പ്രണയം വീട്ടുകാർ കണ്ടുപിടിച്ചത് കാറിലെ ബ്ലൂടൂത്തിൽ തരിണിയുടെ കോൾ കണക്ടായപ്പോൾ, ആ പേര് വെച്ച്‌ സഹോദരി കണ്ടുപിടിച്ചു: അടുത്ത വർഷം വിവാഹമുണ്ടാകുമെന്ന കാളിദാസ് ജയറാം

കാളിദാസ് ജയറാമിനോട് പ്രേക്ഷകർക്ക് പ്രത്യേക താൽപ്പര്യമുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളിൽ ബാലതാരമായി മനം കവർന്ന കാളിദാസ് പക്ഷെ നായക നടനായി മലയാളത്തിൽ എത്തിയപ്പോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പൂമരം, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജാക്ക് ആന്റ് ജിൽ ഉൾപ്പെടെയുള്ള നടന്റെ മലയാള സിനിമകൾ പരാജയപ്പെടുകയായിരുന്നു. എന്നാൽ തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കാളിദാസനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. സിനിമ തിരക്കിനിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാളിദാസ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്. അടുത്തിടെയാണ് തരിണി കലിംഗരായരുമമായുള്ള വിവാഹ നിശ്ചയം നടന്നത്.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തരിണിയുമായുള്ള പ്രണയത്തെക്കുറിച്ച്‌ തുറന്ന് സംസാരിക്കുകയാണ് കാളിദാസ്. ഒരു സുഹൃത്ത് മുഖേനയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല. അത് മനസിലാക്കുകയായിരുന്നു. പ്രണയം വീട്ടുകാർ കണ്ടുപിടിക്കുകയായിരുന്നു. കാറിലെ ബ്ലൂടൂത്തിൽ അവളുടെ ഫോൺകോൾ കണക്ടായി. ആ പേര് വെച്ച്‌ സഹോദരി കണ്ടുപിടിച്ചു. അങ്ങനെത്തന്നെ വീട്ടിൽ പറഞ്ഞു. ഞാൻ തന്നെ പറയാനിരുന്നതായിരുന്നു. പക്ഷെ ഇത് എളുപ്പമായിരുന്നു. തരിണിയുടെ മാതാപിതാക്കളും തന്റെ അച്ഛനെയും അമ്മയെയും പോലെ ചിൽ ആണെന്നും കാളിദാസ് വ്യക്തമാക്കി.

വിവാഹത്തിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ല. പക്ഷെ തീർച്ചയായും അടുത്ത വർഷം വിവാഹമുണ്ടാകുമെന്നും കാളിദാസ് ജയറാം വ്യക്തമാക്കി. അച്ഛൻ ജയറാമിനെക്കുറിച്ചും കാളിദാസ് സംസാരിച്ചു. ഇപ്പോഴും അച്ഛന് നല്ല രീതിയിൽ ഡ്രസ് ചെയ്യും. എന്റർടെയ്ൻ ചെയ്യാൻ ഒരിടം ലഭിച്ചാൽ അദ്ദേഹം വിടില്ല. എല്ലാ വീട് പോലെയുമാണ് എന്റെ കുടുംബവും. അച്ഛനോട് ഒരു കാര്യം പറയാനുണ്ടെങ്കിൽ അമ്മ വഴിയാണ് എത്തുക. സിനിമയെക്കുറിച്ച്‌ വീട്ടിൽ അധികം സംസാരിക്കില്ല. മറ്റ് നിരവധി വിഷയങ്ങൾ സംസാരിക്കാനുണ്ട്.

ഒരുമിച്ചുള്ള സമയം ഞങ്ങൾ ശരിക്കും ആസ്വദിക്കുന്നു. ഒരുമിച്ച്‌ കൂടാനുള്ള സമയം നഷ്ടപ്പെടുത്താറില്ല. സിനിമകളെ ഏറ്റവും കൂടുതൽ വിമർശിക്കാറ് മാളവികയാണ്. പ്രത്യേകിച്ചും എന്നോട്. താനും തിരിച്ച്‌ ചില കാര്യങ്ങളിൽ വിമർശിക്കാറുണ്ടെന്നും കാളിദാസ് ജയറാം പറയുന്നു. സിനിമാ രംഗത്തെ വിശേഷങ്ങളും കാളിദാസ് പങ്കുവെച്ചു. തനിക്ക് നേരെ വരുന്ന വിമർശനങ്ങളിൽ തുടക്ക കാലത്ത് വിഷമം തോന്നുമായിരുന്നു.

പക്ഷെ പിന്നീട് മനസിലാക്കി. എന്റെ വർക്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനിന്ന് വീട്ടിലിരിക്കുന്നുണ്ടാവും. എവിടെയോ ഞാൻ ചെയ്യുന്നത് ശരിയാണ്. നൂറ് പേർ നൂറ് തരത്തിൽ സംസാരിക്കും. അതിൽ ആശങ്കപ്പെടേണ്ടെന്നും കാളിദാസ് ജയറാം വ്യക്തമാക്കി. കാളിദാസിന്റെ വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ചെന്നൈയിലാണ് കാളിദാസും കുടുംബവും താമസിക്കുന്നത്.

Articles You May Like

x