സുരേഷേട്ടന്റെ കയ്യിൽ നിന്നും അധികം പൈസ വാങ്ങിയിട്ടില്ല, ഒരു അഭ്യർത്ഥനയുണ്ട്, ഞങ്ങൾക്ക് മുല്ലപ്പൂവിന്റെ കച്ചവടം തുടർന്ന് പോകാൻ തന്നെയാണ് താത്പര്യം:ധന്യ

ഗുരുവയൂർ ക്ഷേത്രനടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്‌ക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തിയിരുന്നു. ധന്യയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുല്ലപ്പൂവ് എത്തിച്ചത്. ധന്യ കുട്ടിയുമായി മുല്ലപ്പൂവ് വിൽക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ട സുരേഷ് ഗോപി, മകളുടെ വിവാഹത്തിനുള്ള മുല്ലപ്പൂവിന്റെ ഓർഡർ ധന്യയ്ക്ക് നൽകുകയായിരുന്നു.

സുരേഷ് ഗോപിയുടെ കൈയിൽ നിന്ന് അധികം കാശ് വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധന്യയിപ്പോൾ. ഒരു കട നോക്കുകയാണെന്നും, ശരിയാകുകയാണെങ്കിൽ അത് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യണമെന്നും ധന്യയും ഭർത്താവും അഭ്യർത്ഥിച്ചു.

‘മോനുവേണ്ടി ഒരു അയ്യായിരം രൂപ അവിടുന്ന് കൊടുത്തിട്ടുണ്ട്. അതല്ലാതെ, അതിൽക്കൂടുതൽ ഞങ്ങൾ വാങ്ങിയിട്ടില്ല. അതിന് കൂടുതൽ പൈസ വേണമെന്ന ഒരു ആഗ്രഹവും ഞങ്ങൾക്കില്ല. ഞങ്ങൾക്ക് മുല്ലപ്പൂവിന്റെ കച്ചവടം തുടർന്ന് പോകാൻ തന്നെയാണ് താത്പര്യം. ഇത് സുരേഷേട്ടൻ കാണുകയാണെങ്കിൽ, ഞങ്ങളൊരു കടമുറി നോക്കുന്നുണ്ട്. അത് ശരിയാകുവാണെങ്കിൽ സുരേഷേട്ടൻ വന്ന് ഉദ്ഘാടനം ചെയ്തുതന്നാൽ മതി.

നിങ്ങൾക്കൊരു കട നോക്കിക്കൂടെയെന്നാണ് പൂ വാങ്ങുന്നവരൊക്കെ ചോദിക്കുന്നത്. അവരോട് പറയാൻ ഞങ്ങൾക്കൊരു മറുപടിയില്ല. ഞങ്ങളെ സഹായിക്കാനൊരാൾ മുന്നിലേക്ക് വന്നിട്ടുണ്ട് ഇപ്പോൾ. അതിനുള്ള വഴി സുരേഷേട്ടൻ ഒരുക്കി തരികയെന്ന് വച്ചാൽ ഭയങ്കര സന്തോഷം. എന്റെ രണ്ട് മക്കളുടെയും ഭാവി സുരക്ഷിതമാക്കണ്ടേ. അത് വലിയൊരു കാര്യമല്ലേ. ഞങ്ങളെ ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്. ഞങ്ങൾക്ക് നന്ദി മാത്രമേയുള്ളൂ. സുരേഷേട്ടനായാലും കുടുംബത്തിനായാലും കല്യാണം കഴിഞ്ഞ ഭാഗ്യമോൾക്കായാലും ആ കുട്ടിയുടെ ഭർത്താവിനായാലും എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ കൊടുക്കട്ടെ.

Articles You May Like

x