മലയാള സിനിമയിലെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ താരം, 20 വർഷങ്ങൾക്ക് ശേഷം സിഐഡി മൂസ വീണ്ടും വരുന്നെന്ന പ്രഖ്യാപനവുമായി ദിലീപ്

കാലാതിർത്തികൾ ഭേദിച്ച് നിൽക്കുന്ന ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. അത്തരം സിനിമകൾ വീണ്ടും വീണ്ടും കാണുമ്പോൾ പുതു ചിത്രം എന്ന തോന്നലാകും സിനിമാസ്വാദകർക്ക് ഉണ്ടാകുക. അവയിലെ ഡയലോ​ഗുകളും പാട്ടുകളും കഥാപാത്രങ്ങളും മനഃപാഠം ആയിരിക്കും. അത്തരത്തിൽ മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി നിലനിൽക്കുന്നു. 2020ൽ സി ഐ ഡി മൂസ വീണ്ടും വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ദിലീപ് പങ്കുവച്ച പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്ക്ക് 20 വയസ് തികഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മാഷപ്പ് വീഡിയോയാണ് ദിലീപ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം മൂസ ഉടൻ എത്തും എന്നും നടൻ കുറിച്ചിരിക്കുന്നു. ഇതോടെ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്.

2020ൽ ആനിമേഷൻ ആയിട്ടാകും മൂസ വീണ്ടും എത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ലോക ആനിമേഷൻ ദിനത്തോട് അനുബന്ധിച്ച് വീഡിയോയും പുറത്തിറക്കിയിരുന്നു. സിഐഡി മൂസയുടെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ പ്രചരിച്ച വാർത്തയാണ്. ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

Articles You May Like

x