ആദ്യമായി ദിലീപേട്ടനെ കണ്ടപ്പോൾ അങ്കിൾ എന്നാണ് വിളിച്ചത്, വൈറലായി കാവ്യയുടെ വാക്കുകൾ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ ആക്ടീവായത്.

ഒരിക്കൽ ഒരു അഭിമുഖത്തിൽ ഈ കൂടിക്കാഴ്ചയെ കുറിച്ച് കാവ്യ പറഞ്ഞിരുന്നു. ആദ്യമായി നേരിൽ കണ്ടപ്പോൾ അങ്കിൾ എന്നാണ് താൻ ദിലീപേട്ടനെ വിളിച്ചതെന്നും അദ്ദേഹം അത് തിരുത്തി ചേട്ടൻ എന്ന് വിളിപ്പിക്കുകയായിരുന്നു എന്നാണ് കാവ്യ പറഞ്ഞത്.

‘കൊച്ചിയിലെ ഒരു പാടത്ത് ദി പ്രസിഡന്റ് എന്ന സിനിമ ഷൂട്ട് ചെയ്യുന്നു. ഇന്നും പുറത്തിറങ്ങാത്ത ആ സിനിമയിൽ മോളി ആണ് ഞാൻ. ഇന്ദ്രൻസേട്ടനുണ്ട് ലൊക്കേഷനിൽ. അതേ ലൊക്കേഷനിൽ ഞങ്ങളുടെ ഷൂട്ടിങ് കഴിഞ്ഞാലുടൻ ഇന്ദ്രൻസേട്ടന് ‘മാനത്തെ കൊട്ടാരത്തി’ന്റെ ഷൂട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ തിരിച്ചു പോവുമ്പോൾ അതാ കലുങ്കിൽ മൂന്നു പേർ. മാനത്തെ കൊട്ടാരത്തിലെ മറ്റു മൂന്നു നായകൻമാർ. ഹരിശ്രീ അശോകൻ, നാദിർഷ, ദിലീപ്. കോമിക്കോളയിലൂടെ എന്നെ ഒരുപാടു ചിരിപ്പിച്ചിട്ടുളളവർ.

ആദ്യമായാണ് ദിലീപേട്ടനെ നേരിൽ കാണുന്നത്. ഞാനും എന്റെ ചേട്ടൻ മിഥുനും ദിലീപേട്ടന്റെ കടുത്ത ആരാധകരാണ്. ഓടിച്ചെന്നു ഞാൻ കലുങ്കിനരികിലേക്ക്. എനിക്കൊരു പരിചയക്കുറവുമുണ്ടായിരുന്നില്ല. അങ്കിൾ എന്നാണ് ഞാൻ ആദ്യം വിളിച്ചത്. ദിലീപേട്ടൻ അപ്പോൾ തന്നെ അതു തിരുത്തി. അങ്കിൾ അല്ല മോളേ ചേട്ടൻ. ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമാണ് ‘കോമിക്കോള’ എന്നു പറഞ്ഞു,’ എന്നും കാവ്യ ഓർമിച്ചു. ‘ഞാൻ ‘ഭൂതക്കണ്ണാടി’യിൽ അഭിനയിക്കുമ്പോൾ ദിലീപേട്ടൻ ഒരു ദിവസം ലൊക്കേഷനിൽ വന്നിരുന്നു. ലോഹിയങ്കിളിനെ കാണാനായി. ലോഹിയങ്കിളിന്റെ ഭാര്യ സിന്ധു ചേച്ചിയുമായി സംസാരിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് എന്നെ കണ്ടു.

ഹായ് കാവ്യ എന്നു പറഞ്ഞു. എനിക്കു സന്തോഷം തോന്നി. എന്നെ മറന്നില്ലല്ലോ? അപ്പോഴേക്കും ദിലീപേട്ടൻ സിനിമയിലും താരമായി മാറിയിരുന്നു. വർഷങ്ങൾക്കു ശേഷം ഏതോ സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ ദിലീപേട്ടൻ പറയുന്നുണ്ടായിരുന്നു. ‘അന്നെന്റെ ഭാഗ്യത്തിനാണ് അങ്കിൾ വിളി മാറ്റിച്ചത്. ഇല്ലെങ്കിൽ എന്തൊരു ഗതികേടായേനെ. ഒരു ചൈൽഡ് ആർട്ടിസ്റ്റിനെയും അങ്കിൾ എന്നു വളിപ്പിക്കാൻ സമ്മതിക്കില്ല.’

പിന്നീട് മീശമാധവനിൽ അഭിനയിക്കുമ്പോൾ സനൂഷയുണ്ട്. സനൂഷ ‘അങ്കിൾ ഞാൻ പോവുകയാണേ’ എന്നു പറഞ്ഞപ്പോൾ സനൂഷയെ അടുത്തേയ്ക്കു വിളിച്ചു പറയുന്നുണ്ടായിരുന്നു, ‘ഇങ്ങു വന്നേ. ഇതു പോലെ അങ്കിൾ എന്നു വിളിച്ചൊരാളാണ് ഇപ്പോൾ നായികയായി അഭിനയിക്കുന്നത്. നാളെ നീയും നായികയാവില്ലെന്ന് ആർക്കറിയാം അതുകൊണ്ട് ചേട്ടാന്നു വിളിച്ചാൽ മതി.’ പറഞ്ഞതുപോലെ സനൂഷ ‘മിസ്റ്റർ മരുമകനിൽ’ നായികയായില്ലേ?,’ എന്നും കാവ്യ മാധവൻ പറയുന്നു.

Articles You May Like

x