിക്കും. ഞാൻ മാറി നിന്ന് ശ്രദ്ധിക്കും. ഇവന് പ്രത്യേക കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ടെന്ന് മനസിലായി. രണ്ട് പെൺകുട്ടികളുണ്ടെങ്കിലും അവരുടെ കാര്യം ശ്രദ്ധിച്ചിട്ടേ ഇല്ല. മൂത്ത മകൾ നന്നായി വരയ്ക്കുമായിരുന്നു. അതിനൊന്നും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല. എന്റെ ശ്രദ്ധ മുഴുവൻ മകനിലേക്കായിരുന്നു.

എവിടെ പോയാലും എന്റെ കൈയിൽ അവൻ ഉണ്ടാകും. കാരണം എന്റെ വിചാരം കുറച്ച് കഴിഞ്ഞാൽ ഇവന് എവിടെയും പോകാൻ പറ്റില്ലല്ലോ, ആര് കൊണ്ട് പോകും, എനിക്ക് കൊണ്ട് പോകാൻ പറ്റുന്ന സമയത്തല്ലേ കൊണ്ട് പോകാൻ പറ്റൂ. കല്യാണത്തിന് പോയാലും അമ്പലത്തിൽ പോയാലും എന്റെ കൂടെ മകനുണ്ടായിരുന്നെന്നും അംബുജാക്ഷിയമ്മ അന്ന് പറഞ്ഞു. കവിത, സം​ഗീത എന്നിവരാണ് ​ഗിന്നസ് പക്രുവിന്റെ അനിയത്തിമാർ. ഇവരെക്കുറിച്ചും അംബജാക്ഷിയമ്മ അന്ന് സംസാരിച്ചു.

ഒരിക്കൽ കളിച്ചോണ്ടിരുന്നപ്പോൾ ഒരു ചെറുക്കൻ ഇവനെ പിടിച്ച് തള്ളിയിട്ടു. അവന്റെ കുത്തിന് പിടിച്ച് രണ്ട് മൂന്ന് തവണ ഇടിച്ച് തൊട്ട് പോയാൽ‍ നിന്റെ കൈയും കാലും ഞാൻ വെട്ടുമെന്ന് ഇളയവൾ കവിത പറഞ്ഞു. പക്ഷെ ഞാനും ഇവനും ഒരുപാട് അനുഭവിച്ചു. ഇതെല്ലാം ഒത്തിരി കേട്ടതാണെന്നും ​ഗിന്നസ് പക്രുവിന്റെ അമ്മ പറഞ്ഞു.

മാർ‍ച്ച് 21ന് ആയിരുന്നു ​ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺകുഞ്ഞ് ജനിച്ചത്. മകൾ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രത്തോടൊപ്പം ആയിരുന്നു അദ്ദേഹം സന്തോഷം പങ്കിട്ടത്. 2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.

 

Articles You May Like

x