എന്നെ കണ്ടപ്പോള്‍തന്നെ സാര്‍ ഓടി അടുത്തുവന്ന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് ചേര്‍ത്തുപിടിച്ചു, അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല; വിജയ്‌യുടെ ജന്മദിനത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ഓര്‍മ പങ്കുവെച്ച് ഗിന്നസ് പക്രു

എല്ലാകാലത്തും ഗിന്നസ് പക്രു എന്ന മഹാനടൻ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. തന്റെ കുറവുകളെ പോരായ്മകളായി കാണാതെ ജീവിതത്തെ പോസിറ്റീവ് ആയിക്കണ്ട് സ്വന്തം കഴിവ് തെളിയിച്ചു ചലച്ചിത്ര മേഖലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായതാണ് ഗിന്നസ് പക്രു എന്ന അജയ കുമാർ. തമാശ നിറഞ്ഞ കഥാപാത്രങ്ങളാണ് പക്രു അവതരിപ്പിച്ചതിലേറെയെങ്കിലും മൈ ബിഗ് ഫാദർ, ഇളയരാജാ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ പ്രേക്ഷകരുടെ കണ്ണു നനയിച്ചു.

ഇപ്പോഴിതാ തമിഴ് നടൻ വിജയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെ ആദ്യമായി കണ്ട നിമിഷം പങ്കുവെക്കുകയാണ് ഗിന്നസ് പക്രു. ബോഡി ഗാര്‍ഡ് സിനിമ ‘കാവലന്‍’ എന്ന പേരില്‍ തമിഴിലേക്ക് റീമേക്കിന് ഒരുങ്ങിയപ്പോള്‍ വിജയ് ആണ് എന്നെ അതിലേക്ക് ക്ഷണിക്കുന്നത്. കാവലനിലെ കോളേജ് സീനുകളിലാണ് എനിക്ക് അഭിനയിക്കാനുണ്ടായിരുന്നത്. എന്നാല്‍, ഷൂട്ടിങ് നടക്കുമ്പോള്‍ അമേരിക്കന്‍ യാത്രയിലായിരുന്നു. അതുകൊണ്ടുതന്നെ അവരെന്നെ കാത്തിരുന്നു.വെല്ലൂരിലെ കോളേജില്‍വെച്ചാണ് വിജയിയെ ആദ്യമായി കാണുന്നത്. കോളേജ് കാമ്പസായതിനാല്‍ ചുറ്റും ആരാധകരുടെ ആര്‍പ്പുവിളികള്‍.

എന്നെ കണ്ടപ്പോള്‍തന്നെ വിജയ് സാര്‍ ഓടി അടുത്തുവന്ന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് ‘ഉങ്കള്‍ക്കാകെ വെയ്റ്റ് പണ്ണിയിരുക്കേ’ എന്നുപറഞ്ഞ് ചേര്‍ത്തുപിടിച്ചു. അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. എത്ര തിരക്കായാലും സെറ്റില്‍ കാണാന്‍ എത്തുന്നവരോട് കാണിക്കുന്ന പെരുമാറ്റവും, സമീപനവും വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്. വലിയ മാലയ്ക്ക് അകത്തുകൂടെ ഞാന്‍ കടന്നുപോകുന്ന സീനാണ് ആദ്യം ചിത്രീകരിച്ചത്. അതുകണ്ട് അദ്ദേഹത്തിന് ചിരിയടക്കാന്‍ കഴിയാതെ റീടേക്കിലേക്ക് പോകേണ്ടിവന്നതോര്‍മയുണ്ട്.

കുറച്ച് സമയംകൊണ്ടുതന്നെ ഞങ്ങള്‍ വലിയ ചങ്ങാതിമാരായി. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ കാരവാനിലേക്ക് കയറിപ്പോകാതെ കോളേജിലെ ബെഞ്ചിലിരുന്ന് അദ്ദേഹം വിശേഷങ്ങള്‍ തിരക്കി. എന്റെ കലാ പ്രവര്‍ത്തനങ്ങള്‍, സിനിമയിലേക്കുള്ള വരവ്, ഇങ്ങനെയായതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍…. എന്നിവയെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. പക്രു പറഞ്ഞു.

Articles You May Like

x