ഡോ. വന്ദന ദാസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി മാതാപിതാക്കള്‍, പൊട്ടിക്കരഞ്ഞ് അമ്മ,ആശ്വസിപ്പിച്ച് ഗവര്‍ണര്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സര്‍ജന്‍ വന്ദന ദാസിന് ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് മാതാപിതാക്കള്‍ ഏറ്റുവാങ്ങി.

ഏറെ വികാരനിര്‍ഭരമായിരുന്ന ഒരു ചടങ്ങായിരുന്നു അത്. ഗവര്‍ണറില്‍ നിന്ന് ഡോക്ടര്‍ വന്ദന ഏറ്റുവാങ്ങേണ്ടതായിരുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് വന്ദനയുടെ അച്ഛനും അമ്മയും ഏറ്റുവാങ്ങിയത്. ബിരുദമേറ്റ് വാങ്ങിയ ശേഷം അമ്മ വിതുമ്പിക്കരഞ്ഞപ്പോള്‍ വന്ദനയുടെ അച്ഛനെയും അമ്മയെയും ചേര്‍ത്ത് പിടിച്ച് ഗവര്‍ണര്‍ ആശ്വസിപ്പിച്ചു.

അതേസമയം, ജോലിയോടുള്ള ആത്മാര്‍ത്ഥമായ സമീപനം ഉണ്ടായിരുന്ന കുട്ടിയായിരുന്നു വന്ദന, ഇനി ആര്‍ക്കും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ വച്ച് നടന്ന ചടങ്ങില്‍ഗവര്‍ണ്ണര്‍ പറഞ്ഞു. ചടങ്ങ് തീര്‍ന്ന് പുറത്തിറങ്ങാന്‍ നേരം ആശ്വസിപ്പിക്കാനെത്തിയ അധ്യാപകരോട് വന്ദനയുടെ മാതാപിതാക്കള്‍ നിറ കണ്ണുകളോടെ ചോദിച്ചു- ”അവളില്ലാതെ ഞങ്ങള്‍ക്ക് ഇനി എന്തിനാണ് ഈ ബിരുദം… ഇതും അവളുടേതായിരുന്നല്ലോയെന്ന്”…

മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ വന്ദനാദാസ് അതി ദാരുണമായി കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പോലീസെത്തിച്ച പ്രതി ഡോക്ടറെ കത്രിക കൊണ്ട് കുത്തുകയായിരുന്നു.

Articles You May Like

x