‘കുടുംബങ്ങളുടെ നേതാവ്’, പ്രധാനമന്ത്രിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് സുരേഷ് ഗോപിയും രാധികയും

മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് സുരേഷ് ​ഗോപി. ഭാര്യ രാധികയ്ക്കും മകൾക്കും ഒപ്പമാണ് താരം ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രധാനമന്തിക്ക് വിവാഹക്ഷണക്കത്ത് കെെമാറുന്ന ചിത്രങ്ങൾ സുരേഷ് ​ഗോപി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. ‘കുടുംബങ്ങളുടെ നേതാവ്’ എന്ന ക്യാപ്ഷനോടെയാണ് മോദിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്.

ജനുവരി പതിനേഴാം തീയതി ഗുരുവായൂരിൽ വെച്ചാണ് വിവാഹം. ശ്രേയസ്സ് മോഹന്‍ ആണ് വരന്‍. കഴിഞ്ഞ ജൂലൈയില്‍ ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് വിവാഹ റിസപ്ഷൻ നടക്കും.

സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. അടുത്തിടെ ഭാഗ്യ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. പരേതയായ ലക്ഷ്മി സുരേഷ്, നടന്‍ ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.

Articles You May Like

x