‘കുടുംബം നേരിട്ട വിഷമങ്ങൾ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല, പക്ഷെ അതിന് എൻ്റെ അപ്പൻ്റെയും അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിൻ്റെ വിലയുണ്ട്’; ജൂഡിനോട് പെപ്പെയുടെ സഹോദരി

കഴിഞ്ഞ ദിവസം ജൂഡ് ആന്തണി ജോസഫിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആൻ്റണി വർഗീസ് രംഗത്ത് വന്നിരുന്നു. ബാങ്ക് രേഖകൾ നിരത്തിയായിരുന്നു ജൂഡിൻ്റെ ആരോപണങ്ങൾക്ക് ആൻ്റണി വർഗീസ് മറുപടി നൽകിയത്. ആൻ്റണി വർഗീസ് മറുപടി നൽകിയതിന് പിന്നാലെ തങ്ങൾ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടൻ ആൻ്റണി വർഗീസ് പെപ്പെയുടെ സഹോദരി അഞ്ജലി വർഗീസ്.

ഈ ആരോപണങ്ങൾ കാരണം കുടുംബം നേരിട്ട വിഷമങ്ങൾ മറ്റാർക്കും മനസ്സിലാകണമെന്നില്ല. പക്ഷെ അതിനു തന്റെ അച്ഛൻ്റെയും അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിൻ്റെ വിലയുണ്ടെന്നാണ് അഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വിവാഹ ദിവസം പെപ്പെക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് അഞ്ജലിയുടെ പ്രതികരണം.

‘രണ്ടു ദിവസത്തോളം ഞങ്ങൾ അനുഭവിച്ച സങ്കടങ്ങൾക്കുള്ള ഉത്തരമാണ് ചേട്ടൻ പറഞ്ഞത്. ഈ ദിവസങ്ങളിൽ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല. പക്ഷെ അതിനു എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്,’ അഞ്ജലി പറഞ്ഞു.

സിനിമയിൽ അഭിനയിക്കാൻ 10 ലക്ഷം രൂപ അഡ്വാൻസ് വാങ്ങി, എന്നാൽ ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വർഗീസ് ചിത്രത്തിൽ നിന്ന് പിന്മാറിയെന്നു, ഈ പണം കൊണ്ടാണ് ആന്റണി സഹോദരിയുടെ വിവാഹം നടത്തിയത് എന്നുമായിരുന്നു ജൂഡിന്റെ ആരോപണം. സിനിമയുടെ അഡ്വാൻസ് തുകയായി നിർമ്മാതാവ് നൽകിയ പണം തിരികെ നൽകി ഒരു വർഷത്തിന് ശേഷമായിരുന്നു സഹോദരിയുടെ വിവാഹമെന്ന് ആന്റണി പത്രസമ്മേളനത്തിൽ തെളിവുകൾ നിരത്തി സമർത്ഥിച്ചിരുന്നു. പണം തിരികെ നൽകിയതിന്റെ രേഖകളും പുറത്തുവിട്ടിരുന്നു. പിന്നാലെ ജൂഡ് ക്ഷമ പറഞ്ഞുകൊണ്ട് രംഗത്തുവരികയും ചെയ്തിരുന്നു.

Articles You May Like

x