സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതി: സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി

സാമ്പത്തിക  ബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽകർഷകന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് അയച്ച സംഭവത്തിൽ സഹായവുമായി മുംബൈ മലയാളി. ഇന്ന് അടയ്‌ക്കേണ്ട 17,600 രൂപ അദ്ദേഹം കുടുംബത്തിന് കൈമാറി. നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനമായി തന്റെ സഹായത്തെ കരുതിയാൽ മതിയെന്ന് പേര് വെളിപ്പെടുത്താനാകാത്ത ഇദ്ദേഹം പ്രതികരിച്ചു.

പട്ടികജാതി, പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നും എടുത്ത വായ്പ കുടിശിക ആയതോടെയാണ് നോട്ടീസ് ലഭിച്ചത്. കുടിശിക തുകയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്. മന്ത്രി കെ. രാധാകൃഷണനും വായ്പയിൽ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാൻ എസ്‌സി എസ്ടി കോർപറേഷന് നിർദേശം നൽകി.

തകഴി കുന്നുമ്മയിലെ കർഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിനാണ് എസ്‌സി എസ്ടി കോർപറേഷൻ നോട്ടിസ് അയച്ചത്. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടിസ് അയച്ചതിൽ കോർപറേഷൻ എംഡിയോട് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പാട്ടത്തിനെടുത്ത മൂന്നര ഏക്കർ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെത്തുടർന്ന് 2023 നവംബർ 11നാണ് പ്രസാദ് ജീവൻ ഒടുക്കിയത്. പ്രസാദിന്റെ മരണത്തിലേക്ക് നയിച്ച കാരണം ഉൾപ്പെടെ കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും കൃഷിയിൽ നിന്നുണ്ടായതാണ്.

പ്രസാദ് മരിച്ചതോടെ കുടുംബം തീർത്തും അനാഥമായി. ചില ബന്ധുക്കളുടെ സഹായത്താൽ ആണ് കുടുംബം കഴിയുന്നത്. ഭാര്യ ഓമനയും വിദ്യാർത്ഥിയായ മകൻ അധിനിക്കും മകൾ അധീനയും മാത്രമാണ് വീട്ടിൽ താമസം.

Articles You May Like

x