യഥാർത്ഥ ജീവിതത്തിൽ നിന്ന് എടുത്ത കഥാപാത്രം ; ആ കഥാപാത്രത്തെ മികച്ചതാക്കിയ ആ നടൻ ഇന്ന് എവിടെയാണെന്ന് അറിയുമോ?

കാലം എത്ര കഴിഞ്ഞാലും ചില സിനിമകളിലെ കഥാപാത്രങ്ങൾ ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കാറുണ്ട്. മികച്ച റോളോന്നും സിനിമയിൽ ലഭിച്ചിട്ടില്ലെങ്കിൽ പോലും അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ വ്യത്യസ്ത കൊണ്ടും, പ്രകടനം കൊണ്ടും അത്തരം ആളുകൾ എത്ര കഴിഞ്ഞാലും ഓർമയിൽ നിന്ന് മാഞ്ഞു പോകില്ലെന്ന് സാരം. അത്തരത്തിൽ പ്രേക്ഷകർ എന്നും ഓർമിക്കുന്ന കഥാപാത്രമാണ് ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന സിനിമയിലെ ജോജി എന്ന കഥാപാത്രം.  ചിത്രത്തിൽ മീന അവതരിപ്പിച്ച എയ്ഞ്ചൽ മേരി എന്ന കഥാപാത്രത്തിൻ്റെ ഭർത്താവാണ് ജോജി.

മോഹൻലാൽ നായക വേഷത്തിലെത്തിയ ചിത്രത്തിൽ വർഗീസ് ആന്റണി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. പ്രിൻസിപ്പാളിൻ്റെ വേഷത്തിലെത്തി സൂസൻ റോയ് എന്ന കഥാപാത്രത്തെ ഭംഗിയായി സീമയും കൈകാര്യം ചെയ്തു. സൂസൻ റോയിൽ നിന്നും എയ്ഞ്ചൽ മേരിയുടെ കഴിഞ്ഞ കാല ജീവിതം അറിയുമ്പോഴാണ് ജോജി എന്ന കഥാപാത്രം പ്രേക്ഷകരിലേയ്ക്ക് മുഖം തരുന്നത്. എയ്ഞ്ചലിൻ്റെയും, ജോജിയുടേയും വിവാഹ ചിത്രങ്ങള്‍ സൂസന്‍ റോയ് വര്‍ഗ്ഗീസ് ആന്റണിയെ കാണിക്കുന്ന സന്ദർഭം ചിത്രത്തിലുണ്ട്.

ഫോട്ടോയില്‍ കാണുന്ന ജോജിയെ സുന്ദരനും, സുമുഖനുമായി തോന്നും അയാൾ ഒരു പ്രശ്നക്കാരൻ ആണെന്ന് തോന്നുകയേ ഇല്ല. എന്നാല്‍ ജോജിയുടെ യാതാർത്ഥ കഥകള്‍ അറിയുമ്പോള്‍ പ്രേക്ഷകരില്‍ അത് വലിയ ഞെട്ടലുണ്ടാകുന്നു. എല്‍പിജി സിലിണ്ടര്‍ തുറന്ന് വിട്ട് അതില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന ഗ്യാസിൻ്റെ മണം ശ്വസിക്കുന്ന ജോജിയെയാണ് പിന്നീട് പ്രേക്ഷകര്‍ക്ക് കാണാൻ സാധിക്കുന്നത്.

എയ്ഞ്ചല്‍ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തലമുടി ചീകുമ്പോൾ പിന്നിലെത്തി ജോജി കൈയിലിരിക്കുന്ന സിഗർ ലൈറ്റര്‍ ഉപയോഗിച്ച് എയ്ഞ്ചലിൻ്റെ മുടി കത്തിക്കുകയും, മുടി കരിയുന്ന മണം ശ്വസിക്കുകയും ചെയ്യുന്നു. ലഹരിയ്ക്ക് അടിമയായ ഒരു യഥാർത്ഥ സൈക്കോയായ ജോജിയെ കണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഭയം വരുന്നു. അൽപ നേരം മാത്രമാണ് ആ കഥാപാത്രം സ്‌ക്രീനിൽ ഉണ്ടായിരുന്നതെങ്കിലും സിനിമ കണ്ട പ്രേക്ഷകര്‍ ഒരിക്കലും ജോജിയെ മറക്കാൻ സാധ്യതയില്ല.

യഥാർത്ഥത്തിൽ സൈക്കോ ആണെന്ന് തോന്നുന്ന ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചത് രാജേഷ് കെ എബ്രഹാം എന്ന നടനാണ്. അദ്ദേഹം അഭിനയിച്ച ഒരേയൊരു സിനിമയായിരുന്നു ‘ഒളിമ്പ്യന്‍ അന്തോണി ആദം.’ ചിത്രത്തിലെ ജോജിയുടെ രംഗങ്ങള്‍ നടന്‍ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ ഷെയർ ചെയ്തിരുന്നു. ജോജി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച സംവിധായകന്‍ ഭദ്രനെ കുറിച്ചും രാജേഷ് കെ എബ്രഹാം സൂചിപ്പിച്ചിരുന്നു. “ഭദ്രന്‍ സര്‍ വളരെ അടുത്തറിഞ്ഞ ഒരു ദാമ്പത്യ ബന്ധത്തിൻ്റെ സിനിമ ആവിഷ്‌കാരമാണ് അതെന്നും. യാതാർത്ഥ ജീവിതത്തിലെ അനുഭവം പോലെ അവ നില നിന്നത് ഭദ്രന്‍ സാറിൻ്റെ വ്യക്തമായ ദൃശ്യാവിഷ്‌കാരണശക്തി കൊണ്ടാണെന്നും, സിനിമ എന്നത് സംവിധായകൻ്റെ കലയാണെന്നുമാണ്” രാജേഷ് കെ എബ്രഹാം പറഞ്ഞത്.

അഭിനയരംഗത്ത് പിന്നീട് സജീവമായി രാജേഷിനെ കണ്ടില്ലെങ്കിലും രാജേഷിൻ്റെ കൂടെ സിനിമയുണ്ടായിരുന്നു. 2013 – ല്‍ ‘ആറ് സുന്ദരിമാരുടെ കഥ’ എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.  പ്രതാപ് പോത്തന്‍, നരേന്‍, നദിയ മൊയ്തു, ലെന, സറീന വഹാബ് എന്നിവരായിരുന്നു സിനിമയിൽ അഭിനയിച്ചത്. രാജേഷ് കൊച്ചിയിലാണിപ്പോൾ താമസിക്കുന്നത്. സിമിയാണ് ഭാര്യ.

Articles You May Like

x