തെറ്റായ വിവരങ്ങൾ നൽകുന്നത് വളരെ മോശമാണ്, മുപ്പത്തിയഞ്ച് ദശലക്ഷത്തിൽ മൂന്ന് സംഭവങ്ങൾ സാമാന്യവൽക്കരിക്കാൻ കഴിയില്ല; ‘കേരള സ്‌റ്റോറി’യിൽ ടൊവിനോ

  1. ‘ദി കേരള സ്റ്റോറി’ താൻ കണ്ടില്ലെന്ന് നടൻ ടൊവിനോ തോമസ്. ചിത്രത്തിൻ്റെ ട്രെയിലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നുവെന്നും പിന്നീട് നിർമാതാക്കൾ തന്നെ അത് മൂന്ന് ആക്കിമാറ്റിയെന്നും എന്താണ് അതുകൊണ്ട് അർത്ഥമാകുന്നതെന്നും നടൻ പറഞ്ഞു. ദി കേരള സ്റ്റോറി തന്റെ നാടിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി നൽകിയത്. ‘2018’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി മുംബൈയിലെത്തിയ നടൻ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘കേരള സ്റ്റോറിയുടെ ട്രെയിലർ മാത്രമാണ് ഞാൻ കണ്ടത്. സിനിമ ഇതുവരെ കണ്ടിട്ടില്ല. കൂടാതെ കണ്ടവരോട് സംസാരിച്ചിട്ടുമില്ല. ട്രെയിലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നു, എന്നിട്ട് നിർമാതാക്കൾ തന്നെ അത് 3 ആക്കിമാറ്റി. എന്താണ് അർഥമാക്കുന്നത്? എനിക്കറിയാവുന്നിടത്തോളം കേരളത്തിൽ 35 ദശലക്ഷം ആളുകളുണ്ട്, ഈ മൂന്ന് സംഭവങ്ങൾ കൊണ്ട് ആർക്കും അതിനെ സാമാന്യവൽക്കരിക്കാൻ കഴിയില്ല. ഇത് കേരളത്തിൽ നടന്നുവെന്ന വസ്തുത ഞാൻ നിഷേധിക്കില്ല. ഇത് സംഭവിച്ചിരിക്കാം. എനിക്ക് വ്യക്തിപരമായി ഇത് അറിയില്ല, പക്ഷേ ഞാൻ ഇത് വാർത്തകളിൽ വായിച്ചിട്ടുണ്ട്. ഇന്ന് നമ്മൾ കാണുന്നതെല്ലാം വസ്തുതകളല്ല. കേവലം അഭിപ്രായങ്ങൾ മാത്രമാണ്. അഞ്ച് വ്യത്യസ്ത ചാനലുകളിൽ ഒരേ വാർത്ത അഞ്ച് വ്യത്യസ്തമായ രീതിയിൽ കൊടുക്കുന്നത് നമ്മൾ കാണുന്നു. അതിനാൽ ശരിയും തെറ്റും എനിക്കറിയാം. 35 ദശലക്ഷത്തിൽ മൂന്ന് സാമാന്യവൽക്കരിക്കാൻ കഴിയില്ല, തെറ്റായ വിവരങ്ങൾ നൽകുന്നത് വളരെ മോശമാണ്’, ടൊവിനോ പറഞ്ഞു.

അതേസമയം, 2018ൽ കേരളത്തിൽ ഉണ്ടായ മഹാ പ്രളയത്തെ ഇതിവൃത്തമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ വൻ ജനത്തിരക്കാണ്. നാല് ദിവസങ്ങൾകൊണ്ട് 32 കോടി രൂപയാണ് ലോകമെമ്പാടും ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം.

Articles You May Like

x