ജീവിതത്തില്‍ ഒക്കത്തുണ്ടായിരുന്ന കുഞ്ഞനുജത്തി ശാന്തികവാടത്തിലേക്കുള്ള അവസാന യാത്രയിലും മനുവിന്റെ ഒക്കത്തുതന്നെയായിരുന്നു, 33 വർഷം ഏട്ടന്റെ ഒക്കത്തിരുന്നു ലോകം കണ്ട കുഞ്ഞുപെങ്ങൾ വിടപറഞ്ഞു, കണ്ണീരോർമയായി മീനു

ഏട്ടന്റെ ഒക്കത്തിരുന്നു ലോകം കണ്ട മീനു കുട്ടി കഴിഞ്ഞ ദിവസം യാത്രയായി ഏറെ നാളായി ഹൃദയരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മീനു. ഇന്നലെ പുലര്‍ച്ചെയോടെ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു ചികിത്സകള്‍ നടന്നത്. രോഗം ഭേദമാക്കാന്‍ കഴിയില്ലായെന്ന വിവരം അറിഞ്ഞെങ്കിലും മരണത്തിന് കുഞ്ഞനുജത്തിയെ വിട്ടുകൊടുക്കാന്‍ മനു തയ്യാറായില്ല. ഒരു വര്‍ഷം മുമ്പ് തുടര്‍ചികിത്സ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കിടക്കയുടെ അസൗകര്യം ഇവിടെയുള്ളതുകൊണ്ട് ജനറല്‍ ആശുപത്രിയിലായിരുന്നു ചികിത്സ നടന്നത്. കഴിഞ്ഞ ശനിയാഴ്ച രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. മനുവിന് ഒക്കത്തിരുത്തി ലാളിക്കാന്‍ ഇടുപ്പിന് താഴ്ഭാഗം തളര്‍ന്ന കുഞ്ഞനുജത്തി മീനുക്കുട്ടി ഇനിയില്ല. ജീവിതത്തോട് പോരാടിതന്നെയാണ് മീനു വിടപറഞ്ഞത് ഒപ്പം സഹോദര സ്‌നേഹം വാരിക്കോരി മീനു വിനു മനു നൽകുകയും ചെയ്തു

പട്ടം വാര്‍ഡ് മുന്‍ ബിജെപി കൗണ്‍സിലര്‍ രമ്യ രമേശുമായുള്ള മനുവിന്റെ വിവാഹചടങ്ങോടെയാണ് മനുവും ഇടുപ്പിന് താഴോട്ട് തളര്‍ന്ന കുഞ്ഞനുജത്തി മീനുവും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ആഴം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്. കുഞ്ഞനുജത്തിയെ ഒക്കത്തിരുത്തി വിവാഹപന്തലിലെത്തുന്ന മനുവിന്റെ ദൃശ്യം കാഴ്ചക്കാരുടെ കരളലിയിപ്പിച്ചു. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ഒരു സമൂഹം വളരുന്ന സാഹചര്യത്തില്‍ മനുവിന് മീനുവിനോടുള്ള സ്‌നേഹത്തിന്റെ പവിത്രത മറ്റ് എന്തിനെക്കാളും ഏറെയായിരുന്നുവെന്നതാണ്. ജന്മനായുള്ള വൈകല്യമാണ് മീനുവിന്റേത്. ഓര്‍മ്മവെച്ച നാള്‍ മുതല്‍ മനുവിന്റെ എല്ലാമായ അനുജത്തിയാണ് മീനു. എട്ടാം ക്ലാസ്സുവരെ മീനു പഠിച്ചിട്ടുണ്ട്. മനുവിന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അച്ഛന്‍ ഹരീന്ദ്രന്‍നായര്‍ മരിച്ചപ്പോഴും മീനുവിന് അച്ഛന്റേയും സഹോദരന്റേയും സ്‌നേഹം മനു പകര്‍ന്നുനല്‍കി.

മീനു അടുക്കലില്ലാത്ത ജീവിതം മനുവിന് ഉണ്ടായിരുന്നില്ല. ആട്ടോറിക്ഷ ഡ്രൈവറായ മനു ജോലിക്ക് പോകുമ്പോള്‍ ഒഴിച്ച് മറ്റ് വിശേഷങ്ങള്‍ക്ക് എവിടെ പോയാലും അമ്മ രമാദേവിക്കൊപ്പം മീനുവും മനുവിന്റെ ഒക്കത്തുണ്ടാകും. സഹോദരിയെ സംരക്ഷിക്കാന്‍ വിവാഹത്തില്‍ നിന്നു വരെ മനു ഒഴിഞ്ഞുനിന്നു. ഒടുവില്‍ മീനുവിന്റെ ദൃഢമായ തീരുമാനത്തിലായിരുന്നു രമ്യയുമായുള്ള മനുവിന്റെ വിവാഹം നടന്നത്. ഒടുവില്‍ മീനു മരണത്തിന് മുന്നില്‍ കീഴടങ്ങി. ജീവിതത്തില്‍ ഒക്കത്തുണ്ടായിരുന്ന കുഞ്ഞനുജത്തി ശാന്തികവാടത്തിലേക്കുള്ള അവസാന യാത്രയിലും മനുവിന്റെ ഒക്കത്തുതന്നെയായിരുന്നു. മറ്റുള്ളവരെ എടുക്കാന്‍ അനുവദിക്കാതെ മീനുവിന്റെ മൃതശരീരവും ഒക്കത്തിരുത്തി, രമ്യയുടെ അമ്മയ്‌ക്ക് നഗരസഭ ഭവനനിര്‍മാണ പദ്ധതിയില്‍ പുഞ്ചക്കരിയില്‍ നല്‍കിയ വീടിന്റെ പടിവാതില്‍ക്കല്‍ നിന്നിറങ്ങിയ കാഴ്ച ഏവരേയും കണ്ണുനീരിലാഴ്‌ത്തി.

Articles You May Like

x