ആ ആത്മബന്ധം ആയിരിക്കാം അവശതയിലും വിവാഹസൽക്കാരത്തിന് എത്താൻ ജ​​ഗതിയെ പ്രേരിപ്പിച്ചത്: ഭാ​ഗ്യയുടെ വിവാഹസൽക്കാരത്തിന് വീൽചെയറിലെത്തി ജ​ഗതി ശ്രീകുമാർ

മകളുടെ വിവാഹത്തിനു പിന്നാലെ തിരുവനന്തപുരത്തും കൊച്ചിയിലും സുരേഷ് ​ഗോപി റിസപ്ഷൻ സഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ സൽക്കാരത്തിൽ നിരവധി പേർ പങ്കെടുത്തുവെങ്കിലും കാഴ്ചക്കാരുടെ കണ്ണും മനസും നിറഞ്ഞത് നടൻ ജ​ഗതി ശ്രീകുമാർ‌ അവശതയിലും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്.

വീൽചെയറിൽ താരത്തെ ഇരുത്തി കുടുംബമാണ് പരിപാടിയിലേക്ക് കൊണ്ടുവന്നത്. സൽക്കാരത്തിൽ പങ്കെടുത്ത് ഭാ​ഗ്യയേയും വരൻ ശ്രേയസിനെയും അനു​ഗ്രഹിക്കുക മാത്രമല്ല ചടങ്ങിൽ പങ്കെ‍ടുക്കാൻ എത്തിയവരോടെല്ലാം കൈ വീശി കാണിക്കുകയും ചെയ്തു. അപകടത്തിനു ശേഷം ഇത്രയേറെ ആളുകൾ കൂടുന്ന വിവാഹ ചടങ്ങുകളിലൊന്നും ജ​ഗതി ശ്രീകുമാർ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഇടയ്ക്ക് ചില പൊതുപരിപാടികളിൽ കുറച്ച് സമയം തന്റെ കുടുംബത്തോടൊപ്പം വന്ന് പോയി എന്നല്ലാതെ വേറൊരു പൊതു ചടങ്ങുകളിലും ജ​ഗതി ശ്രീകുമാറിന്റെ സാന്നിധ്യം അപകടത്തിനുശേഷം ഉണ്ടായിട്ടില്ല. ഒട്ടുമിക്ക സിനിമാക്കാർക്കും തങ്ങളുടെ കുടുംബാം​ഗത്തെ പോലെയാണ് സുരേഷ് ​ഗോപി.

ആ ആത്മബന്ധം ആയിരിക്കാം അവശതയിലും വിവാഹസൽക്കാരത്തിന് എത്താൻ ജ​​ഗതിയെ പ്രേരിപ്പിച്ചത്. വീണ്ടും സിനിമാ സുഹൃത്തുക്കൾ ഒത്തുചേർന്നിടത്ത് ജ​ഗതി ശ്രീകുമാറിനെയും കാണാൻ സാധിച്ചത് ആരാധകരെയും സന്തോഷത്തിലാക്കി. ജ​ഗതിക്കൊപ്പം ഭാര്യയും രണ്ട് മക്കളും അവരുടെ കുടുംബവുമുണ്ടായിരുന്നു. കുറച്ച് സമയം സുരേഷ് ​ഗോപിയുടെ കുടുംബത്തോടൊപ്പം ചിലവഴിച്ചിട്ടാണ് ജ​ഗതി ശ്രീകുമാറും കുടുംബവും മടങ്ങിയത്.

അതേ സമയം മോഹൻലാൽ ​ഗുരുവായൂരിലെ ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും തിരുവനന്തപുരത്തെ ഫങ്ഷനിലും വന്ന് നവദമ്പതികളെ അനു​ഗ്രഹിച്ചു. പ്രിയദർശൻ മകൾ കല്യാണി പ്രിയദർശൻ, അഹാന ക‍ൃഷ്ണയും കുടുംബവും, ശശി തരൂർ, ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ, ദിലീപ്, നാദിർഷ, ജയറാം തുടങ്ങി സിനിമാ താരങ്ങളും നിരവധി സീരിയൽ മിനിസ്ക്രീൻ താരങ്ങളും തിരുവനന്തപുരത്തെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Articles You May Like

x