പീഡനക്കേസില്‍ ഉണ്ണി മുകുന്ദന് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ ഹരജി തള്ളി ഹൈക്കോടതി. കേസില്‍ നടന്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ജസ്റ്റിസ് കെ.ബാബുവിന്റെ നേതൃത്വത്തിലുളള ബെഞ്ചിന്റേതാണ് തീരുമാനം.

2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഫ്‌ളാറ്റില്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരിയെയും രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന കേസ് അടക്കം ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസില്‍ ജില്ലാ കോടതി ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് 2021ല്‍ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെയും സമീപിച്ചു.

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് നടത്തി എന്ന് അവകാശപ്പെട്ടാണ് ഉണ്ണി കോടതിയെ സമീപിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട് താന്‍ സമര്‍പ്പിച്ചു എന്ന് പറയുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയത് വ്യാജമാണെന്നും അതിലെ ഒപ്പും തന്റേതല്ലെന്നും പരാതിക്കാരി നേരിട്ടെത്തി ഹൈക്കോടതിയെ ധരിപ്പിക്കുകയായിരുന്നു.

അതേസമയം. യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിട്ടുണ്ട്. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്‍റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.

Articles You May Like

x