പത്താം വർഷവും ചോറ്റാനിക്കര പവിഴമല്ലിത്തറയിൽ ചെണ്ടമേളവുമായി നടൻ ജയറാം, 151 കലാകാരന്മാർ നിരന്ന പഞ്ചാരിമേളം നീണ്ടത് രണ്ടര മണിക്കൂർ

തിരുവനന്തപുരം: ചോറ്റാനിക്കരയിൽ പവിഴമല്ലിത്തറ മേളത്തിൽ കൊട്ടിക്കയറി നടൻ ജയറാം. പത്താം തവണയാണ് ചോറ്റാനിക്കര ദേവിയുടെ ശീവേലിക്ക് ജയറാം മേളപ്രമാണിയായത്. മേളം ഉച്ചസ്ഥായിയിലെത്തിയതോടെ ആസ്വാദകരും ആവേശത്തിലായി. ദുർഗ്ഗാഷ്ടമി നാളിൽ ദേവിക്ക് അർച്ചനയായാണ് ജയറാമിന്റെ മേളപ്പെരുക്കം.

ചോറ്റാനിക്കര ദേവിയുടെ ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്ക് മുന്നിൽ നിന്ന് പതിഞ്ഞ കാലത്തിലാണ് ജയറാം കൊട്ടിക്കയറിയത്. മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്. 151 കലാകാരന്മാർ നിരന്ന പഞ്ചാരിമേളം രണ്ടര മണിക്കൂറോളം നീണ്ടു.
രണ്ടും മൂന്നും നാലും കാലങ്ങൾ കയറി അഞ്ചാം കാലത്തിലെത്തിയപ്പോഴാണ് മേളത്തിൽ ആസ്വാദകരും ആവേശത്തിലായത്. കൊവിഡ് കാലത്തെ ഇടവേളയൊഴിച്ചാൽ തുടർച്ചയായ പത്താം തവണയാണ് ജയറാമിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറിയത്.

നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നിരവധി പരിപാടികളാണ് നടക്കുന്നത്. ഇന്നലെ നവരാത്രി മണ്ഡപത്തിൽ നടി ആശാ ശരത്തിന്റെ നൃത്തസന്ധ്യ നടന്നിരുന്നു. ഇന്ന് രാവിലെ 7 മുതൽ നവരാത്രി നൃത്തോത്സവവും 3 മുതൽ 2 വേദികളിലായി വിവിധ കലാപരിപാടികളും നടക്കുകയാണ്. നാളെ രാവിലെ 7.30ന് ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം, 8.30ന് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ മേളത്തോടെ ശീവേലിയും നടക്കും.

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4ന് സരസ്വതി മണ്ഡപത്തിൽ മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജവയ്പ് ചടങ്ങുകൾ തുടങ്ങും. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്.

Articles You May Like

x