ഹെൽമറ്റും ജാക്കറ്റും ധരിച്ച് പുരുഷ വേഷത്തിൽ വന്ന് അമ്മായിഅമ്മയെ അടിച്ചുകൊന്ന് മരുമകൾ, കാരണമിത്

വീട് മാറിയിട്ടും കുടുംബ പ്രശ്നം അവസാനിക്കാതെ ആയതിന് പിന്നാലെ അമ്മായി അമ്മയെ വേഷം മാറിയെത്തി ക്രൂരമായി കൊലപ്പെടുത്തി മരുമകൾ. തിരുനെൽവേലിയിലാണ് സംഭവം. അമ്മായി അമ്മയുടെ വീട്ടിൽ മകൻറെ വേഷങ്ങളണിഞ്ഞാണ് മരുമകൾ കൊലപാതകത്തിനായി എത്തിയത്. വീട്ടിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. തിങ്കളാഴ്ച രാവിലെയാണ് 58കാരിയായ സീതാലക്ഷ്മിയെ തലയിൽ നിന്ന് രക്തമൊഴുകുന്ന നിലയിൽ തിരുനെൽവേലിയിലെ വീട്ടിൽ കണ്ടെത്തിയത്.

ഇരുമ്പ് വടി കൊണ്ടുള്ള മർദ്ദനത്തിൽ തല തകർന്ന അവസ്ഥയിലായിരുന്നു സീതാലക്ഷ്മിയുണ്ടായിരുന്നത്. തുലുകാകുളം പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ഭർത്താവ് ഷൺമുഖ വേലാണ് ഭാര്യയെ അവശനിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുനെൽവേലിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ഭർതൃപിതാവിൻറെ നിലവിളി കേട്ട് അമ്മായിഅമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മരുമകളും 28കാരിയുമായ മഹാലക്ഷ്മി പക്ഷേ കൊലപാതകത്തിന് പിടിയിലാവുന്നത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്. ഷൺമുഖ വേൽ തൊഴുത്തിലേക്ക് പോയതിന് പിന്നാലെയാണ് വീട്ടിലേക്ക് ട്രാക്ക് സ്യൂട്ടും ഹെൽമറ്റും ധരിച്ചൊരാൾ കയറുന്നത് വീടിന് മുൻപിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇരുമ്പ് പൈപ്പുമായി വീട്ടിലേക്ക് കയറിയ ആൾ പെട്ടന്ന് തന്നെ പുറത്തിറങ്ങിപ്പോവുന്നതും ദൃശ്യങ്ങളിലുണ്ട്.

പിന്നാലെ തൊഴുത്തിൽ നിന്ന് ഷൺമുഖ വേൽ എത്തി പരിക്കേറ്റ് കിടക്കുന്ന ഭാര്യയെ കണ്ട് നിലവിളിക്കുമ്പോൾ സഹായിക്കാനും മഹാലക്ഷ്മി എത്തുന്നുണ്ട്. അന്വേഷണത്തിൻറെ ആദ്യഘട്ടങ്ങളിൽ അമ്മായി അമ്മയുടെ മാല തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടയിലാണ് അക്രമം ഉണ്ടായതെന്ന് പൊലീസിനെ തെറ്റിധരിപ്പിക്കാനും മഹാലക്ഷ്മി ശ്രമിച്ചിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരോടും മഹാലക്ഷ്മി മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പറഞ്ഞിരുന്നു. എന്നാൽ മഹാലക്ഷ്മിയും സീതാലക്ഷ്മിയും സ്ഥിരമായി കലഹിക്കാറുണ്ടെന്നും വീട് വരെ മാറേണ്ട സാഹചര്യമുണ്ടായെന്നും അയൽവാസികൾ പൊലീസിനോട് വിശദമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നത്. പരിശോധനയിൽ അക്രമി ധരിച്ചിരുന്നത് സീതാലക്ഷ്മിയുടെ മകൻ രാമസ്വാമിയുടെ വസ്ത്രമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം സമ്മതിക്കുന്നത്. വീട്ടുകാര്യങ്ങൾ തുടങ്ങി സ്വത്ത് വിഷയത്തിൽ അടക്കമുള്ള തർക്കമാണ് കൊലപാതകത്തിന് പ്രേരണയെന്നാണ് വിലയിരുത്തൽ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളാണ് മഹാലക്ഷ്മി രാമസ്വാമി ദമ്പതികൾക്കുള്ളത്.

 

Articles You May Like

x