ജീവിക്കാൻ ഭിക്ഷയെടുക്കേണ്ടി വന്നു, ഇതൊക്കെ നിർത്തി മീൻ വിക്കാൻ പോയ്ക്കൂടേന്ന് ഭാര്യ ചോദിച്ചു ; ജീവിതകഥ തുറന്ന് പറഞ്ഞ് നസീർ സംക്രാന്തി

മുൻപിലിരിക്കുന്ന മനുഷ്യരെ കരയിപ്പിക്കാൻ ഏതൊരാൾക്കും കഴിയും. എന്നാൽ എല്ലാം മറന്ന് ഒരാളെ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. മൂന്ന് പതിറ്റാണ്ടിലേറേ കാലമായി മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു മനുഷ്യനുണ്ട്. കൂടുതൽ മുഖവുരയുടെ ഒന്നും ആവശ്യമില്ലാതെ തന്നെ മലയാളികൾക്ക് പരിചിതമാണ് ആ പേര്. ‘നസീർ സംക്രാന്തി.’ നാട്ടിലെ കുഞ്ഞു വേദികളിൽ തുടങ്ങിയ നസീറിൻ്റെ കലാ ജീവിതം ഇന്ന് ബിഗ് സ്ക്രീൻ വരെ എത്തി നിൽക്കുകയാണ്. ചെറിയ വേദികളിൽ നിന്നും പിൽക്കാലത്ത് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു മിമിക്രി താരമായി മാറുന്നതിന് താൻ നടത്തിയ പരിശ്രമത്തെക്കുറിച്ചും, കടന്നു വന്ന കല്ലും, മുള്ളും നിറഞ്ഞ വഴികളെക്കുറിച്ചും മനസ് തുറക്കുകയാണ് താരം.

ഇന്ന് സ്‌ക്രീനിൽ കാണുന്ന പകിട്ടൊന്നും തൻ്റെ കുട്ടിക്കാലത്തെ ജീവിതത്തിന് ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. കുഞ്ഞുനാളിലെ പിതാവ് മരിച്ചു പോയെന്നും, പിന്നീട് പഠിച്ചതും, വളർന്നതും യത്തീംഖാനയിലയിരുന്നെന്നും, പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ പോലും അങ്ങനെയൊരു സാഹചര്യം അന്നത്തെ കാലത്ത് വീട്ടിൽ ഇല്ലാത്തതിനാലാണ് വിദ്യാഭ്യാസമെന്ന സ്വപ്നം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതെന്നും നസീർ കൂട്ടിച്ചേർത്തു. ഇതിനിടയ്ക്ക് ജീവിതത്തിൽ താൻ ചെയ്യാത്തതായ ഒരു പണിയുമില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മീൻ കച്ചവടം, ആക്രി പെറുക്കൽ, ഭിക്ഷാടനം തുടങ്ങി അങ്ങനെ എല്ലാ ജോലികളും നസീറിൻ്റെ ലിസ്റ്റിൽ ഇടം പിടിച്ചവയാണ്. കഷ്ടപ്പാടും, ദുരിതങ്ങളും മാത്രം നിറഞ്ഞ ജീവിതത്തിൽ നിന്നും ഇപ്പോഴാണ് താൻ കര കയറിയതെന്നും അദ്ദേഹം പറയുന്നു.

ഇന്ന് കാണുന്ന തരത്തിൽ ഇവിടെ വരെ എത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്നും, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കുട്ടിക്കാലമായിരുന്നു തന്റേതെന്നും മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സ്വന്തമായി ഒരു വീട് പോലും ഇല്ലായിരുന്നെന്നും, ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ഓടുമ്പോൾ ദിവസങ്ങളോളം പട്ടിണി കിടന്ന കുട്ടിക്കാലവും നസീറിന് ഇന്നലെയെന്ന പോലെ ഓർമയിലുണ്ട്.

പച്ചയായ ജീവിതം വെട്ടി തുറന്ന് പറയുന്നതിനിടയിലും ഇടയ്ക്ക് താനൊരു തമാശക്കാരനാണെന്ന് സ്ഥാപിക്കുവാനുള്ള ശ്രമത്തിലായിരുന്നു നസീർ. പക്കാ ജാഡയിൽ പറഞ്ഞാൽ ‘പതിനൊന്നു വയസ് മുതലേ നാട്ടിൽ മീന്‍ എക്‌സ്‌പോര്‍ട്ടിങ്ങായിരുന്നു’ എന്നാണ് നസീർ പറയുന്നത്. സര്‍ക്കാരുമായി ചേര്‍ന്നുള്ള കോടികളുടെ ബിസിനസ്, ക്രാപ് സര്‍വീസ് നടത്തിയിരുന്നു താനെന്നും തമാശ രൂപേണ താരം വ്യക്തമാക്കുന്നു.

നിരവധി വലുതും ചെറുതുമായ കോമഡി പരിപാടികളിലൂടെയും, സിനിമകളിലൂടെയും ഹാസ്യ പരമ്പരകളിലൂടെയും ഏറെ ശ്രദ്ധ നേടിയ നടനാണ് നസീർ സംക്രാന്തി. തനിയ്ക്ക് ലഭിക്കുന്നത് ചെറിയ വേഷങ്ങളായാൽ പോലും അതിനെ ഭംഗിയായി കൈകാര്യം ചെയ്യാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘തട്ടീം, മുട്ടീം’ എന്ന ഹാസ്യ പരമ്പരയിൽ നസീർ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. ഇതിലൂടെയാണ് അദ്ദേഹം കൂടുതലായി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. വ്യത്യസ്തമായ അഭിനയവും, എളിമയോട് കൂടിയുള്ള അദ്ദേഹത്തിൻ്റെ സംസാരവും മറ്റുള്ളവരിൽ നിന്നും നസീറിനെ വേറിട്ടതാക്കുന്നു.

തൻ്റെ ജീവിതാനുഭവങ്ങൾ കേൾക്കുമ്പോൾ ഒരിതില്ലേയെന്നും, എന്നാൽ സത്യത്തില്‍ ചെയ്തത് മീന്‍ കച്ചവടവും, ലോട്ടറി കച്ചവടവും ആക്രിപെറുക്കലുമായിരുന്നുവെന്നും പിന്നെ, ഭിക്ഷാടനവും. രാവിലെ അര സൈക്കിളുമെടുത്ത് മീന്‍കച്ചവടത്തിനു പോകും. തിരിച്ചു വന്നാല്‍ നേരെ കോട്ടയം ടൗണില്‍ ലോട്ടറി കച്ചവടം. മൂന്നുമണിയായാല്‍ വൈകുന്നേരത്തെ പത്രക്കെട്ടു വരും. കുറേക്കാലം ആക്രി പെറുക്കാന്‍ വീടുകള്‍ തോറും നടന്നെന്നും ഒപ്പം ഭിക്ഷയെടുത്തെന്നും, ഒരിക്കല്‍ ഏതോ വീട്ടില്‍ നിന്ന് ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരന്‍ ഹെഡ് ആന്‍ഡ് ടെയില്‍ കളിച്ച്‌ നഷപ്പെടുത്തിയപ്പോൾ വഴിയില്‍ നിന്നു കരഞ്ഞ ആളാണ് താനെന്ന് പറയുമ്പോൾ അൽപ്പം നനവ് ആ കണ്ണുകളിൽ എവിടെയോ കാണാമായിരുന്നു.

Articles You May Like

x