കല്യാണം കഴിച്ചതും മകളുണ്ടായതും അപ്രതീക്ഷിതമായി, ഇന്ന് ഉയരം കുറവുള്ള ആളെ കണ്ടിട്ട് കുട്ടികൾ ചിരിക്കുന്നത് കണ്ടാൽ മാതാപിതാക്കൾ അവരോട് ദേഷ്യപ്പെടും, മറ്റൊരാളുടെ ശാരീരിക പരിമിതി കണ്ട് ചിരിച്ച് ആസ്വദിക്കാനുള്ളതല്ല, അവരെ സപ്പോർട്ട് ചെയ്യേണ്ടതാണെന്ന അവസ്ഥയിലേക്ക് സമൂഹം മുഴുവനും മാറി: ബോഡി ഷെയിമിം​ഗിനെക്കുറിച്ച് പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മലയാളികളുടെ പ്രിയപ്പെട്ട നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺക്കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിലൂടെ താരം അന്ന് ആ സന്തോഷം പങ്കുവച്ചിരിക്കുന്നു. തന്റെ ജീവിതത്തിൽ കുടുംബവും കുട്ടികളുമൊക്കെ ഉണ്ടാവുന്നത് അപ്രതീക്ഷിതമായിട്ടാണെന്നാണ് മുൻപൊരിക്കൽ നടൻ പറഞ്ഞത്.

എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതെല്ലാം അപ്രതീക്ഷിതമായിട്ടുള്ള കാര്യങ്ങളാണ്. കല്യാണം കഴിച്ചതും മകളുണ്ടായതും സംവിധാനവും നിർമാണവുമൊക്കെ പ്രതീക്ഷിക്കാതെ നടന്നതാണ്. മാത്രമല്ല ഒരു റിയാലിറ്റി ഷോ യുടെ വിധികർത്താവായിട്ടും താൻ പോയിട്ടുണ്ട്. നമ്മൾ ഉണ്ടാക്കിയ അസോസിയേഷനിലൂടെ ഒരുപാട് പേർക്ക് ഉപകാരങ്ങളുണ്ടാവുന്നു. കളി കാര്യമായി എന്ന് പറയുന്നത് പോലെ നമ്മൾ ചെറുതായി ചെയ്ത് തുടങ്ങിയ പല കാര്യങ്ങളും വലിയ രീതിയിലേക്കാണ് മാറിയത്

ഓസ്‌ട്രേലിയയിൽ നിന്നും ഒരു കുട്ടി എന്നെ വിളിച്ചിരുന്നു. കരഞ്ഞോണ്ടാണ് എന്നെ വിളിക്കുന്നത്. അവൻ പറഞ്ഞത് പോലെയുള്ളത് കുട്ടിക്കാലത്ത് എനിക്കും സംഭവിച്ചിരുന്നു. ഇതേ പറ്റി ഞാനും ഫേസ്ബുക്കിൽ അനുഭവം പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് കളിയാക്കലുകളിലൂടെ കടന്ന് വന്നിട്ടുള്ള ആളാണ് ഞാൻ.

നമ്മളെന്താണെന്ന് മനസിലാക്കി കഴിഞ്ഞിട്ട് നടക്കുമ്പോൾ ഞാൻ വിചാരിക്കുന്നത് പോലെയല്ല മറ്റുള്ളവർ നമ്മളെ കുറിച്ച് ചിന്തിക്കുകയെന്ന ബോധ്യം വന്നു. മറ്റുള്ളവർ അവരുടെ കാഴ്ചപ്പാടിൽ നമ്മളെ കാണുന്നു, അത്രയേ ഉള്ളു കാര്യം. ആളുകൾ നമ്മളെ കണ്ട് ചിരിച്ചാലൊന്നും കുഴപ്പമില്ലാതെയായി.

എന്നാൽ ആരും നമ്മളെ മൈൻഡ് പോലും ചെയ്യാതെ വന്നാലും വിഷമം ആണ്. ഒരിക്കൽ യുഎസിൽ പോയപ്പോൾ അവിടെയുള്ള ആരും എന്നെ നോക്കുന്ന് പോലുമില്ല. കുട്ടികൾ പോലും എന്നെ കണ്ടിട്ട് ഓടി വരുന്നില്ല. അവിടെയൊക്കെ ഇത് സാധാരണ പോലെയാണ്. ഇവിടെ വൈവിധ്യങ്ങളുടെ ലോകമാണ്. ഇവിടെ പല തരത്തിലാണ് നമ്മുടെ മാനസികാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. അതൊക്കെ പണ്ടാണെന്ന് പറയാം. ഇന്ന് കുട്ടികളും മാറി.

ഇന്ന് ഉയരം കുറവുള്ള ആളെ കണ്ടിട്ട് കുട്ടികൾ ചിരിക്കുന്നത് കണ്ടാൽ മാതാപിതാക്കൾ അവരോട് ദേഷ്യപ്പെടും. മറ്റൊരാളുടെ ശാരീരിക പരിമിതി കണ്ട് ചിരിച്ച് ആസ്വദിക്കാനുള്ളതല്ല. അവരെ സപ്പോർട്ട് ചെയ്യേണ്ടതാണെന്ന അവസ്ഥയിലേക്ക് സമൂഹം മുഴുവനും മാറി. കാരണം എല്ലാവരുടെയും കുടുംബത്തിലൊക്കെ ഇതുപോലെയുള്ള ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കും.

ഒരു കാലഘട്ടത്തിൽ ഞാൻ എന്നെ തന്നെ കളിയാക്കി കൊണ്ടാണ് സ്‌കിറ്റുകൾ ചെയ്തിട്ടുള്ളത്. എന്റെ കൂടെയുള്ള മിമിക്രി ആർട്ടിസ്റ്റുകൾ എന്റെ ശരീരത്തെ കുറിച്ച് പറഞ്ഞ് കളിയാക്കുമ്പോൾ ആളുകൾ ചിരിക്കുമായിരുന്നു. അതിന് ഞാൻ തിരിച്ച് കൗണ്ടർ അടിക്കുമ്പോഴാണ് ആളുകൾ അത് ആസ്വദിക്കാറുള്ളത്.

Articles You May Like

x