വീട്ടിൽ ഉള്ളത് കൂടി എടുത്ത് വെളിയിൽ കൊടുക്കുന്ന ആളാണ് അച്ഛൻ, അച്ഛനെ കുറ്റപ്പെടുത്തുന്നത് അജണ്ട ബേസ്ഡാണ്, കുറച്ച് അഴിമതിയൊക്കെ കാണിച്ച് എനിക്കൊരു ഹെലികോപ്ടറൊക്കെ മേടിച്ച് തരുന്ന ആളായിരുന്നെങ്കിൽ വിമർശനങ്ങളെ അത്ര വലിയ കാര്യമാക്കില്ലായിരുന്നു: ഗോകുൽ സുരേഷ് പറയുന്നു

ഇരുപതുകളിലേക്ക് കടന്ന് കുറച്ച് വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും സിനിമയിലേക്കുള്ള വാതിലുകൾ ​ഗോകുലിന് മുമ്പിൽ തുറന്നിരുന്നു. മുത്തു​ഗൗ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. പഴയ സുരേഷ് ​ഗോപിയെ കാണണമെന്ന് ആ​ഗ്രഹിക്കുന്നവർ ​ഗോകുലിനെ നോക്കിയാൽ മതിയെന്നാണ് ആരാധകർ പറയാറുള്ളത്. കഥപാത്രത്തിന്റെ വലിപ്പമോ സിനിമയുടെ ബഡ്ജറ്റോ നോക്കിയല്ല ​ഗോകുൽ സിനിമകൾ തെരഞ്ഞെടുക്കാറുള്ളത്.

അഭിനയിക്കാൻ കിട്ടുന്നത് രണ്ട് സീനുള്ള വേഷമാണെങ്കിലും നന്നായി ചെയ്യണം തേച്ച് തേച്ച് മിനുങ്ങി നല്ല നടനാവണം എന്നത് മാത്രമാണ് ​ഗോകുലിന്റെ പോളിസി. ​സുരേഷ് ​ഗോപിക്കെന്നതുപോലെ ആരാധകർ ​ഗോകുൽ സുരേഷിനുമുണ്ട്. അച്ഛൻ ചെയ്തതുപോലുള്ള മാസ് പടങ്ങളും കഥാപാത്രങ്ങളും ഭാവിയിൽ ​ഗോകുലിൽ നിന്നും സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്. കിങ് ഓഫ് കൊത്ത റിലീസിന് തയ്യാറെടുക്കുമ്പോൾ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള വിശേഷങ്ങൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ​ഗോകുൽ സുരേഷ് പങ്കുവെച്ചിരിക്കുകയാണ്.

അച്ഛനെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന കളിയാക്കലുകളോടും ​ഗോകുൽ പ്രതികരിച്ചു. ‘സ്കൂൾ കാലഘട്ടം തൊട്ട് ഞാൻ പൃഥ്വിരാജ് ഫാനാണ്. ദുൽഖർ മുതൽ ടൊവിനോ വരെ ഇന്നത്തെ യുവ താരങ്ങൾ എല്ലാവരും സൂപ്പറാണ്. ഞാൻ ഭയങ്കര വിനയമുള്ള ആളാണെന്ന് പൊതുവെ ആളുകൾ പറയുമെങ്കിലും എനിയ്ക്ക് അത് തോന്നിയിട്ടില്ല. കോളജ് ടൈമിൽ ഞാൻ അത്യാവശ്യം ചൂടൻ ആയിരുന്നു. എന്നാൽ സിനിമ ലൈഫിലേക്ക് വന്നതോടെ കുറച്ച് ഒതുങ്ങിപോയതായി തോന്നി. സിനിമയുടെ വലിപ്പം മാത്രമല്ലെ പുറത്തുനിന്നുള്ളവർക്ക് അറിയുകയുള്ളൂ. എന്നാൽ ഒരുപാട് കഷ്ടപാടുകൾ നിറഞ്ഞ മേഖലയാണ് സിനിമ. കൊത്തയിൽ എനിക്ക് എന്റേതായ സ്‌പെയ്‌സ് തന്നിട്ടുണ്ട്. അച്ഛന്റേതായ ഒരു ശൈലിയും വേണ്ട എന്ന് തീരുമാനിച്ചിരുന്നു.’

‘വർക്കൊന്നും അവർ കണ്ടിട്ടില്ല. ചെറിയ അഭിപ്രായം ഒക്കെ അവർ പറയും. മൂന്നും, അഞ്ചും, ഏഴും വയസിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ. അമ്മയാണ് പിന്നെ എന്നോട് അഭിപ്രായങ്ങൾ പറയുക. സിനിമ ഫ്ലോപ്പായി നിരാശയുണ്ടായാൽ അമ്മയാണ് ആശ്വസിപ്പിക്കുക. ഇരയിലെ പെർഫോമൻസ് കണ്ടപ്പോൾ നന്നായിയെന്ന് അച്ഛനും പറഞ്ഞിരുന്നു. ഡബ്ബിങ്ങിൽ കുറച്ചുകൂടി ഇരുത്തം വരണമെന്നും അച്ഛൻ സജഷൻ പറഞ്ഞിരുന്നു. സെറ്റിൽ വെച്ച് കണ്ടാൽ ഒരു അപരിചതനെ പോലെയാണ് അച്ഛൻ പെരുമാറുക. അച്ഛൻ എത്ര കഷ്ടപെട്ടിട്ടാണ് നമ്മളെ വളർത്തിയതെന്ന് ഞാൻ സിനിമയിൽ എത്തിയപ്പോഴാണ് മനസിലാകുന്നത്. അതോടുകൂടി അച്ഛനോട് ബഹുമാനം കൂടി.’

‘അച്ഛനെ കുറ്റപ്പെടുത്തുന്നത് അജണ്ട ബെയ്സ്ഡാണെന്ന് നമുക്ക് അറിയാം. അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ച് എനിക്കൊരു ഹെലികോപ്ടറൊക്കെ മേടിച്ച് തരുന്ന ആളായിരുന്നെങ്കിൽ ഈ വിമർശനങ്ങളെ അത്ര വലിയ കാര്യമാക്കില്ലായിരുന്നു. എന്നാൽ അച്ഛൻ അങ്ങനെ അല്ല. വീട്ടിൽ ഉള്ളത് കൂടി എടുത്ത് വെളിയിൽ കൊടുക്കുകയാണെന്നും’, ​ഗോകുൽ സുരേഷ് പറയുന്നു.

Articles You May Like

x