റോബിൻ്റെ ആ വീഡിയോ പോവർട്ടി പോൺ, നെ​ഗറ്റീവ് ഇമേജ് മാറ്റാൻ അനാഥാലയത്തിലെ കുഞ്ഞുങ്ങളെ ചൂഷണം ചെയ്തു, കുരങ്ങൻ്റെ കൈയ്യിൽ പൂമാല കൊടുക്കരുതെന്ന് റിയാസ്

ഇത്തവണത്തെ ബിഗ് ബോസ് സീസൺ ബിഗ് ബോസ് സീസൺ 4 ൻ്റെ അത്ര പോരെന്നാണ് പ്രേക്ഷകർ പറയുന്നത്. മാത്രമല്ല എല്ലാവരുടേയും ആ​ഗ്രഹം റിയാസ് സലീമിനെപ്പോലൊരു വൈൽഡ് കാർഡ് ഹൗസിലേക്ക് വന്നിരുന്നെങ്കിൽ എന്നാണ്. കാരണം കളിക്ക് ഹരം ലഭിക്കണമെങ്കിൽ റിയാസിനെപ്പോലെയുള്ള ഒരാൾ വരികയും വെട്ടി തുറന്ന് സംസാരിക്കുകയും സേഫ് ​ഗെയിം കളിക്കുന്നവരുടെ മുഖം മൂടി വലിച്ചൂരുകയും വേണം. സീസൺ ഫൈവ് ഇത്രയേറെ റേറ്റിങിൽ താഴേക്ക് പതിക്കാൻ കാരണം കളിയുടെ സ്പിരിറ്റ് മനസിലാക്കി നേർക്കുനേർ നിന്ന് മത്സരാർഥികൾ കളിക്കുന്നില്ലെന്നതാണ്.

ഇപ്പോഴിത റോബിൻ അടുത്തിടെ ചിൽഡ്രൺസ് ഹോമിലെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകിയ ശേഷം അത് വീഡിയോയാക്കി ബിജിഎം ഇട്ട് സോഷ്യൽമീഡിയയിൽ പബ്ലിഷ് ചെയ്തതിനെ വിമർശിക്കുകയാണ് റിയാസ്. അനാഥ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുകയാണ് അത്തരം ഒരു വീഡിയോ പബ്ലിഷ് ചെയ്തതിലൂടെ ചെയ്തിരിക്കുന്നതെന്നാണ് റിയാസ് പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിയാസ് പ്രതികരിച്ചിരിക്കുന്നത്.

‘അടുത്തിടെ ഞാൻ കണ്ടിരുന്നു സ്വന്തം നെ​ഗറ്റീവ് ഇമേജ് മാറ്റാൻ വേണ്ടി രണ്ട് പൊതി നിറയെ ഭക്ഷണവുമായി അനാഥാലയത്തിൽ പോയി ഭക്ഷണം വിതരണം ചെയ്ത് അത് വീഡിയോയാക്കി ബിജിഎം ഇട്ട് പബ്ലിഷ് ചെയ്ത് നെ​ഗറ്റീവ് ഇമേജ് മാറ്റിയെടുക്കാൻ ശ്രമിക്കുന്നത്. അതിനെ പോവർട്ടി പോൺ എന്നാണ് വിളിക്കേണ്ടത്. ആ അനാഥാലയത്തിലെ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. അതും കുറച്ച് ലൈക്കിനും ഷെയറിനും വേണ്ടി. എത്രത്തോളം മോശമായ മനുഷ്യനാണ് എന്നാണ് ആ വീഡിയോ പബ്ലിഷ് ചെയ്തതിലൂടെ അയാളെ കുറിച്ച് മനസിലാകുന്നത്. അത്തരത്തിലുള്ള ആളുകളെ സെലിബ്രേറ്റ് ചെയ്യുന്ന സ്ഥലത്താണ് നമ്മൾ ജീവിക്കുന്നത്.’

‘എനിക്കും തെറ്റുകൾ പറ്റാറുണ്ട്. അങ്ങനെ സംഭവിച്ചാൽ ഞാൻ തെറ്റിന് ക്ഷമ ചോദിക്കാറുമുണ്ട്. ആളുകൾ പണത്തിനേയും പ്രശസ്തിയേയും വല്ലാതെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് പലരും പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നത്. കുരങ്ങന്റെ കൈയ്യിൽ പൂമാല കിട്ടിയാൽ എല്ലാം തീർന്നു. അതുകൊണ്ട് തന്നെ അർഹിക്കുന്നവർക്കെ ഫെയിം കിട്ടാൻ പാടുള്ളു.ക്വാളിറ്റിയുള്ള മനുഷ്യർക്ക് ഫെയിം കിട്ടണം. ഫെയിമിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നടക്കുന്നവർക്ക് ഫെയിം കിട്ടിയാൽ അവർ മറ്റുള്ളവരെ ചൂഷണം ചെയ്യും’ റിയാസ് സലീം പറഞ്ഞു.

കുറച്ച് നാളുകൾക്ക് മുമ്പാണ് ബി​ഗ് ബോസ് സീസൺ ഫോർ ഫെയിം റോബിൻ രാധാകൃഷ്ണൻ ചിൽഡ്രൺസ് ഹോം സന്ദർശിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. സംഭവം പിന്നീട് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

Articles You May Like

x