പോലീസുകാർക്ക് രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ ? സുരേഷ് ​ഗോപി

ഡോ വന്ദന ദാസിൻ്റെ ദാരുണമായ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. വന്ദന പൊലീസുകാരുടെ ബന്ധുവായിരുന്നെങ്കിൽ 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോയെന്ന് സുരേഷ് ​ഗോപി ചോദിച്ചു.

‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ? ഇത് എൻ്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ.’ – സുരേഷ് ഗോപി പറഞ്ഞു.

ഇന്നലെ പുലർച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി വൈദ്യ പരിശോധനയ്ക്കിടെ ഡോ. വന്ദനയെ(25) കൊലപ്പെടുത്തിയത്. നെടുമ്പന ഗവ. യു.പി സ്‌കൂൾ അധ്യാപകനായ വെളിയം ചെറുകരണക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾക്ക് മാനസിക അസ്യാസ്ഥ്യമുള്ളതായിട്ടാണ് പൊലീസിന്റെ പ്രാഥമിക വിവരം. കെ.ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വന്ദനയുടെ ഇന്നലെ രാത്രി എട്ട് മണിയോടെ മുട്ടുചിറയിലെ വീട്ടിലെത്തിച്ചിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കോട്ടയം മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.

വൻ ജനാവലിയാണ് വന്ദന അവസാനമായി കാണാൻ മുട്ടുചിറയിലെത്തിയിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും വന്ദനയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കൽ കോളേജിലും പൊതുദർശനമുണ്ടായിരുന്നു. എല്ലായിടങ്ങളിലും നിരവധി പേരാണ് വന്ദനയെ അവസാനമായി കാണാനെത്തിയത്.

Articles You May Like

x