അന്വേഷണവുമായി സഹകരിക്കാത്ത പക്ഷം പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം;ദിലീപിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

ടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും കര്‍ശന ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അേേന്വഷണവുമായി സഹകരിക്കാത്ത സാഹചര്യമുണ്ടായാല്‍ പ്രോസിക്യൂഷന് അറസ്റ്റ് നടപടികള്‍ക്ക് വേണ്ടി കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തളളുകയായിരുന്നു. ജസ്റ്റിസ് പി. ഗോപിനാഥന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സാക്ഷികളെ ഒരു വിധത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും പ്രതികള്‍ ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം എടുക്കണമെന്നും കോടതി ജാമ്യ ഉപാധിയില്‍ പറയുന്നു. മാത്രമല്ല, പ്രതികള്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. അതേ സമയം ദലീപിന് ജാമ്യം അനുവദിച്ച കോടതി നടപടി പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ്.ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത് തുടങ്ങിയവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളും ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചു.വിധി വരുന്നതിന് തൊട്ടുമുമ്പ് വരെ ദിലീപിന്റേയും സഹോദരന്റേയും വീടുകള്‍ക്ക് മുന്നിലെത്തിയ ക്രൈംബ്രാഞ്ച് സംഘം വിധി ദിലീപിന് അനുകൂലമായതോടെ മടങ്ങുകയായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു അന്വേഷണസംഘം.

 

ജാമ്യഹര്‍ജി തള്ളിയാല്‍ ദിലീപിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറെടുത്താണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്.ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് സംഘം ഇതേസമയം നിലയുറപ്പിച്ചിരുന്നു.ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം 10നാണ് ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോട് ചോദ്യം ചെയ്യലിനായി മൂന്ന് ദിവസം ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ, ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ ബാലചന്ദ്രകുമാറിനെതിരേ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു. രണ്ട് പേരില്‍ നിന്നും താന്‍ കടം വാങ്ങിയ വലിയൊരു തുക തിരികെ കൊടുക്കാനുണ്ടെന്നും അവരോട് സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വീഡിയോ കോളിലൂടെ ദിലീപ് കള്ളം പറയണമെന്നുമാണ് ബാലചന്ദ്രകുമാര്‍ ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നത്.സി.ഐ ബൈജു പൗലോസിന് വര്‍ഷങ്ങളായി തന്നോട് പകയും വിദ്വേഷവുമുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ദിലീപ് പറയുന്നു. ബാലചന്ദ്രകുമാര്‍ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാന്‍ ബൈജു പൌലോസും ബാലചന്ദ്രകുമാറും എ.ഡി.ജി.പി മുതലുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്നും പ്രതിഭാഗം പറഞ്ഞിരുന്നു.അതേസമയം, കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി ദിലീപിന്റെ ആരാധകരുമെത്തി.ദിലീപിന്റെ വീടിന് മുന്‍പില്‍ ലഡുവിതരണം ചെയ്താണ് ചിലര്‍ രംഗത്തെത്തിയത്.സത്യം ജയിച്ചു എന്നായിരുന്നു വിധി വന്നതിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള പ്രതികരിച്ചത്.

Articles You May Like

x