ഇന്ത്യക്കാർക്കിത് അഭിമാന നിമിഷം; പുതിയ പാർലമെൻ്റ് മന്ദിരത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

പുതിയ പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം എന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പാർലമെൻ്റ് ഫോട്ടോകൾ ഉൾപ്പടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.

‘ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും അഭിമാനത്തിൻ്റെയും ബഹുമാനത്തിൻ്റെയും നിമിഷം’, എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. #NewParliamentHouse എന്ന ഹാഷ്ടാ​ഗും ഉണ്ണി ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

ഇന്ന് രാവിലെയാണ് പുതിയ പാർലമെൻ്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തി പാർലമെൻ്റ്  മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. 2020 ലാണ് പുതിയ പാർലമെൻറ് മന്ദിരത്തിൻറെ നിർമ്മാണം തുടങ്ങിയത്. 2022ൽ പ്രധാന കെട്ടിടത്തിൻറെ നിർമ്മാണം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെൻറ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്.

അതേസമയം, പുതിയ പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസിവേണുഗോപാൽ രംഗത്തെത്തി. പാർലമെൻ്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. വിമർശനവുമായി സമാജ് വാദി പാർട്ടിയും രംഗത്തെത്തിയിരുന്നു. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തി. പ്രോട്ടോകോൾ ലംഘനം അപമാനകരമെന്നും എസ്പി കുറ്റപ്പെടുത്തിയിരുന്നു.

Articles You May Like

x