‘അങ്ങനെ അവസാനം അത് സംഭവിച്ചു’; വിവാഹ ഗോസിപ്പിൽ പ്രതികരണവുമായി റെനീഷയും വിഷ്ണുവും

ബിഗ് ബോസ് മത്സരാർഥികളായിരുന്ന റെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാകുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി താരങ്ങള്‍. അതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും യൂട്യൂബ് ചാനലിലൂടെ വിഷ്ണുവും റെനീഷയും പറയുന്നു. റെനീഷയുടെയും വിഷ്ണുവിന്റെയും ഒരു ബ്രൈഡൽ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തിൽ വാര്‍ത്തകൾ പ്രചരിച്ചത്. ഗോസിപ്പുകളോട് രസകരമായ രീതിയിലായിരുന്നു ഇരുവരുടെയും പ്രതികരണം.

‘‘അങ്ങനെ അവസാനം അത് സംഭവിച്ചു’’ എന്ന തലക്കെട്ടോടെയായിരുന്നു വിഷ്ണു പുതിയ വിഡിയോ പങ്കുവച്ചത്. വൈറലായ ഫോട്ടോഷൂട്ടിനിടയിൽ നിന്നുള്ള ഇരുവരുടെയും രസകരമായ നിമിഷങ്ങൾ വിഡിയോയിൽ കാണാം. ഈ ഫോട്ടോഷൂട്ട് പുറത്തുവന്നാൽ നിരവധി ഗോസിപ്പുകൾ പുറത്തു വരുമെന്ന് റെനീഷയും പറയുന്നുണ്ട്.

‘‘നിങ്ങളിതു കേട്ടാൽ ഞെട്ടും, ബിഗ് ബോസ് താരങ്ങളായ റെനീഷയുടെയും വിഷ്ണുവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് ഇപ്പോൾ വരുന്ന വാർത്ത. ഇങ്ങനെയൊക്കെയാകും യൂട്യൂബിൽ ചില ചാനലുകളിൽ വരുന്ന തലക്കെട്ടുകൾ.’’–റെനീഷയുടെ വാക്കുകൾ.

റിങ്കു-വിങ്കു ജോഡി എന്ന പേരിലാണ് ഇരുവരും ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഹൗസിലെ മറ്റുള്ള സൗഹൃദങ്ങൾ പോലെ ഇവരുടേത് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടില്ലെങ്കിലും റെനീഷ-വിഷ്ണു സൗഹൃദത്തിന് ആരാധകർ ഏറെയാണ്.

ഷോ നടക്കുമ്പോൾ ഇരുവരും പ്രണയത്തിലാണെന്നു വരെ വാർത്തകൾ വന്നു. എന്നാൽ തങ്ങളുടേത് സൗഹൃദം മാത്രമാണെന്ന് പിന്നീട് ഇരുവരും വെളിപ്പെടുത്തുകയും ചെയ്തു.

Articles You May Like

x