പേര് എഴുതാൻ സമയമായിട്ടില്ല, രാജ്യമൊട്ടാകെ താമര തരംഗം, അത് തൃശൂരിലുമുണ്ടാകും: മതിലിൽ താമര വരച്ച് സുരേഷ് ഗോപി

തൃശൂരില്‍ താമര തരംഗം ഉറപ്പ് ,ലോക്‌സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മതിലിൽ താമര വരച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി.സ്ഥാനാര്‍ഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രം വരച്ചാണ് പ്രചാരണം ആരംഭിച്ചത്. അടുത്ത ദിവസം തന്നെ തൃശൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കും. താമര മുഴുവനായി വരച്ചില്ല. ഒരു ഭാഗം മാത്രം വരച്ചു സുരേഷ്ഗോപി. തെരെഞ്ഞെടുപ്പിന്റെ ചുമരെഴുത്ത് പ്രചരണത്തിന് തൃശൂര്‍ വലിയാലുക്കലില്‍ സുരേഷ് ഗോപിയാണ് തുടക്കം കുറിച്ചത്.

കൂര്‍ക്കഞ്ചേരി വലിയാലുക്കലെ മതിലിലാണ് സ്ഥാനാര്‍ത്ഥിയുടെ പേര് ചേര്‍ക്കാതെ സുരേഷ്‌ഗോപി ചുമരെഴുത്തിന് തുടക്കം കുറിച്ചത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാഴ്ച മുമ്പാണ് സ്ഥാനാർഥിയായി വന്നത്. ഇത്തവണ അങ്ങനെയല്ല. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്ന ഉറപ്പാണ് സുരേഷ് ഗോപി നൽകുന്നത് .നേരത്തെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിക്കായി ചുവരെഴുതിയിരുന്നു. പ്രധാനമന്ത്രി തൃശൂരില്‍ പരിപാടിക്കായി എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ നടപടി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പരിപാടികളിലും അല്ലാതെയും സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തിലെ സ്ഥിര സാന്നിധ്യമാണ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സാധാരണ ഒരു ലക്ഷത്തില്‍ താഴെയായിരുന്നു ബിജെപി വോട്ട്. പക്ഷേ, കഴിഞ്ഞ ലോക്‌സഭാ തെഞ്ഞെടുപ്പില്‍ രണ്ടുലക്ഷത്തി തൊണ്ണൂറ്റിമൂവായിരം വോട്ടെത്തി. സുരേഷ് ഗോപിയുടെ താരപ്രഭാവമായിരുന്നു കാരണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങിയെങ്കിലും വിജയിക്കാനായില്ല.

തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയാകുമ്പോള്‍ കോണ്‍ഗ്രസിനായി സിറ്റിങ് എംപി ടിഎന്‍ പ്രതാപനാകും സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന്റെ പേരുമാണ് പരിഗണിക്കുന്നത്.
അതേസമയം, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി. തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം.

വീര സവർക്കർ വന്നാലും ബിജെപി ജയിക്കില്ലെന്ന ടി എൻ പ്രതാപൻ എം പി യുടെ പ്രസ്താവനയ്‌ക്കും സുരേഷ് ഗോപി മറുപടി നൽകി. വീര സവർക്കർ വന്നാൽ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ജനങ്ങളെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. വീര സവർക്കർ വന്നാൽ ജയിക്കുമെന്ന് കോൺഗ്രസുകാർ ഒരിക്കലും പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇത്തവണ കേരളത്തില്‍ വിജയം ലക്ഷ്യമിടുന്ന രണ്ട് സീറ്റുകളാണ് തിരുവനന്തപുരവും തൃശൂരും. തിരുവനന്തപുരത്ത് ആര് സ്ഥാനാർത്ഥിയാകും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെങ്കിലും തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇത് വ്യക്തമാക്കിക്കൊണ്ട് തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടിയുള്ള ചുവരെഴുത്തും തുടങ്ങിക്കഴിഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്നതിനും മാസങ്ങള്‍ക്ക് മുമ്പ് തന്നെയാണ് ഇത്തരത്തിലുള്ള ചുമരെഴുത്തുകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ബി ജെ പി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ പ്രചാരണം തുടങ്ങിയത്. നരേന്ദ്രമോദിയുടെ വരവ് ഒരു തരത്തില്‍ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കല്‍ കൂടി ആയിരുന്നു
.2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ തൃശ്ശൂരില്‍ സുരേഷ് ഗോപി സജീവമാണ്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയായിരുന്നു തൃശൂരില്‍ മത്സരിച്ചത്. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിച്ച് ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടിയ ടിഎന്‍ പ്രതാപന്‍ വിജയിച്ചപ്പോള്‍ 321456 വോട്ടുമായി എല്‍ ഡി എഫിന് വേണ്ടി മത്സരിച്ച സി പി ഐയിലെ രാജാജി മാത്യൂ തോമസ് രണ്ടാമത് എത്തി.

ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ച് നല്‍കി. തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചില സർവ്വേകളില്‍ തൃശ്ശൂരില്‍ ബി ജെ പി വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. ശക്തമായ മത്സരം മണ്ഡലത്തില്‍ നടന്നെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സി പി ഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, 43317 വോട്ടുകളുമായി പത്മജ വേണുഗോപാല്‍ രണ്ടാമതും എത്തി.

Articles You May Like

x