പിണറായി സർക്കാർ ക്ഷേമ പെൻഷൻ മുടക്കിയതോടെ മൺചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിയെ അടിമാലിയിലെ വീട്ടിലെത്തി സന്ദർശിച്ച് സുരേഷ് ​ഗോപി, സാഹയവും പിന്തുണയും ഉറപ്പ് നൽകി

പിണറായി സർക്കാർ ക്ഷേമ പെൻഷൻ മുടക്കിയതോടെ മൺചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിക്കരികിൽ സുരേഷ്‌ഗോപി എത്തി. ബിജെപി നേതാക്കൾക്കൊപ്പമാണ് സുരേഷ്‌ഗോപി മറിയക്കുട്ടിയുടെ വീട്ടിൽ എത്തിയത്. സുരേഷ് ഗോപിയെ കണ്ടു നന്ദി അറിയിച്ച മറിയക്കുട്ടിയുയുടെ വാക്കുകൾ ഇങ്ങനെയാണ്,

സാറിനോട് നന്ദി, സാറ് ഇത്ര അദ്ഭുതങ്ങൾ പ്രവർത്തിച്ചേച്ചു പോകുന്നതിൽ എനിക്കു നന്ദി. സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വ‍ൃത്തികെട്ട കാര്യം. അതിൽ ഞങ്ങൾ ദുഃഖിച്ചിരിക്കുവായിരുന്നു മറിയകുട്ടി പറഞ്ഞു. കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താൻ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. ബി.ജെ.പിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുന്നു. തനിക്ക് മഞ്ഞ കാർഡ് ഇല്ല. അത് സി.പി.എം-കാർക്കുള്ളതാണ്. ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താൻ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മറിയക്കുട്ടി ആരോപിച്ചു.

പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നുണ്ടെന്ന് സുരേഷ് ​ഗോപി മറിയക്കുട്ടിയോട് പറഞ്ഞു. ഇത് പാവങ്ങൾക്കുള്ള പെൻഷൻ നൽകാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് ആ രണ്ട് രൂപ നൽകില്ലെന്ന് ജനങ്ങൾ തീരുമാനിക്കണം. ഇന്ത്യൻ ഓയിൽ അടക്കമുള്ള കമ്പനികൾക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതണം. ഈ സർക്കാർ വിശ്വസിക്കാനാവില്ലെന്ന് വ്യക്തമാക്കണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) കഴിഞ്ഞ ചൊവ്വാഴ്ചയാണു ഭിക്ഷയെടുത്തു പ്രതിഷേധിച്ചത്. പിന്നാലെ, മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും ഒന്നരയേക്കർ സ്ഥലവും 2 വീടുകളും ഉണ്ടെന്നും സിപിഎം പ്രചരിപ്പിരുന്നു. ഇവരുടെ മക്കളും സഹോദരങ്ങളും ഉൾപ്പെടെ വിദേശത്തുണ്ടെന്നും ഈ വസ്തുതകൾ മറച്ചുവച്ചാണു ഭിക്ഷ യാചിക്കാൻ ഇറങ്ങിയതെന്നും സിപിഎം ആരോപിച്ചിരുന്നു.

എന്നാൽ, ആരോപണങ്ങളെല്ലാം തെറ്റാണെന്നു മറിയക്കുട്ടി തെളിയിച്ചു. മറിയക്കുട്ടിക്കെതിരെ വാർത്ത നൽകിയതിൽ സിപിഎം മുഖപത്രം ഖേദപ്രകടനം നടത്തി. എന്നാൽ, വിഷയത്തിൽ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നാണ് മറിയക്കുട്ടിയുടെ നിലപാട്.
സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയെ സമീപിക്കും.. വ്യാജപ്രചരണത്തിലെ നിയമനടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മറിയക്കുട്ടി അറിയിച്ചു.

Articles You May Like

x