കരുവന്നൂരിലെ അഴിമതിയിൽ പതിനേഴ് അഴകാണ്, ഉളുപ്പില്ലായ്മയുടെ ന്യായീകരണത്തിന് നൂറ് അഴകാണ്, പരിഹാസവുമായി ഹരീഷ് പേരടി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റുകയാണ് വേണ്ടത് എന്ന് സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെ കറുപ്പിനഴക് വെളുപ്പിനഴക് എന്ന പാട്ടിന്റെ പാരഡിയിലൂടെ പരിഹസിക്കുകയാണ് ഹരീഷ്. കുറിപ്പിങ്ങനെ, കറുത്ത വറ്റ്..ഓ ഒ..വെളുത്ത വറ്റ്…കരുവന്നൂരിലെ അഴിമതിയിൽ പതിനേഴ് അഴകാണ്…ഉളുപ്പില്ലായ്മയുടെ ന്യായികരണത്തിന് നൂറ് അഴകാണ്…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് മാറ്റുകയാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വഴിവിട്ട് സഞ്ചരിച്ചവർ ഉണ്ടെങ്കിൽ നടപടി വേണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ മേഖല ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനെ തകർക്കുകയാണ് ലക്ഷ്യം. നോട്ട് നിരോധന സമയത്ത് തുടങ്ങിയതാണിതെന്നും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ മേഖലയെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ലാഘവത്തോടെയല്ല ഗൗരവമായിട്ടാണ് കണ്ടതെന്നും വേട്ടയാടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡി വരുന്നത്. പ്രത്യേക ലക്ഷ്യം വെച്ചാണ് ഇ.ഡി വന്നെതെന്നും പറഞ്ഞ അദ്ദേഹം നിക്ഷേപകരെ സംരക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ടുവരുമെന്നും അതുവരെ കാത്തിരിക്കാം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Articles You May Like

x