അസഭ്യവർഷത്തോടെ ഇൻജെക്ഷൻ ട്രേ തട്ടിത്തെറിപ്പിച്ചു, ആക്രോശിച്ചു കൊണ്ട് വലതു കയ്യിൽ ശക്തിയായി പിടിച്ചു; കോട്ടയത്ത് നേഴ്സിന് നേരെ രോഗിയുടെ ക്രൂരമായ ആക്രമണം

മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിയ മരണമായിരുന്നു ഡോ വന്ദന ദാസിൻ്റെത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിലാണ് വന്ദന കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം വലിയ പ്രതിഷേധം തന്നെ ഉയർന്നു വന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെ ആയിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം നടന്നത്. താൽക്കാലിക ജീവനക്കാരിയായ നേഖാ ജോണിനാണ് മർദനമേറ്റത്. ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദനം. പൂഞ്ഞാർ കുന്നോന്നി സ്വദേശിനിയായ നേഖാ ജോൺ ചികിത്സയെ തുടർന്ന് അവധിയിലാണ്.

ആക്രോശിച്ചു കൊണ്ടാണ് അയാൾ എന്റെ നേർക്കു വന്നത്. അസഭ്യവർഷത്തോടെ ഇൻജെക്ഷൻ ട്രേ തട്ടിത്തെറിപ്പിച്ചു. വലതു കയ്യിൽ ശക്തിയായി പിടിച്ചു തിരിച്ചു. മഗ് എടുത്തെറിഞ്ഞു. ഭാഗ്യം കൊണ്ടാണു കൊള്ളാതെ പോയത്. പ്രകോപനം ഇല്ലാതെയായിരുന്നു ആക്രമണം. ഇപ്പോഴും അക്കാര്യങ്ങൾ ഓർക്കുമ്പോൾ ഭയമാണ്.

തലയിലെ മുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ആ രോഗി ചികിത്സയ്ക്കു വന്നത്. 9നു പുലർച്ചെ 5.30ന് ആയിരുന്നു ആക്രമണം. മരുന്നു കൊടുക്കാനായി ചെന്നപ്പോൾ മുതൽ അസഭ്യവർഷമായിരുന്നു. എനിക്കു നിന്റെ മരുന്നു വേണ്ടെന്ന് അലറിക്കൊണ്ടിരുന്നു. സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ എന്റെ വലതുകൈ ഇടത്തേക്കു പിടിച്ച് തിരിച്ചൊടിച്ചു. നിലവിളി കേട്ടാണു മറ്റു രോഗികളുടെ കൂട്ടിരുപ്പുകാരും സഹപ്രവർത്തകരും ഓടിയെത്തിയത്. അപ്പോഴും എന്റെ കയ്യിൽ ബലമായി അയാൾ പിടിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് കയ്യിലെ പിടിത്തം വിടുവിച്ചത്.

അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ കൈ നീരുവച്ചു തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ കൈക്കു പൊട്ടലുണ്ടെന്നു കണ്ടെത്തി പ്ലാസ്റ്ററിട്ടു. ഒന്നര മാസത്തെ വിശ്രമമാണു പറയുന്നത്. ശസ്ത്രക്രിയയ്ക്കും നിർദേശിച്ചിട്ടുണ്ട്. തുടർന്നാണ് വിവരം ആശുപത്രി അധികൃതരെയും ഗാന്ധിനഗർ പൊലീസിനെയും അറിയിച്ചത്. നേഖാ ജോൺ പറയുന്നു.

Articles You May Like

x