ഇവളെ ഞാൻ വിവാഹം ചെയ്യാൻ പോകുകയാണ്: പൊതുവേദിയിൽ തരിണിയെ ‘പ്രൊപ്പോസ്’ ചെയ്ത് കാളിദാസ് ജയറാം

മോഡൽ തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയം പൊതുവേദിയിൽ വെളിപ്പെടുത്തി കാളിദാസ് ജയറാം. ഷി അവാർഡ് വേദിയിലാണ് തരിണിയെ താൻ വിവാഹം ചെയ്യാൻ പോകുകയാണെന്ന് കാളിദാസ് തുറന്നു പറഞ്ഞത്. പരിപാടിയുടെ പ്രമൊ വിഡിയോയില്‍ വേദിയിൽ വച്ചുള്ള ഇരുവരുടെയും പ്രണയ നിമിഷങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ തരിണി കലിംഗരായര്‍ക്കൊപ്പം എത്തിയതായിരുന്നു കാളിദാസ് ജയറാം. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി കലിംഗരായര്‍ക്കായിരുന്നു.

അവാർഡ് വാങ്ങിയ ഉടനെ നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ലെന്നും അവതാരക പറയുന്നുണ്ട്. ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസിനോട് തരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാൻ പോകുകയായിരുന്നുവെന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് കാളിദാസ് നല്‍കിയ മറുപടി. പിന്നീട് സൂര്യയുടെ ശബ്ദം അനുകരിച്ച് തരിണിയെ പ്രപ്പോസ് ചെയ്യുന്നു. തരിണി കലിംഗരായരെ കാളിദാസ് എടുത്തുയർന്ന രംഗമാണ് പ്രമൊ വിഡിയോയുടെ അവസാനം കാണാനാകുന്നത്.

കഴിഞ്ഞ വർഷമാണ് തരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം അന്ന് പങ്കുവച്ചത്.

തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. അതിനുശേഷം കാളിദാസിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും ഒരു കുടുംബാംഗമായി തരിണിയുടെ സാന്നിധ്യം ഉണ്ടായി. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി.

Articles You May Like

x