വൃക്ക തരാൻ ഞാൻ റെഡി…നിസാറിൻ്റെയും ഭാര്യയുടെയും മകളുടെയും മുഖം തന്നെ വല്ലാതെ വേദനിപ്പിച്ചു; വൃക്ക തകരാറിലായ യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ മുന്നോട്ട് വന്ന് മാതൃകയായി വനിതാ പഞ്ചായത്തംഗം

ആലപ്പുഴ: യുവാവിന്റെ വൃക്ക മാറ്റിവെക്കുന്നതിനു സഹായംചെയ്യുന്നത് ആലോചിക്കുന്നതിനുവേണ്ടി നടന്ന യോഗത്തിൽ പഞ്ചായത്തംഗം യാതൊരുസങ്കോചവുമില്ലാതെ പറഞ്ഞു; ഞാൻ വൃക്ക തരാം….. അരൂക്കുറ്റി പഞ്ചായത്ത് മേഖലയിൽ വാടകയ്ക്കുതാമസിക്കുന്ന കായംകുളം കാഞ്ഞിപ്പുഴ സ്വദേശിയായ നിസാറിന്റെ വൃക്ക മാറ്റിവെച്ചു ജീവൻരക്ഷിക്കാനായി തന്റെ വൃക്ക എടുക്കാമെന്നു വാഗ്ദാനംനൽകിയത് അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്തംഗം മുംതാസ് സുബൈറാണ്.

ആറാംവാർഡിനെ പ്രതിനിധാനം ചെയ്യുന്ന മുംതാസ് സുബൈർ അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി വൃക്കയുടെ ലഭ്യതയെക്കുറിച്ചു ചർച്ച വന്നു. വൃക്ക കിട്ടാനുള്ള ബുദ്ധിമുട്ടുകളും ചർച്ചയായി. അപ്പോഴാണ് പഞ്ചായത്തംഗത്തിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള വാക്കുകളെത്തിയത്. യോഗത്തിൽ പങ്കെടുത്ത രോഗിയായ യുവാവിന്റെ ഭാര്യയുടെയും മകളുടെയും മുഖം തന്നെവല്ലാതെ വേദനിപ്പിച്ചതിനാലാണ് ഒന്നുംചിന്തിക്കാതെ വൃക്കനൽകാൻ തയ്യാറായതെന്നു മുംതാസ് സുബൈർ പറഞ്ഞു.

ഭാര്യയുടെയോ മറ്റുബന്ധുക്കളുടെയോ വൃക്ക നിസാറിനു യോജിക്കില്ലെന്നു കണ്ടെത്തിയിരുന്നു. അരൂക്കുറ്റി പഞ്ചായത്ത് 12-ാംവാർഡ് പാണ്ട്യാലപ്പറമ്പ് സുബൈർ കോട്ടൂരിന്റെ ഭാര്യയാണ് മുംതാസ്. രണ്ടാമത്തെ പ്രാവശ്യമാണ് മുംതാസ് ആറാം വാർഡിൽനിന്നു പഞ്ചായത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നത്. സി.പി.ഐ.യെ പ്രതിനിധാനം ചെയ്താണ്‌ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Articles You May Like

x