4158 കുട്ടികളെ പഠിപ്പിച്ച അഗരം എന്ന മഹാനന്മ, മെഡിസിനിൽ 57, എഞ്ചിനീറിങ്ങിൽ 1395 പേർ ; വരുമാനത്തിന്റെ നല്ലൊരു ശതമാനം പാവപ്പെട്ട കുട്ടികൾക്കായി മാറ്റിവെക്കുന്ന സൂര്യയുടെ അധികമാർക്കുമറിയാത്ത കഥ

സിനിമ പാരമ്പര്യത്തിൽ നിന്നും ഏതൊരാൾക്കും സിനിമയിലേയ്ക്ക് എത്താൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യമായോ അത്ഭുതമായോ നോക്കി കാണേണ്ടതില്ല. എന്നാൽ സിനിമയിൽ കഴിവ് തെളിയിക്കണമെങ്കിൽ ആ മേൽവിലാസം മാത്രം തികയാതെ വരും. ‘ശരവണൻ ശിവകുമാർ’ എന്ന ‘സൂര്യ’. കേരളത്തിൽ ഉൾപ്പടെ കോടികൾ മൂല്യമുള്ള ജനലക്ഷങ്ങളുടെ ഹൃദയ വികാരമാണ്. അഭിനയരംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇത്രയേറേ സ്വാധീനം നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് അയാളുടെ അർപ്പണ മനോഭാവവും, ഏളിമയും, കഠിനാധ്വാനവും കൊണ്ട് മാത്രമാണ്.

സിദ്ദീഖിൻ്റെ സംവിധാനത്തിൽ പിറന്ന ‘ഫ്രണ്ട്‌സ്’ എന്ന ചിത്രത്തിൽ വിജയ്‌ക്ക് അരികിലായി നിന്ന് അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥാപാത്രത്തിൽ നിന്നും ഏവരെയും അമ്പരപ്പെടുത്തുന്ന വളർച്ചയായിരുന്നു സൂര്യയുടേത്. ഗൗതംമേനോൻ ചിത്രമായ ‘കാക്ക കാക്ക’ എന്ന ചിത്രത്തിലെ സൂര്യ അവതരിപ്പിച്ച പോലീസ് കഥാപാത്രം അദ്ദേഹത്തിൻ്റെ തലവര തന്നെ മാറ്റിമറിക്കുകയായിരുന്നു. കമൽഹാസനെന്ന അതുല്ല്യ നടന് ശേഷം പോലീസ് വേഷം അത്ര മനോഹരമായി അവതരിപ്പിക്കാൻ തമിഴിൽ കെൽപ്പുള്ള നടൻ സൂര്യയെന്ന് ഏവരും ഏറ്റുപാടി. എ.ആർ. മുരുകദോസിൻ്റെ ‘ഗജിനി’ കൂടെ വമ്പൻ ഹിറ്റായപ്പോൾ തമിഴിൽ പകരക്കാരനില്ലാത്ത നടനായി സൂര്യ മാറുകയായിരുന്നു.

അവസരങ്ങൾക്കും, പ്രശസ്തിയ്ക്കും, പണത്തിനും വേണ്ടി മാത്രമാവരുത് സിനിമയെന്ന മേഖലയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് തന്നെ മുന്നിൽ വരുന്ന എല്ലാ സ്ക്രിപ്റ്റുകൾക്കും ഓകെ പറയാതെ വ്യക്തമായ ലക്ഷ്യത്തോടെ കഥകൾ സെലക്ട് ചെയ്യുവാൻ അദ്ദേഹം ആരംഭിച്ചു. മികച്ച സംവിധായകരുടെ വ്യത്യസ്ത കഥകൾക്കൊപ്പം വേറിട്ട ചിത്രങ്ങളിലൂടെ സൂര്യ മുന്നേറി.

ഗൗതം മേനോൻ്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ‘വാരണം ആയിരം’ അത്തരത്തിലൊരു ചിത്രമായിരുന്നു. മൂന്ന് വ്യത്യസ്തമായ ഗെറ്റപ്പിലൂടെ ചിത്രത്തിൽ സൂര്യയെ പ്രേക്ഷകർ കണ്ടു. വെറും ഫൈറ്റ് മാത്രമല്ല അഭിനയിക്കുവാനും തനിയ്ക്ക് അറിയാമെന്ന സൂര്യ ബോധ്യപ്പെടുത്തി തന്ന നിമിഷങ്ങളായിരുന്നു അതെല്ലാം. കെ.എസ്. രവികുമാറിൻ്റെ ‘ആദവൻ’ എന്ന ചിത്രത്തിലൂടെ വേണ്ടിവന്നാൽ കോമഡിയും ഇവിടം വഴങ്ങുമെന്ന് സൂര്യ തെളിയിച്ചു. മലയാളത്തിൽ ദിലീപ് അവതരിപ്പിച്ച കുഞ്ഞിക്കൂനൻ എന്ന കഥാപാത്രത്തെ തമിഴിൽ ‘പേരഴകനായി’ അവതരിപ്പിച്ചത് സൂര്യയായിരുന്നു. തൻ്റെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ ചിത്രമാണ് ‘പേരഴകൻ’ എന്ന് ഒരിക്കൽ സൂര്യ തന്നെ സൂചിപ്പിച്ചിരുന്നു.

അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നിരവധി ചിത്രങ്ങളിൽ സൂര്യ വേഷമിട്ടു. അടുത്തിടെ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ചിത്രമാണ് ‘ജയ് ഭീം’. സമകാലിക രാഷ്ട്രീയം ചർച്ച ചെയ്ത ഇത്ര മികച്ചൊരു സിനിമ സൂര്യ എന്ന നടനിലൂടെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. കമൽഹാസനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് സൂര്യയുടെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് വിക്രമിൽ ‘റോളക്സ്’ എന്ന കൊടും വില്ലൻ്റെ വേഷത്തിൽ സൂര്യയെത്തുന്നത്. പ്രതിഫലം പോലും വാങ്ങിക്കാതെ സൂര്യ വിക്രമിൽ അഭിനയിക്കുമ്പോൾ ആ കഥാപാത്രവും പൂർണതയിലെത്തുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. വിക്രമിലെ സൂര്യ അവതരിപ്പിച്ച കഥാപാത്രം നെഗറ്റീവ് ആയിരുന്നിട്ട് പോലും പ്രേക്ഷകർ തിയേറ്ററിൽ അത്രമാത്രം ആർപ്പ് വിളിയോട് കൂടെ അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു.

അഭിനയ രംഗത്ത് മാത്രമല്ല അദ്ദേഹം സജീവമായിട്ടുള്ളത്. തമിഴ് മക്കൾക്ക് അദ്ദേഹം ദൈവ സ്ഥാനത്താണ്. നടൻ എന്നതിന് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് സൂര്യ. തനിയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും നല്ലൊരു ഭാഗം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും, സിനിമ മേഖലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും,മറ്റ് സഹായ ഹസ്തങ്ങളുമായി അദ്ദേഹം എപ്പോഴും മുൻപോട്ട് വരാറുണ്ട്. നടൻ എന്ന വിശേഷണത്തിന് പുറമേ നല്ലൊരു മനുഷ്യ സ്‌നേഹിയെന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.

 

വ്യത്യസ്ത രൂപത്തിൽ, പല ഭാവത്തിൽ, വേറിട്ട വേഷത്തിൽ ഭാവങ്ങളുടെ തമ്പുരാനായി തെന്നിന്ത്യൻ ലോകത്ത് സൂര്യ തിളങ്ങിയത് രണ്ട് പതിറ്റാണ്ടുകൾ. സഹതാരമായി, നായകനായി, വില്ലനായി, മികച്ച നടനായി നിർമാതാവായി അങ്ങനെ… അങ്ങനെ. സിനിമയുടെ ഓരോ ഇടങ്ങളിലും ഈ 47കാരന്‍ അഭിനമായി മാറുന്നു. ‘അഗരം’എന്ന മഹാനന്മ ഈ താരസൂര്യന് പുതിയ വഴികൾ തുറന്നു വെക്കുന്നു. ‘അണ്ണാ’ എന്ന് മനസറിഞ്ഞ് വിളിക്കുന്ന ഏതൊരു മനുഷ്യന് മുൻപിലും സ്നേഹത്തോടെ പെരുമാറാൻ ആ മനുഷ്യൻ ഇന്നേവരെ മടി കാണിച്ചിട്ടില്ല. മനുഷ്യത്വത്തിൻ്റെ അടയാളമായി നിലനിൽക്കുന്ന സൂര്യ
മുഴുവൻ താരങ്ങൾക്കും ഒരു മാതൃക കൂടിയാണ്. ഏതൊരു മനുഷ്യനും മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വം.

 

തെന്നിന്ത്യ ഒന്നാകെ അസൂയയോട് കൂടെ നോക്കി കണ്ട പ്രണയമായിരുന്നു സൂര്യയുടേതും, ജ്യോതികയുടേതും. ജോ കൂടെ ചേരുമ്പോഴേ സൂര്യ പൂർണമാകുന്നുള്ളുവെന്ന് അദ്ദേഹം പറയുമ്പോൾ അഭിനയത്തിനൊപ്പം തന്നെ കുടുംബത്തെയും അത്രമാത്രം സൂര്യ സ്നേഹിക്കുന്നു. 2006 – ൽ സൂര്യയും, ജ്യോതികയും വിവാഹിതരായി. 16 വർഷത്തെ മനോഹരമായ ദാമ്പത്യം. ഇന്ന് മക്കളായ ദിയയ്ക്കും, ദേവുമൊത്ത് സന്തോഷ കുടുംബ ജീവിതം നയിക്കുന്നു.

അവഗണനകളിൽ പതറി പോകാതെ എങ്ങനെ പൊരുതി നേടാം എന്നതിൻ്റെ ഏറ്റവും വലിയ പാഠംമാണ് സൂര്യ. മാറ്റി നിർത്തിയവരെക്കൊണ്ട് തന്നെ ചേർത്ത് പിടിപ്പിച്ച വ്യക്തിത്വം. നല്ല മകനായി, ചേട്ടനായി, അച്ഛനായി, നടനായ് നന്മയുള്ള മനുഷ്യനായി തെന്നിന്ത്യന്‍ സിനിമ ലോകത്ത് പൂർണ ശോഭയോടെ ജ്വലിക്കുന്ന താര നക്ഷത്രത്തിന് ഹൃദയത്തിൽ നിന്ന് ഒരായിരം പിറന്നാൾ ആശംസകൾ.

Articles You May Like

x