നടി രാധികയുമായി ആദ്യ വിവാഹവും ഒരു വർഷത്തിന്‌ ശേഷം വേർപിരിയലും, രണ്ടാം വിവാഹവും ഡിവോഴ്‌സിൽ അവസാനിച്ചു; ജനിച്ചത് സമ്പന്ന കുടുംബത്തിൽ ഒടുവിൽ എല്ലാം നഷ്ടമായി, നടൻ പ്രതാപ് പോത്തന്റെ ആരും അറിയാത്ത ജീവിതം

ചെന്നൈയിൽ പതിവായി മലയാളം സിനിമകൾ വരാറുള്ളത് കിൽപോക്കിലെ ‘ഈഗാ’ തിയറ്ററിലാണ്. ഇതിന് തൊട്ടരികിലായിട്ടായിരുന്നു സിനിമയെ പ്രാണനോളം സ്നേഹിച്ച ഒരാൾ താമസിച്ചിരുന്നതും. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് ശ്രദ്ധേയനായ മലയാളികളുടെ സ്വകാര്യ അഹങ്കാരം പ്രതാപ് പോത്തൻ. ഹിന്ദി ഉൾപ്പടെ അഞ്ച് ഭാഷകളിലായി അദ്ദേഹം അഭിനയിക്കുകയും മലയാളം, തമിഴ്, തെലുങ്ക്, തുടങ്ങി വ്യത്യസ്ത ഭാഷകളിലായി നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത അതുല്ല്യ പ്രതിഭ അരങ്ങൊഴിയുമ്പോൾ സിനിമ ലോകത്തിന് തന്നെ അദ്ദേഹം നൽകിയ സംഭാവന എക്കാലവും ഓർമിക്കപ്പെടുന്നവയാണ്.

സിനിമ ജീവിതത്തിൽ നാല് വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം നാൽപത് വർഷം പൂർത്തിയാക്കിയത്. ജീവിതത്തിലെ ഉയർച്ച, താഴ്ചകളെക്കുറിച്ചും അന്ന് പ്രതാപ് സൂചിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. “തനിയ്ക്ക് ഇപ്പോൾ 66 വയസായെന്നും ലോക പ്രശസ്തരായ സംവിധായകരെല്ലാം തന്നെ അവരുടെ കരിയറിലെ മികച്ച സിനിമകൾ ചെയ്തത് ഈ പ്രായത്തിന് ശേഷമാണെന്നായിരുന്നു.” അത്തരം ഒരുക്കങ്ങൾ നടത്തുന്നതിനായി രണ്ട് മാസത്തേയ്ക്ക് സിനിമയിൽ നിന്ന് അദ്ദേഹം അവധിയെടുത്തിരുന്നു. അങ്ങനെയാണ് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ ഏറെ തളർത്തിയ സാഹചര്യത്തിലും ഇനിയും സിനിമകൾ ചെയ്യണമെന്ന തീരുമാനത്തിലേയ്ക്ക് പോത്തൻ എത്തുന്നത്.

ഗോവയിൽ വെച്ച് ശ്യാമപ്രസാദിൻ്റെ സിനിമയുടെ ഷൂട്ടിങ്ങ് വേളയിലാണ്  ശാരീരികമായ അസ്വസ്ഥതകൾ ആദ്യം അനുഭവപ്പെടുന്നത്. മുൻപ് ‘സ്ലീപ് അപ്നിയയ്ക്ക്’ അദ്ദേഹം മരുന്ന് കഴിച്ചിരുന്നു. അങ്ങനെയാണ് ശരീരത്തിൽ നീര് വരുന്നത്. പിന്നീട് പതിയെ അത് നെഞ്ചുവേദനയിലേയ്ക്ക് മാറുകയും അൽപ്പനാൾ ആശുപത്രിയിൽ കിടക്കേണ്ടി വരികയും ചെയ്തിരുന്നു. പൊതുവേ ശാന്തശീല പ്രകൃതക്കാരനായിരുന്നു പ്രതാപ് പോത്തൻ. അധിക സമയവും ഒറ്റയ്ക്ക് ഇരിക്കുവാനാണ് അദ്ദേഹം താൽപര്യപ്പെട്ടിരുന്നത്. ഗ്രൂപ്പുകളിലോ, പാർട്ടികളിലോ പങ്കെടുക്കാൻ താൽപര്യം ഇല്ലായിരുന്നെന്നും, പുസ്തകങ്ങളും, സിനിമകളും, സോഷ്യൽ മീഡിയയുമാണ് തനിയ്ക്ക് കൂട്ടുകാരെന്ന് മുൻപൊരിക്കൽ പ്രതാപ് പോത്തൻ പറഞ്ഞിട്ടുണ്ട്.

സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിക്കേണ്ട വന്ന അനുഭവം അദ്ദേഹത്തിൻ്റെ ജീവിതത്തിലുണ്ടായിരുന്നു. ദുൽഖറിനെ നായകനാക്കി ഒരു പ്രൊജക്റ്റ് പ്ലാൻ ചെയ്തിരുന്നതായും എന്നാൽ തിരക്കഥ ഇഷ്ടപ്പെടാതെ വന്നതോട് കൂടെ ആ സിനിമ പൂർണമായി പോത്തൻ ഉപേക്ഷിക്കുകയായിരുന്നു. പണത്തിന് വേണ്ടി ഒരിക്കലും സിനിമകൾ ചെയ്യാൻ താൻ തയ്യറാല്ലെന്നും, നല്ല കഥയുള്ള മികച്ച സിനിമകൾ പ്രേക്ഷകർക്ക് നല്കുന്നതിലാണ് തനിയ്ക്ക് താൽപര്യമെന്നുമാണ് 20 വർഷത്തിന് ശേഷം സംവിധാനം ചെയ്യാനിരുന്ന സ്വപ്‍ന പദ്ധതി മുടങ്ങിയപ്പോൾ പ്രതാപ് പോത്തൻ പറഞ്ഞത്.

സിനിമകളിൽ നിന്നെല്ലാം വലിയ രീതിയിൽ ഇടവേളയെടുക്കുന്ന വ്യക്തി കൂടെയായിരുന്നു പോത്തൻ. ഇതിനെക്കുറിച്ച് ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചപ്പോൾ താരം മറുപടി നൽകിയത് ഈ പ്രകാരമായിരുന്നു. 1986 – ൽ ‘ഒന്ന് മുതൽ പൂജ്യം വരെ’ സിനിമയിൽ അഭിനയിച്ച് പോയ താൻ ശേഷം മലയാളത്തിൽ അഭിനയിക്കുന്നത് ‘തന്മാത്ര’ എന്ന ചിത്രത്തിൽ മോഹൻലാലിനെ പരിശോധിക്കുന്ന ഡോക്ടറുടെ വേഷത്തിലാണെന്നും, അതിനിടയിൽ അത്രയും വലിയ ഇടവേള വന്നത് സിനിമയിലേയ്ക്ക് തന്നെ ആരും വിളിക്കാതിരുന്നത് കൊണ്ടാണെന്നും  തുറന്ന് പറഞ്ഞിരുന്നു. 1997 – ൽ ‘യാത്രമൊഴി’ എന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷമാണ് അദ്ദേഹം സിനിമയിൽ സജീവമാകുന്നത് ’22 ഫീമെയിൽ കോട്ടയം’ എന്ന ആഷിഖ് അബു ചിത്രത്തിലാണ്. ഇത്ര വലിയ ഇടവേളയെടുത്ത് സിനിമയിൽ അഭിനയിക്കുന്ന മറ്റൊരാളും ഉണ്ടായിരുന്നില്ല. ഇടവേളയ്ക്ക് ശേഷം 28 സിനിമകളിലേറേ അദ്ദേഹം അഭിനയിച്ചിരുന്നു. തിരിച്ചു വരവിലാണ് സിനിമയെ കുറച്ചു കൂടെ രസകരമായി കാണാൻ സാധിക്കുന്നതെന്ന് പ്രതാപ് തന്നെ പറഞ്ഞിരുന്നു.

സമ്പന്നമായ ഒരു വ്യാപാര കുടുംബത്തിലായിരുന്നു പോത്തൻ്റെ ജനനം. മക്കൾ സിനിമയിൽ അഭിനയിക്കുന്നതിനോട് അച്ഛന് താൽപര്യമില്ലായിരുന്നെന്നും എന്നാൽ തങ്ങൾ മൂന്ന് മക്കളും സിനിമയിൽ എത്തിയെന്നും, സിനിമയിൽ പോയാൽ ചീത്തയായി പോകുമെന്നായിരുന്നു അച്ഛൻ്റെ ധാരണയെന്നും പോത്തൻ പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി വലിയ ഉന്നതിയിലുള്ള പ്രതാപൻ്റെ കുടുംബം വലിയ കടത്തിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. അച്ഛന് ബിസ്നസിൽ സംഭവിച്ച തകർച്ച അദ്ദേഹത്തിൻ്റെ കുടുംബത്തെ സാരമായി ബാധിക്കുകയായിരുന്നു. എല്ലാം ഉള്ളതിൽ നിന്നും ഒന്നും ഇല്ലായ്‌മയിലേയ്ക്ക് എത്തിയ അവസ്ഥയിൽ നിന്നാണ് പ്രതാപ് പോത്തൻ ‘മദ്രാസ് പ്ളേഴ്സിലെ’ സ്ഥിരം നടനായി മാറുന്നതും അവിടെ വെച്ച് അഭിനയം കൂടുതൽ പഠിക്കുകയും സിനിമയിലേയ്ക്ക് അവസരം ലഭിക്കുന്നതും.

മുബൈയിലെ താമസ കാലത്താണ് അദ്ദേഹത്തെ സംവിധായകൻ ഭരതൻ സിനിമയിലേയ്ക്ക് ക്ഷണിക്കുന്നതും ഇരുവരും തമ്മിൽ അടുക്കുന്നതും. അങ്ങനെ ആദ്യമായി സിനിമയിലെത്തി ‘ആരവം’ എന്ന സിനിമയിൽ ചെറിയൊരു റോളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. അങ്ങനെയാണ് പിന്നീട് ഹിറ്റ് പടം ‘തരക’ യിലേയ്ക്ക് എത്തുന്നത്. മലയാളത്തിൽ പത്മരാജനും, ഭരതനും അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.

‘മീണ്ടും ഒരു കാതൽ കഥൈ’ (1985) എന്ന തമിഴ് ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്‌തത്‌. ആദ്യ ചിത്രത്തിന് തന്നെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. മലയാളത്തിൽ താൻ വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ലെന്ന് പോത്തൻ തന്നെ പറഞ്ഞിട്ടുണ്ട്. സ്ഥാനങ്ങൾക്കോ, ലാഭത്തിനോ വേണ്ടി ഇന്നേവരേ താൻ സിനിമയെ കണ്ടിട്ടില്ലെന്നും, എന്തും മുഖത്ത് നോക്കി വെട്ടി തുറന്നു പറയുന്ന പ്രകൃതമാണ് തന്റേതെന്നും, അവസരങ്ങൾക്ക് വേണ്ടി കൈകൂപ്പൂവാനോ, കാല് പിടിക്കുവാനോ താൻ ഇന്നേവരെ പോയിട്ടില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

1985-ൽ നടി രാധികയെയാണ് പ്രതാപ് പോത്തൻ വിവാഹം കഴിച്ചത്. എന്നാൽ അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെയാണ് 1990-ൽ വിവാഹം കഴിച്ചത്. എന്നാൽ ആ വിവാഹ ബന്ധവും വേർപിരിയുകയായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട് കെയ. അഭിനയ ലോകത്ത് നിന്നും പ്രതാപ് പോത്തനെന്ന നടൻ വിടവാങ്ങുമ്പോൾ മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത മറ്റൊരു അതുല്ല്യ പ്രതിഭയെ കൂടിയാണ് നഷ്ടമാകുന്നത്…

Articles You May Like

x