ജൂഡിൻ്റെ പരാമർശം കുടുംബത്തെ അപമാനിക്കുന്നത്, കാത്തിരുന്ന് ഒരു സിനിമ വിജയിച്ചപ്പോൾ പാവപ്പെട്ടവൻ്റെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കിയെന്ന് പെപ്പെ

സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ ആൻ്റണി വർഗീസ് പെപ്പെ. ജൂഡിൻ്റെ പരാമർശം തൻ്റെ കുടുംബത്തെ അപമാനിക്കുന്നതെന്നും വ്യക്തിഹത്യയാണെന്നും പെപ്പെ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വർഷത്തെ വ്യത്യാസത്തിലാണ് നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയതും സഹോദരിയുടെ വിവാഹം നടന്നതും. അപ്പോൾ പ്രതികരിച്ചില്ലെന്നും കാത്തിരുന്ന് ഒരു സിനിമ വിജയിച്ചപ്പോൾ ജൂഡ് ഒരു പാവപ്പെട്ടവൻ്റെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കിയെന്നും പെപ്പെ ആരോപിച്ചു. സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആൻ്റണി തന്റെ കൈയ്യിൽ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നുമായിരുന്നു ജൂഡിൻ്റെ ആരോപണം.

ജൂഡ് ഇത്തരത്തിൽ ഒരു പരാമർശം പറയാൻ പാടില്ലായിരുന്നു. ഭാര്യയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോലും പെങ്ങളുടെ കല്യാണം നടത്തിയത് പറ്റിച്ച പണം കൊണ്ടാണെന്ന പരാമർശം വിഷമിപ്പിച്ചു. ജൂഡ് സഹോദര സ്ഥാനീയനായിരുന്നു. തന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്റെ പേരടക്കമാണ് ജൂഡ് പരാമർശിച്ചത്. ഇത് വ്യക്തിഹത്യയാണ്. ശാപം കൊണ്ട് ആ സിനിമ ഇറങ്ങിയില്ല എന്ന് പോലും പറഞ്ഞു. യോഗ്യതയില്ലെന്നും കഴിവില്ലെന്നും ജൂഡ് കുറ്റപ്പെടുത്തിയിരുന്നു. തന്റെ യോഗ്യത നിർണയിക്കാൻ ആർക്കും കഴിയില്ല. പെല്ലിശ്ശേരി ഇല്ലെങ്കിൽ തനിക്ക് ജീവിക്കാൻ ഉള്ള വകുപ്പ് പോലും ഇല്ലെന്ന പരാമർശവും തന്നെ വേദനപ്പെടുത്തി. ജൂഡും തന്നെ പോലെ ആരെങ്കിലും അവസരം തന്നു വന്നവരാണെന്നും പെപ്പെ പറഞ്ഞു.

‘നിർമ്മാതാവ് പണം നൽകിയത് 2020 ഫെബ്രുവരി 27നാണ്. കല്യാണം നടന്നത് ഒരു വർഷത്തിന് ശേഷവും. അപ്പോൾ പ്രതികരിക്കാതെ പടം വിജയിച്ചപ്പോൾ ആരോപണവുമായി വന്നിരിക്കുകയാണ്. അന്ന് ജൂഡ് നൽകിയ കരാറിൽ തീയതി ഇല്ല. തിരക്കഥ പൂർത്തിയാകുമ്പോൾ തീയതി തീരുമാനിക്കാം എന്ന് പറഞ്ഞു. രണ്ടാം പാതിയിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞു. അതുകൊണ്ടാണ് ചിത്രത്തിൽ നിന്ന് പിന്മാറിയത്’, പെപ്പെ വ്യക്തമാക്കി. തന്റെ ഭാവിയെ ബാധിക്കുന്ന വിഷയമാണ് ഇത്. ഒത്തു തീർപ്പായ വിഷയത്തിൽ വെറുതെ കുടുംബത്തെ വലിച്ചിഴച്ചു. പെങ്ങളെ പറഞ്ഞതിന് നീതി കിട്ടണമെന്നും പെപ്പെ പറഞ്ഞു. 2018 മികച്ച ചിത്രമാണ്. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ ജീവിതം വഴി മുടക്കുകയാണ്. ആരോപണങ്ങളിൽ ദേഷ്യമില്ല, വിഷമം മാത്രമാണുള്ളതെന്നും പെപ്പെ കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ കഞ്ചാവും ലഹരിയും മാത്രമല്ല മനുഷ്യത്വമില്ലായ്മയും പ്രശ്നമാണെന്നും ആന്റണി വർഗീസ് വന്ന വഴി മറന്നെന്നുമായിരുന്നു ജൂഡ് ആന്തണി കുറ്റപ്പെടുത്തിയത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പെപ്പെക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജൂഡ് രം​ഗത്തെത്തിയത്. ‘ഞാൻ നിർമ്മിക്കാൻ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്റെ അസോസിയേറ്റ് ആയിരുന്ന നിധീഷ് സംവിധാനം ചെയ്യുന്നതാണ്. എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന ഒരു നിർമ്മാതാവിനടുത്തുനിന്ന് പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി, ആന്റണി സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറി’, എന്നായിരുന്നു ജൂഡിന്റെ ആരോപണം. ‘വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. കഞ്ചാവും ലഹരിയുമൊന്നുമല്ല മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കുകയാണ് ഏറ്റവും വലിയ പ്രശ്നം. ഇങ്ങനെയുള്ളവർ സിനിമയിൽ ഉള്ളതുകൊണ്ടാണ് പ്രശ്നം’, ജൂഡ് കൂട്ടിച്ചേർത്തു.

 

Articles You May Like

x