ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ എന്താണ് ചെയ്യേണ്ടത്, ജീവിച്ചിരിക്കുമ്പോൾ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് മാപ്പ് പറഞ്ഞാൽ അദ്ദേഹത്തിന് വല്ലതും കിട്ടുമോ, കുറ്റം മുഴുവൻ ഈ 15 സെക്കൻഡ് വിഡിയോ ചെയ്ത ആൾക്ക്; വിനായകൻ വിവാദത്തിൽ ഷൈൻ ടോം

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽമീഡിയ വഴി അധിക്ഷേപിച്ചതിന്റെ പേരിൽ വിനായകൻ മാത്രമാണോ കുറ്റക്കാരൻ എന്ന് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുക്കാത്ത മാധ്യമങ്ങൾക്കെതിരെ കുറ്റമില്ലെന്നും മരണ ശേഷം ഉമ്മൻ ചാണ്ടിയോട് ആരും മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘വിനായകന്റേത് 15 സെക്കൻഡ് മാത്രമുള്ള വിഡിയോയാണ്. വിനായകൻ ആദ്യമായല്ല പ്രസ്താവനകൾ നടത്തുന്നത്. ഇത്രയും കാലം ഉമ്മൻ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവർത്തകരാണ്. ഇത് വെറും 15 സെക്കൻഡ് മാത്രമുള്ള വിഡിയോയാണ്. ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോൾ എന്താണ് ചെയ്യേണ്ടത്? അദ്ദേഹം മരിച്ചതിന് ശേഷം അവർ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോൾ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാൽ അദ്ദേഹത്തിന് വല്ലതും കിട്ടുമോ? അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കൾ അയാളുടെ പാർട്ടി, അയാളുടെ ചുറ്റുമുള്ളവരും ഒക്കെ അനുഭവിച്ചില്ലേ?

ഉമ്മൻ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങളല്ലേ? പുള്ളിയെ ചേർത്തു കഥകൾ മെനഞ്ഞിട്ടും സിഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോൾ കണ്ണീരൊഴുക്കിയത് വച്ചും ചോറുണ്ടു, 15 സെക്കൻഡ് വിഡിയോ ചെയ്ത ഈ വ്യക്തിയെയും വച്ച് ചോറുണ്ടു. ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വ്യക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തി പറഞ്ഞത് (വിനായകൻ) ശരിയാണെന്നല്ല ഞാൻ പറഞ്ഞത്.ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്തു കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്.

ഈ വ്യക്തിക്കു പേരക്കുട്ടികളില്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട് കുറ്റം മുഴുവൻ ഈ 15 സെക്കൻഡ് മാത്രം വരുന്ന വിഡിയോ ചെയ്ത ആൾക്കാണ്. ഒരാൾ ജീവിച്ചിരിക്കുമ്പോഴാണ് സ്വൈര്യം കൊടുക്കേണ്ടത്, അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളിൽ നിന്നും ആരോപണങ്ങളിലേക്ക് പോകുകയായിരുന്നു. എന്നിട്ടും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ല? വിനായകൻ ചെയ്തത് ശരിയാണെന്ന് ഞാൻ പറഞ്ഞില്ല. അത് ചർച്ച ചെയ്യുന്നതിന് മുൻപ് മറ്റുള്ളവർ ഉമ്മൻ ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചർച്ച ചെയ്യുക.’’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഈ പ്രസ്താവന ൈവറലായതോടെ വിമർശകർ ഷൈൻ ടോമിനെതിരെയും രംഗത്തെത്തി. ഈ വിഷയത്തിൽ വിനായകനെ പിന്തുണയ്ക്കരുതായിരുന്നുവെന്നും അത്ര വലിയ തെറ്റാണ് വിനായകൻ ചെയ്തതെന്നുമായിരുന്നു ഇവർ ചൂണ്ടിക്കാണിച്ചത്. ഇതോടെ വിഷയത്തിൽ വിശദീകരണവുമായി ഷൈൻ ടോം വീണ്ടുമെത്തി. താൻ വിനായകനെ പിന്തുണച്ചിട്ടില്ലെന്ന ഷൈൻ ടോം പറഞ്ഞു. ആരും തമ്മിൽ വഴക്കുണ്ടാകാതിരിക്കാൻ പറഞ്ഞതാണെന്നും മുന്നിൽ നടന്ന കാര്യം വിശദീകരിച്ചുവെന്നേയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിലീസായ തന്റെ പുതിയ ചിത്രം കുറുക്കന്റെ പ്രൊമോഷന് വേണ്ടി തിയറ്ററിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഞാൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല. ആരും തമ്മിൽ അടിപിടി ഉണ്ടാകാതിരിക്കാൻ പറഞ്ഞെന്നേയുള്ളൂ. നമ്മുടെ മുന്നിൽ നടക്കുന്ന കാര്യങ്ങൾ ഒന്ന് വിശദീകരിച്ചുവെന്നുയുള്ളു. ഞാൻ വിനായകനെയും സപ്പോർട്ട് ചെയ്തിട്ടില്ല അതിനു മുന്നെയുള്ളവരെയും സപ്പോർട്ട് ചെയ്തിട്ടില്ല. മോശമായി സംസാരിക്കുന്നത് ചിലപ്പോൾ മറ്റുള്ളവർക്ക് വേദനയുണ്ടാക്കും. അദ്ദേഹത്തെ നിരന്തരമായി വേദനിപ്പിച്ചവരെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. ഈ വിഷയത്തിൽ അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.’’–ഷൈൻ ടോം ചാക്കോ പറഞ്ഞു.

Articles You May Like

x