ഡ്രൈവിങിനോട് അടങ്ങാത്ത ഇഷ്ടം, ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറായി, ഇന്ന് സ്വിഫ്റ്റ് ബസില്‍ ചീറിപ്പാഞ്ഞ് ഷീന; 16 മണിക്കൂര്‍ ഡ്യൂട്ടിയിലും തളരാതെ ചുങ്കത്തറയിലെ ഈ മിടുക്കി

എടക്കര: ഡ്രൈവിങിനോടുള്ള ഷീനയുടെ മോഹം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, വളരെ ചെറുപ്പത്തില്‍ തന്നെ വളയം പിടിച്ചു തുടങ്ങിയ ഷീനയുടെ യാത്ര ഇന്ന് കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.

ഡ്രൈവിങ് കമ്പമാണ് ഷീന സാം എന്ന യുവതിയെ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍സീറ്റിലിരുക്കിയത്. പിന്നീട് സ്വിഫ്റ്റിലേക്ക് മാറുകയായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസിലെ ഡ്രൈവറാണ് ഷീന.

മലപ്പുറം ചുങ്കത്തറ പുലിമുണ്ട സ്വദേശിനിയാണ് ഈ യുവതി. സംസ്ഥാനത്ത് ആദ്യമായി സ്വിഫ്റ്റ് ബസില്‍ ഡ്രൈവറായി നിയമനം ലഭിച്ച 4 വനിതകളില്‍ ഒരാളുകൂടിയാണ്. സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് ഒരു ദിവസം 224 കിലോമീറ്റര്‍ ദൂരമാണ് ഓടിക്കുന്നത്. 16 മണിക്കൂര്‍ ഡ്യൂട്ടിയാണെങ്കിലും ഇഷ്ടപ്പെട്ട ജോലിയായതിനാല്‍ ക്ഷീണവും തളര്‍ച്ചയൊന്നുമില്ലെന്ന് പറയുകയാണ് ഷീന.

താന്‍ വളരെ സന്തോഷത്തോടെയാണ് ഇത് ചെയ്യുന്നതെന്ന് ഷീന പറയുന്നു. ആദ്യകാലത്ത് വീട്ടിലുണ്ടായിരുന്ന ബൈക്കോടിച്ചാണ് ഡ്രൈവിങ് തുടങ്ങിയത്. പിന്നെ ജീപ്പായി. ഇതുകഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് വാങ്ങിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവറായിട്ടായിരുന്നു മുന്നോട്ടുള്ള കുതിപ്പ്.

തുടക്കത്തില്‍ ടിപ്പര്‍ ഓടിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് കരുതിയെങ്കിലും അതും കൈകളില്‍ ഒതുങ്ങി. പിന്നീട് ഹെവി ലൈസന്‍സ് കരസ്ഥമാക്കിയപ്പോഴാണ് കെഎസ്ആര്‍ടിസിയില്‍ അവസരം അറിഞ്ഞത്. നേരത്തേ എടക്കര മുപ്പിനിയിലെ ഡ്രൈവിങ് സ്‌കൂളില്‍ ജോലി ചെയ്തു വന്നിരുന്ന അന്ന് തൊട്ട് നാട്ടിലെ ഒട്ടേറെ വനിതകള്‍ക്കു ഡ്രൈവിങ് ഗുരുവും പ്രചോദനവുമാണ്. ഷീനയുടെ ഭര്‍ത്താവ് ജിന്‍സന്‍ ശാമുവല്‍ ആണ്. മകന്‍: ഹെയ്ഡന്‍ സാം ജിന്‍സന്‍.

Articles You May Like

x