99 പ്രശ്നങ്ങളും എന്റെ ഒരു പരിഹാരവും, ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്: സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ മറുപടി ചിത്രവുമായി സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ്

സമൂഹമാധ്യമങ്ങളിലും മറ്റും സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ഇളയ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തന്നെ ചേർത്തുപിടിച്ച് അച്ഛൻ കവിളില്‍ കടിക്കുന്ന ചിത്രമാണ് മാധവ് പങ്കുവച്ചത്. ‘‘99 പ്രശ്നങ്ങളും, എന്റെ ഒരു പരിഹാരവും. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്’ എന്നും ചിത്രത്തിനൊപ്പം എഴുതിയിട്ടുണ്ട്.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ, വിമർശകർക്കുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മറുപടിയാണ് ഈ ചിത്രമെന്നാണ് ആരാധകർ പറയുന്നത്. നേരത്തേ സിനിമാ രംഗത്തുനിന്നു ബാബുരാജ്, പൊന്നമ്മ ബാബു, മേജർ രവി, ജ്യോതികൃഷ്ണ, ബീന ആന്റണി, സാധിക വേണുഗോപാൽ തുടങ്ങിയവർ സുരേഷ് ഗോപിക്കു പിന്തുണ നൽകി എത്തിയിരുന്നു.

സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഇളയ ആളാണ് മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിൽ അതിഥി വേഷത്തിലാണ് മാധവ് അഭിനയത്തിൽ അരങ്ങേറിയത്. വിന്‍സന്റ് സെൽവ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെ നായകനാകുന്നു. സിനിമ അടുത്ത വർഷം തിയറ്ററുകളിലെത്തും. കൂടാതെ അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ‘ജെഎസ്കെ’ എന്ന ചിത്രത്തിലും മാധവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അതേസമയം മകൾ ഭാഗ്യയുടെ വിവാഹ തയാറെടുപ്പിലാണ് സുരേഷ് ഗോപിയുടെ കുടുംബം. 2024 ജനുവരി 17 ന് ഗുരുവായൂരിലാണ് ഭാഗ്യയുടെയും ബിസിനസുകാരനായ ശ്രേയസ് മോഹന്റെയും വിവാഹം. സുരേഷ് ഗോപിയുടെ ഏറ്റവും ഇളയമകൾ ഭാവ്നി ഫാഷൻ ഡിസൈനർ ആണ്.

‘ഗരുഡൻ’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുള്ളത്. സുരേഷ് ഗോപിയും ബിജു മേനോനും വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തുന്ന സിനിമയ്ക്ക് തിരക്കഥ നിർവഹിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ചിത്രം നവംബര്‍ മൂന്നിന് തിയറ്ററുകളിലെത്തും.

Articles You May Like

x