‘കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിനാഘോഷം’; അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങളോടൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ

മലയാള സിനിമയിലെ അഭിനയ ചക്രവർത്തി മോഹൻലാലിന് ഇന്ന് 63-ാം പിറന്നാൾ. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് ആരാധകരും സിനിമാലോകവും. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

തിരനോട്ടം (ചലച്ചിത്രം1978) എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. പൂർണിമ ജയറാം, ശങ്കർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ സോളമൻ, ‘നാടോടിക്കാറ്റി’ലെ ദാസൻ, ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണൻ, ‘ചിത്ര’ത്തിലെ വിഷ്ണു, ‘കിരീട’ത്തിലെ സേതുമാധവൻ, ‘ഭരത’ത്തിലെ ചിത്രത്തിലെ ഗോപി, ‘കമലദള’ത്തിലെ നന്ദഗോപൻ, ‘ദേവാസുര’ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ‘ഇരുവറി’ലെ ആനന്ദൻ, ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടൻ, ‘സ്ഫടിക’ത്തിലെ ആടുതോമ, ‘ദശരഥ’ത്തിലെ രാജീവ് മേനോൻ, ‘ഉണ്ണികളെ ഒരു കഥപറയാം’ എന്ന ചിത്രത്തിലെ എബി അബ്രഹാം, ‘തന്മാത്ര’യിലെ രമേശൻ നായർ, ‘പരദേശി’യിലെ വലിയകത്തു മൂസ, ‘ഭ്രമര’ത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.

അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മോഹൻലാൽ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാൻഡാണ്. ബോക്‌സ് ഓഫീസ് കണക്കുകൾ പരിശോധിച്ചു നോക്കിയാൽ റെക്കോഡുകൾ സൃഷ്ടിക്കുന്നതും തകർക്കുന്നതും മോഹൻലാൽ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടുന്ന മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുഗനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016ലാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ 200 കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ചു.

സോഷ്യൽ മീഡിയയിൽ എങ്ങും മോഹൻലാലിൻ്റെ ഫോട്ടോകളും വീഡിയോകളും ആശംസകളും നിറയുന്ന ഈ അവസരത്തിൽ ഇപ്പോൾ മോഹൻലാൽ പങ്കുവച്ച ഫോട്ടോകളാണ് ഏവരുടെയും ഹൃദയം കവരുന്നത്. അഭയകേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിനെ ഫോട്ടോയിൽ കാണാം. ഹം(HUM) ഫൗണ്ടേഷൻ നടത്തുന്ന ഷെൽട്ടർ ഹോമായ ഏഞ്ചൽസ് ഹട്ടിലെ കുഞ്ഞുങ്ങൾക്കൊപ്പം ആണ് മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച മോഹൻലാൽ, കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികളും കൈമാറി. ‘കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം’, എന്നാണ് ഫോട്ടോകൾക്കൊപ്പം മോഹൻലാൽ കുറിച്ചത്.

Articles You May Like

x