‘മതം മാറാൻ നിർബന്ധിച്ചു, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു’; ‘ദ കേരള സ്റ്റോറി’ കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതി നൽകി കാമുകി, 23 കാരൻ അറസ്റ്റിൽ

ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ‘ദ കേരള സ്റ്റോറി’ എന്ന ചിത്രം കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതിയുമായി കാമുകി രംഗത്ത്. കാമുകൻ തന്നോട് മതം മാറാൻ ആവശ്യപ്പെടുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജ്റാനയിലാണ് സംഭവം.

മതം മാറ്റത്തിന് നിർബന്ധിച്ചുവെന്ന പരാതിക്കൊപ്പം ലൈംഗിക പീഡന പരാതിയും യുവാവിനെതിരെ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. വിവാഹവാഗ്ദാനം നൽകിയാണ് യുവാവ് യുവതിയെ പീഡിപ്പിച്ചത്. ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഇതിനിടയിലാണ് മതംമാറാൻ ഇയാൾ സ്ഥിരമായി യുവതിയെ നിർബന്ധിച്ചുകൊണ്ടിരുന്നത്. ഇത് തന്നെ മാനസികമായി തളർത്തിയെന്നും യുവതി പൊലീസിൽ അറിയിച്ചു.

പ്ലസ്ടുവോടെ പഠനം അവസാനിപ്പിച്ച യുവാവ് നിലവിൽ തൊഴിൽരഹിതനാണ്. ഉന്നതപഠനം നേടിയിട്ടുള്ള യുവതി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയാണ്. നാല് വർഷം മുൻപ് ഒരു കോച്ചിങ് സെന്ററിൽ വച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

കാമുകനൊപ്പമാണ് യുവതി ‘ദ കേരള സ്റ്റോറി’ കാണാൻ പോയത്. സിനിമ കണ്ട് തിരിച്ചെത്തിയതിനു ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി. യുവാവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെയാണ് യുവതി പൊലീസിൽ പരാതിയുമായി എത്തിയത്. യുവതിയുടെ പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Articles You May Like

x