
മകനാണ് പൈലറ്റ് എന്നറിയാതെ വിമാനത്തിൽ കയറിയ അമ്മ മകനെ കണ്ട് ഞെട്ടി, സന്തോഷം കൊണ്ട് നിലവിളി; വൈറലായി വീഡിയോ
ഈ അമ്മ വിമാനത്തിൽ കയറുവോളം അറിഞ്ഞില്ല, താൻ സഞ്ചരിക്കുന്ന വിമാനത്തിന്റെ പൈലറ്റ് സീറ്റിൽ മകനാണ് ഇരിക്കുന്നതെന്ന്. വിമാനത്തിന്റെ അകത്ത് കയറിയതും ഡോറിനു സമീപത്തായി പുഞ്ചിരിച്ചുകൊണ്ട് നിന്ന മകനെ കണ്ട് അമ്മ ഞെട്ടി. ഒരു നിമിഷത്തെ അന്ധാളിപ്പിനു ശേഷം സന്തോഷം കൊണ്ട് ഉറക്കെ നിലവിളിച്ചു.
ചുറ്റിലും ആരുണ്ടെന്നോ ശബ്ദം ഉറക്കെയായിപ്പോയെന്നു ചിന്തിക്കുകയോ ചെയ്യാതെയുള്ള ഈ പ്രവർത്തി സന്തോഷത്തിന്റെ അങ്ങേയറ്റത്ത് നിൽക്കുന്നതുകൊണ്ടാണെന്ന് കമന്റുകൾ സ്നേഹത്തോടെ പറയുന്നു. മകനെ കെട്ടിപ്പിടിച്ച് സ്നേഹവും സന്തോഷവും പ്രകടിപ്പിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ആ അമ്മ അഭിമാനം കൊണ്ട് നിറഞ്ഞുപോയെന്നും, ആ മുഖത്തെ സന്തോഷം എന്തിനെക്കാലും അമൂല്യമാണ് എന്നുമാണ് കമന്റുകൾ. ‘എന്റെ മകനാണ് ഈ വിമാനത്തിന്റെ പൈലറ്റ് എന്ന് മറ്റ് യാത്രക്കാരോട് പറയുമെന്ന് ഉറപ്പാണ്, അത്രയ്ക്കുണ്ട് ആ അമ്മയുടെ എക്സൈറ്റ്മെന്റ്’ എന്നാണ് മറ്റൊരാൾ കുറിച്ചത്.
അമ്മ ഒപ്പമുള്ളത് കൊണ്ടു തന്നെ ഏറ്റവും മികച്ച രീതിയിലായിരിക്കും ഇന്ന് ഫ്ളൈറ്റ് പറക്കുക എന്നും തമാശയായി പലരും കമന്റ് ചെയ്തു. ഞാനും ഒരമ്മയാണെന്നും മകൻ പൈലറ്റ് ആവാനുള്ള പഠനത്തിലാണെന്നും, ഇതു പോലൊരു നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയാണെന്നും ഒരു സ്ത്രീ കമന്റ് ചെയ്തു. കാണുന്നവരുടെ മനസ്സും കണ്ണും നിറഞ്ഞു എന്നാണ് കമന്റുകൾ പറയുന്നത്.