ഉമ്മൻ ചാണ്ടീ, വീ മിസ് യു….ഭാര്യ മറിയാമ്മ ഉമ്മൻ്റെ അടുക്കലെത്തി ആ നാലു വയസ്സുകാരി പറഞ്ഞു ‘അപ്പച്ചനു വേണ്ടി ഞാൻ പ്രാർഥിച്ചോളാം’; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആദരവുമായി ആൾപ്രവാഹം

കോട്ടയം പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കു മുകളിലുണ്ട് ഇപ്പോഴും ഒരു വലിയ നിവേദനം: ‘ഉമ്മൻ ചാണ്ടീ, ഈ നാടിനു വേണ്ടി പ്രാർഥിക്കണേ’ എന്ന് കുട്ടികൾ എഴുതി ഒപ്പിട്ടു നൽകിയ നിവേദനമാണത്. എല്ലാ നിവേദനങ്ങളും സ്വീകരിച്ച് പരിഹാരം കണ്ടിരുന്ന ഉമ്മൻ ചാണ്ടിയോടുള്ള അവരുടെ സ്നേഹവും വിശ്വാസവും വെളിപ്പെടുത്തുന്ന അവസാന നിവേദനം. അതിനു സമീപംതന്നെ കുഞ്ഞുങ്ങൾ ‘വി മിസ് യൂ’ എന്നെഴുതി നിറം നൽകിയ കടലാസുമുണ്ട്. വിലാപയാത്രയ്ക്കിടെ ലഭിച്ചവയാണിവ.

കല്ലറയുടെ മുന്നിൽ നാലു വയസ്സുകാരി അവന്തിക മെഴുകുതിരി കത്തിച്ചു. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ അടുക്കലെത്തി. കുഞ്ഞിക്കൈകളിൽ പിടിച്ചപ്പോൾ അവൾ പറഞ്ഞു ‘അപ്പച്ചനു വേണ്ടി ഞാൻ പ്രാർഥിച്ചോളാം’. അതുകേട്ട് ഒരുനിമിഷം എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. അവന്തികയുടെ അമ്മ രേണു ശ്രീജിത്തും മൂത്തമകൾ അനന്യയും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ സമീപം നിന്നു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ധാരാളം ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. പാദരക്ഷകൾ പുറത്തിട്ട് ആദരപൂർവം കല്ലറയ്ക്കു പ്രദക്ഷിണം വച്ച് പോകുന്നവർ ധാരാളം. നാലമ്പല ദർശനത്തിന് ആറ്റിങ്ങലിൽ നിന്നെത്തിയ സംഘവും പ്രിയനേതാവിന്റെ കല്ലറയിൽ അഞ്ജലീബദ്ധരായി. കണ്ണൂരിൽ നിന്നെത്തിയ സുഹൈലും കായംകുളത്തു നിന്നെത്തിയ ജുനൈദും കുടുംബവും പറഞ്ഞു: ‘അദ്ദേഹവുമായി ഒരു തരത്തിലും ബന്ധമില്ല. എങ്കിലും മൂവാറ്റുപുഴയിൽനിന്നു വരുന്ന വഴി ആ കല്ലറയ്ക്കരികിൽ എത്തണമെന്ന് തോന്നി.’ കല്ലറയ്ക്കു സമീപം ഇരുമ്പുവേലി കെട്ടി പ്രവേശനം നിയന്ത്രിച്ചിരുന്നു. എന്നാൽ ജനങ്ങളെ അദ്ദേഹത്തിന്റെ അടുത്തേക്കു ചെല്ലാൻ അനുവദിക്കണമെന്ന ഭാര്യ മറിയാമ്മയുടെ അഭ്യർഥന മാനിച്ച് നിയന്ത്രണങ്ങൾ ഒഴിവാക്കി.

അതേസമയം, മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകൻ കെ.പി.കൃഷ്ണകുമാർ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പ്രാർഥന നടത്തി. രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയായിരിക്കണമെന്ന വ്യക്തമായ സന്ദേശമാണ് ഉമ്മൻ ചാണ്ടി ജീവിതം കൊണ്ടു നൽകിയതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടിയാകാനാണു ശ്രമിക്കേണ്ടത്. ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് അവർ നൽകിയ പ്രതിഫലമാണ് വിലാപയാത്രയിലും സംസ്കാരച്ചടങ്ങിലും കടൽ പോലെ ജനമെത്തിയത്. ആരെയും നിർബന്ധിച്ച് അവിടേക്ക് അയച്ചതായിരുന്നില്ല. സ്വമനസ്സാലെ ജനം അവിടേക്കൊഴുകുകയായിരുന്നു എന്നു കൃഷ്ണകുമാർ പറഞ്ഞു.

Articles You May Like

x