ഒന്നുകില്‍ റിസ്‌ക് എടുക്കുക, അല്ലെങ്കില്‍ അവസരം നഷ്ടപ്പെടുത്തുക ; മഞ്ജുവിന്റെ പുതിയ മാറ്റത്തിൽ കയ്യടിച്ച് ആരാധകർ

നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മലയാളിയുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങള്‍ കാണാനുമൊക്കെ ആരാധകര്‍ക്ക് ഏറെ താല്‍പ്പര്യമാണ്. നടിയെന്ന രീതിയില്‍ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്‌നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.

തന്റെ തന്നെ വ്യത്യസ്തമായ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതില്‍ മുന്നിലാണ് മഞ്ജു വാര്യര്‍. കാണാന്‍ ഭംഗിയുള്ളതും വ്യത്യസ്തമായ ലുക്കിലുള്ളതുമായ ഫോട്ടോകള്‍ മാത്രമല്ല, അതിന് നല്‍കുന്ന അടിക്കുറിപ്പുകളും പലപ്പോഴും കയ്യടി നേടാറുണ്ട്. കഴിഞ്ഞ ദിവസം ദുബായില്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് എത്തിയ മഞ്ജുവിന്റെ പുത്തന്‍ ലുക്കും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നുണ്ട്. മുടി പോണിടെയില്‍ കെട്ടി തീര്‍ത്തും വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് മഞ്ജു പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

താരത്തിന്റെ അവസാനമായി തീയറ്ററില്‍ ഇറങ്ങിയ ടെക്നോ ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിന് മികച്ച റിപ്പോര്‍ട്ടായിരുന്നു. അതിന് മുന്‍പ് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റും മികച്ച വിജയം നേടിയിരുന്നു. മജാക്ക് ആന്റ് ജില്‍ എന്നീ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. ഇത് കൂടാതെ പത്തോളം സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്. അമേരികി പണ്ഡിറ്റ് എന്ന ബോളിവുഡ് ചിത്രത്തിലും മഞ്ജു കരാറ് ഒപ്പുവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ, താരം പങ്ക് വെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തലപ്പാവും വെച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മഞ്ജു എത്തിയിരിക്കുന്നത്. തലപ്പാവ് വച്ച് ചരിഞ്ഞും മറിഞ്ഞും നില്‍ക്കുന്ന മൂന്ന് ചിത്രങ്ങളാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു ചിത്രം ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്. ‘ഒന്നുകില്‍ റിസ്‌ക് എടുക്കുക, അല്ലെങ്കില്‍ അവസരം നഷ്ടപ്പെടുത്തുക’ എന്നാണ് മഞ്ജു ചിത്രത്തിന് താഴെ ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. ബിനീഷ് ചന്ദ്രയാണ് ചിത്രം എടുത്തിരിയ്ക്കുന്നത്.

രമേഷ് പിഷാരടി, ബാബു ആന്റണി, ഗ്രേസ് ആന്റണി, സാധിക വേണുഗോപാല്‍ തുടങ്ങിയവര്‍ ചിത്രത്തിന് താഴെ കമന്റ്ിട്ടുണ്ട്. ദയ എന്ന ചിത്രത്തിലെ ആണ്‍ വേഷം ഓര്‍മപ്പെടുത്തുന്ന ലുക്കാണ് ഇതെന്നാണ് പലരുടെയും കമന്റുകള്‍. മഞ്ജുവിനെ സര്‍ദ്ദാര്‍ജ്ജി എന്ന് വിളിച്ചുകൊണ്ടുള്ള കമന്റുകളും ട്രോളുകളും വരെ വന്ന് കഴിഞ്ഞു. സമ്മര്‍ ഇന്‍ ബത്ലേഹേമിലെ ആമിയെ തിരിച്ചു കിട്ടി എന്നും കമന്റുകളുണ്ട്.

1995 പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു ആദ്യമായി സിനിമയില്‍ എത്തുന്നത്. എന്നാല്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1995 ല്‍ പുറത്ത് ഇറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. രാധ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇതിന് ശേഷം നിരവധി മികച്ച ചിത്രങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു.

Articles You May Like

x