‘ഒന്നായിട്ട് ഒരു വർഷം’; ​പുതിയ വിശേഷം പങ്കുവെച്ച് അമൃത സുരേഷും ​ഗോപി സുന്ദറും

ഐഡിയ സ്റ്റാർ സിം​ഗർ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷ്. പിന്നീട് തൻ്റേയും സഹോദരിയുടേയും ബാൻഡായ അമൃതം ഗമയിലൂടെ കൂടുതൽ ജനശ്രദ്ധ നേടി. ഗായികയ്ക്ക് പുറമെ അവതാരകയായി തിളങ്ങിയ അമൃതയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുളള വിവാഹം ഒരു വർഷം മുൻപ് ആയിരുന്നു കഴിഞ്ഞത്. പിന്നാലെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തിയിരുന്നു. ​ഗോപി സുന്ദറുമൊത്തുള്ള ഫോട്ടോകൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് പങ്കുവച്ചൊരു ഫോട്ടോയാണ് വൈറലാകുന്നത്.

ഇരുവരും ഒന്നായിട്ട് ഒരുവർഷം ആയതുമായി ബന്ധപ്പെട്ടാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വച്ചുള്ളതാണ് ഫോട്ടോ. ഒപ്പം ഒരു വർഷം എന്ന് കുറിച്ച് ഹാർട്ട് ഇമോജിയും ഉൾപ്പെടുത്തിയാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഇരുവർ‌ക്കും ആശംസകളുമായി രം​ഗത്തെത്തിയത്.

2022 മെയ്യിൽ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’, എന്നായിരുന്നു നൽകിയിരുന്ന ക്യാപ്ഷൻ. പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തളും പുറത്തുവന്നു. ഒപ്പം വിമർശനങ്ങളും. ഒടുവിൽ അമൃതയും ​ഗോപി സുന്ദറും വിവാഹിതരാകുകയും ചെയ്തു.

അടുത്തിടെ ‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്’എന്ന് ​ഗോപി സുന്ദറിൻ്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ നിരവധി പേർ കമന്റുകളുമായി എത്തി. പരിഹാസ കമന്റുകളും ഇക്കൂട്ടത്തിൽ വന്നു. പിന്നാലെ അമൃത കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തിരുന്നു. പലപ്പോഴും ഇത്തരം കമന്‍റുകള്‍ക്ക് എതിരെ അമൃതയും സഹോദരി അഭിരാമിയും രംഗത്തെത്തിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

 

 

Articles You May Like

x