മരണശേഷവും തങ്ങളുടെ പ്രയാസങ്ങൾ നിവേദനമായി ഉമ്മൻചാണ്ടിയെ അറിയിച്ച് ജനങ്ങൾ, പുതുപ്പള്ളിയിൽ നിന്ന് പുറത്തുവരുന്നത് കേരള രാഷ്ട്രീയത്തെയും മലയാളികളെയും അമ്പരപ്പിക്കുന്ന സംഭവങ്ങൾ

ഇതുവരെ കേരളക്കര കണ്ടതിൽ നിന്ന് വ്യത്യസ്തമായ യാത്രയയപ്പ് ആയിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേത്. കഴിഞ്ഞ മാസം അന്തരിച്ച ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ഇന്നും വിശ്വാസികളുടെ ഒഴുക്കാണ്. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ജനകീയ പ്രതിച്ഛായയ്ക്ക് മരണശേഷവും മങ്ങലേൽക്കുന്നില്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ കല്ലറയ്ക്ക് മുന്നിൽ കാണപ്പെടുന്ന വിശ്വാസികളുടെ നീണ്ട നിര. ജനസമ്പർക്ക പരിപാടി പോലെ തൽസമയം പരിഹാരം കാണുന്നില്ലെങ്കിലും ഉമ്മൻചാണ്ടി തങ്ങൾക്കുവേണ്ടി സ്വർഗ്ഗത്തിൽ മധ്യസ്ഥത വഹിക്കും എന്നും പ്രശ്നങ്ങൾക്ക് തീർപ്പുണ്ടാകുമെന്ന് ആണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ പലരും കരുതുന്നത്. സമീപകാലത്ത് ഇത് ആദ്യമായാണ് കേരളത്തിൽ ഒരു പ്രമുഖന്റെ കബറിടം തീർത്ഥാടക കേന്ദ്രമായി ഉയരുന്നത്

ഇതിനോടനുബന്ധിച്ച് തന്നെ ഉമ്മൻചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ചർച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം എറണാകുളത്ത് ഡിസിസി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആയിരുന്നു ഇത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്. ഉമ്മൻചാണ്ടിയെ ഓർത്തഡോക്സ് സഭ വിശുദ്ധനാക്കുമോ എന്ന് തന്നോട് പലരും ചോദിക്കുന്നു എന്നായിരുന്നു സതീശൻ ഈ വേളയിൽ പറഞ്ഞത്. ജനങ്ങളുടെ മനസ്സിൽ അദ്ദേഹം ഇതിനോടകം തന്നെ പുണ്യാളൻ ആയിട്ടുണ്ടെന്നും വൈദികരെയും മെത്രാന്മാരെയും മാത്രം വിശുദ്ധരാക്കുന്നതാണ് ഓർത്തഡോക്സ് സഭയുടെ കീഴ് വഴക്കം എന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ താൻ നിസ്സഹായനാണെന്നും ഓർത്തഡോക്സ് സഭ ഈ കീഴ് വഴക്കം മറികടക്കണം എന്നുമായിരുന്നു സീറോ മലബാർ സഭ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുടെ അഭിപ്രായം.

ഉമ്മൻചാണ്ടിയുടെ മൃതദേഹം അടക്കം ചെയ്ത പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് വിശ്വാസികളുടെയും പ്രവർത്തകരുടെയും ഒഴുക്ക് തുടരുകയാണ്. സാധാരണ കുടുംബ കല്ലറയിൽ നിന്ന് മാറി വൈദ്യരുടെ കല്ലറയ്ക്ക് അടുത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. പലരും കടലാസിൽ എഴുതിയ നിവേദനങ്ങളും കല്ലറയിൽ നിക്ഷേപിച്ചാണ് തിരികെ മടങ്ങുന്നത്. ഭരണങ്ങാനവും രാമപുരവും അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് പുതുപ്പള്ളിയിൽ നിന്ന് പുറത്തുവരുന്നത്. സോഷ്യൽ മീഡിയയിലും ഉമ്മൻചാണ്ടിയുടെ വിശുദ്ധ പദവിക്കുള്ള സാധ്യതകൾ ചർച്ചചെയ്യുന്നുണ്ട്. അതേസമയം തന്നെ പ്രിയപ്പെട്ട നേതാവ് മരിച്ചു എന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടാത്ത വലിയ ഒരു വിഭാഗവും പുറത്തുണ്ട്. അദ്ദേഹം മരിച്ചിട്ടില്ലെന്നും ഞങ്ങളിലൂടെ ജീവിക്കുന്നു എന്നുമാണ് പലരും ഇന്നും പറയുന്നത്.

Articles You May Like

x