രാധികയെ കണ്ടെത്തിയതിനു ശേഷമാണ് എന്റെ ഒരിഷ്ടം ഇല്ലായ്മ ചെയ്തത്, കുഞ്ഞുങ്ങളെ വളർത്തുക എന്ന ചുമതലയും ഭാരവും എല്ലാം ഏറ്റെടുത്തത് അവളാണ്, സത്യത്തിൽ ഈ അവാർഡ് കൊടുക്കേണ്ടത് അവൾക്കാണ്, അവൾ മൗനത്തിലൂടെ അനുവദിച്ച കാര്യങ്ങൾക്കാണ് ഞാൻ ഈ അവാർഡിലൂടെ അർഹത നേടിയത്: സുരേഷ് ഗോപി പറയുന്നു

ശ്രീകുമാരൻ തമ്പിയുമായുള്ള ആത്മബന്ധം തുറന്നു പറഞ്ഞ് നടന്‍ സുരേഷ് ഗോപി. രാധികയുമായുള്ള തന്റെ വിവാഹ കാര്യത്തിൽ ഉലച്ചിൽ ഉണ്ടായപ്പോൾ ഇടപെട്ടത് ശ്രീകുമാരൻ തമ്പിയാണെന്നും അദ്ദേഹത്തിന്റെ ഒറ്റ വാക്കിലാണ് രാധികയുടെ മുത്തശ്ശിയായ ആറന്മുള പൊന്നമ്മ വിവാഹം ഉറപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. രാധികയെ കണ്ടെത്തിയതിനുശേഷമാണ് തന്റെ ഒരിഷ്ടം ഇല്ലായ്മ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാൻ ആഗ്രഹിച്ചതു നടക്കേണ്ട എന്ന് ചില ആൾക്കാർ തീരുമാനിച്ചു. രാധികയെ കണ്ടെത്തിയതിനു ശേഷമാണ് എന്റെ ഒരിഷ്ടം ഒഴിവാക്കിപ്പിച്ചത്. ഒഴിവാക്കിപ്പിച്ചതല്ല, ഇല്ലായ്മ ചെയ്തത്. അതിൽ ഞാൻ ആരെയും കുറ്റം പറയില്ല. കാരണം ഏറ്റവും വലിയ അനുഗ്രഹമാണ് എനിക്ക് അതുവഴി കിട്ടിയത്. അതുകൊണ്ട് അവരെ കുറ്റം പറയുന്നത് ദൈവദോഷമാണ്.’’ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ‘കാരുണ്യ മാൻ ഓഫ് ദി ഇയർ 2023’ പുരസ്കാരം എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരസ്കാരങ്ങൾ നൽകാനാണ് സാധാരണ ഇങ്ങനെയുള്ള വേദികളിൽ ഞാൻ പോകാറുള്ളത്. എന്റെ പ്രാർഥനയുടെ ഭാഗമായി, പ്രാർഥനാപൂർവം ഞാൻ ചെയ്യുന്ന പ്രവൃത്തിയുടെ ഭാഗമായി, എനിക്ക് ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു നൽകുന്നുണ്ട് എന്ന് നിങ്ങളുടെ മുന്നിൽ വന്ന് നന്ദിപൂർവം ഞാൻ സ്മരിക്കുക മാത്രമാണ് ചെയ്യുക. ശ്രീകുമാരൻ തമ്പി സാറുമായി ഒരുപാട് നാളായുള്ള ബന്ധമാണ്. തമ്പി സാർ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിലുടനീളം നടന്നിട്ടുണ്ട്.

1983 ലാണ് ചാൻസ് അന്വേഷിച്ച് ഞാൻ ശ്രീകുമാരൻ തമ്പി സാറിന്റെ വീട്ടിൽ ചെല്ലുന്നത്. അന്ന് അദ്ദേഹം പറഞ്ഞു, ‘‘ഞാനിങ്ങനെ സൂപ്പർ താരങ്ങളുടെ ഡേറ്റിനു വേണ്ടി കാത്തിരിക്കുന്ന ഒരു സംവിധായകനും നിർമാതാവുമാണ്. ഒരുപാടു തവണ കൈപൊള്ളിയിട്ടുണ്ടെങ്കിലും അവരെക്കൊണ്ടു തന്നെ സിനിമ ചെയ്ത് ആ പൊള്ളലെല്ലാം മാറ്റണം എന്നു കരുതിയാണ് കാത്തിരിക്കുന്നത്. അവരിൽ ആരെങ്കിലും ഡേറ്റ് തന്നാൽ സുരേഷ് ഗോപിക്ക് അതിൽ ഒരു വേഷം തരാം എന്നു മാത്രമേ പറയാൻ സാധിക്കൂ’’. അങ്ങനെ പറഞ്ഞു തുടങ്ങിയ ബന്ധമാണ്. ഞാൻ അവിടെനിന്ന് അത്രയും സന്തോഷമില്ലാതെയാണ് ഇറങ്ങിയതെങ്കിലും അദ്ദേഹം എന്നെ വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞു. ‘‘എടാ സുരേഷേ, ഞാൻ തന്റെ ജീവിതത്തിലും കരിയറിലും എന്താകുമെന്ന് എനിക്കൊരു നിശ്ചയവുമില്ല, പക്ഷേ താൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഉദ്യമത്തിലൂടെ തനിക്ക് അനുഗ്രഹമായി വരാനിരിക്കുന്ന ഒരു സിനിമാ ജീവിതം ഉണ്ട് .താൻ അത് തുടങ്ങിക്കഴിഞ്ഞ് അധികം വൈകാതെ തന്നെ മലയാള സിനിമയുടെ ഒരു സൂപ്പർസ്റ്റാറായി മാറിയിരിക്കും, അതെനിക്ക് ഇപ്പോൾ കാണാനും കഴിയുന്നുണ്ട്.’’ ഇങ്ങനെ അദ്ദേഹം പറഞ്ഞതു മുതൽ തുടങ്ങിയ ഒരു ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ ഓരോ നിമിഷവും അന്വർഥം ആയിക്കൊണ്ടിരിക്കുകയാണ്.

മക്കൾക്കൊപ്പം രാധിക
അവരെ ഞാൻ വളർത്തിയിട്ടില്ല എന്നതാണ് സത്യം. കുഞ്ഞുങ്ങളെ വളർത്തുക എന്ന ചുമതലയും ഭാരവും എല്ലാം ഏറ്റെടുത്തത് അവളാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ പല പ്രശ്നങ്ങളിലേക്കും എനിക്ക് ആഴത്തിൽ ഇറങ്ങാൻ കഴിഞ്ഞു. സത്യത്തിൽ ഈ അവാർഡ് കൊടുക്കേണ്ടത് അവൾക്കാണ്. അവൾ മൗനത്തിലൂടെ അനുവദിച്ച കാര്യങ്ങൾക്കാണ് ഞാൻ ഈ അവാർഡിലൂടെ അർഹത നേടിയത്. വീട്ടിൽ ഇരിക്കുന്ന മഹതിക്കാണ് ഈ അവാർഡ് എന്ന് ഇപ്പോൾ ഈ വേദിയിൽ ഞാൻ അറിയിക്കുകയാണ്.

നമ്മളോട് വിരോധം ഉള്ളവരും ശത്രുക്കളും ഒക്കെ നമ്മളെ ഇപ്പോൾ കുറച്ച് സങ്കടപ്പെടുത്തും, വേദനിപ്പിക്കും. എങ്കിലും അവരെല്ലാം തെറ്റിദ്ധാരണ മാറ്റിവച്ച് ഒരു നാൾ നമ്മുടെ കൂടെ വരും. ആ വിശ്വാസത്തിലാണ് രാഷ്ട്രീയ ജീവിതം ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നത്. അതങ്ങനെ തന്നെയാകും എന്ന ചങ്കുറപ്പ് എനിക്കുണ്ട്.

Articles You May Like

x