ഓടി വന്ന് കെട്ടിപ്പിടിച്ച് ബാപ്പ, ഭക്ഷണം വാരി നല്‍കി ഉമ്മ; ആറുവര്‍ഷത്തിന് ശേഷം സ്വന്തം വീട്ടിലെത്തി നാദിറ മെഹ്റിൻ

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ശക്തയായ മത്സരാർത്ഥി ആയിരുന്നു നാദിറ മെഹ്റിൻ. മുൻ സീസണുകളിൽ ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നും മത്സരാർത്ഥികൾ വന്നിട്ടുണ്ടെങ്കിലും അവരിൽ നിന്നും തീർത്തും വ്യത്യസ്തയാണ് നാദിറ. തന്റെ പ്രവ‍ർത്തിയിലൂടെ മറ്റുള്ളവരെ പോലെ താനും നിങ്ങളിൽ ഒരാളാണെന്ന് വിളിച്ച് പറഞ്ഞ നാദിറ, ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി പണപ്പെട്ടി എടുത്ത മത്സരാർത്ഥി കൂടിയാണ്.

ടിക്കറ്റ് ടു ഫിനാലെ ജയിച്ചെങ്കിലും പണവുമായി നാദിറ പുറത്തേക്ക് പോകുക ആയിരുന്നു. അതോടൊപ്പം തന്നെ നാദിറയെ കുടുംബം അം​ഗീകരിച്ചതും ഓരോ മലയാളികൾക്കും അഭിമാനമായി മാറിയിരുന്നു. ഇപ്പോഴിതാ ആറ് വര്‍ഷത്തിന് ശേഷം വീട്ടില്‍ എത്തിയ നാദിറ അതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

ആറ് വർഷത്തിന് ശേഷം ആദ്യമായി വീട്ടിൽ പോയി ബാപ്പയേയും ഉമ്മയേയും സന്ദർശിച്ചതിന്റെ വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ നാദിറ മെ​ഹ്റിൻ പങ്കുവെച്ചിരിക്കുന്നത്. താന്‍ വരുമെന്ന് സൂചന നല്‍കാതെ അപ്രതീക്ഷിതമായി വീട്ടില്‍ എത്തുകയാണ് നാദിറ. ഇത് സര്‍‌പ്രൈസ് ആണെന്ന് നാദിറ ആദ്യമേ പറയുന്നുണ്ട്. മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥി ദിയ സനയും നാദിറയ്ക്കൊപ്പം ഉണ്ട്.

കുടുംബത്തിന് സര്‍പ്രൈസ് നല്‍കുന്നതൊടപ്പം ഉമ്മയുടെ കൈയ്യില്‍ നിന്നും ഭക്ഷണം കഴിക്കുന്നതും. ബാപ്പയൊടൊപ്പമുള്ള നിമിഷങ്ങളും എല്ലാം നാദിറ വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. തന്‍റെ പെട്ടി തുറക്കുന്നതും കാണിക്കുന്നുണ്ട്. താൻ ബി​ഗ് ബോസിൽ പങ്കെടുത്ത ശേഷം തന്നെ പോലെ സ്വന്തം സ്വത്വം വെളിപ്പെടുത്താൻ ആ​ഗ്രഹിച്ച പലർക്കും കുടുംബത്തോട് അത് വെളിപ്പെടുത്താനുള്ള ധൈര്യം കാണിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നാദിറ വീഡിയോയിൽ പറഞ്ഞു.

നാദിറയുടെ കുടുംബത്തെ കാണാൻ ബിഗ്ബോസ് വിജയിയായ അഖിൽ മാരാരും, നാദിറയുടെ ബിഗ്ബോസ് വീട്ടിലെ വലിയ സുഹൃത്തായ ശോഭ വിശ്വനാഥുമെല്ലാം എത്തിയിരുന്നു.

Articles You May Like

x