മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തി പഞ്ചായത്ത് പ്രസിഡന്റ്; ജാതി, മത ഭേദമന്യേ കല്യാണം ആഘോഷമാക്കി നാട്ടുകാർ

മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തണമെന്ന റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശന്റെ ആഗ്രഹം സഫലമായപ്പോൾ അത് പ്ലാപ്പള്ളി ഊരിനും വിവാഹം കൂടാനെത്തിയ അതിഥികൾക്കും സന്തോഷ നിമിഷമായി. പ്രകാശന്റെയും ജയശ്രീയുടെയും മകൾ ആതിരയുടെയും അനന്തകൃഷ്ണന്റെയും വിവാഹവേദിയിലാണ് പ്ലാപ്പള്ളി ഊരിലെ സോമിനിയും രാജിമോനും വിവാഹിതരായത്.

അടൂർ പറക്കോട് അനിൽമന്ദിരത്തിൽ അനിൽകുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് ആതിരയുടെ വരൻ അനന്തകൃഷ്ണൻ.ശബരിമല വനമേഖലയിലെ പ്ലാപ്പള്ളിയിൽ താമസിക്കുന്ന സോമിനിയും ളാഹ മഞ്ഞത്തോട് ഊരിലെ രാജിമോനുമാണ് ദമ്പതികൾ. ഗോത്ര ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ.

ദമ്പതികളെ ഊരിന് പുറത്ത് കൊണ്ടുവന്ന് ജോലി വാങ്ങി നൽകി മിടുക്കരായി മാറ്റാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ് പറഞ്ഞു. അച്ഛൻ തന്ന ഏറ്റവും വലിയ വിവാഹ സമ്മാനമാണിതെന്ന് മകൾ ആതിരയും പറഞ്ഞു. ഊരുമൂപ്പൻ രാജുവും തന്ത്രി മധുദേവാനന്ദയും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മാതാപിതാക്കൾക്കും വിശിഷ്ട വ്യക്തികൾക്കും വധൂവരന്മാർ ദക്ഷിണ നൽകി. ആന്റോ ആന്റണി എം.പി., പ്രമോദ് നാരായൺ എം.എൽ.എ., മുൻ എം.എൽ.എ. രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ ആശംസകൾ നേരാൻ എത്തിയിരുന്നു.

Articles You May Like

x