തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ ഞങ്ങളെക്കാൾ ഏറെ വേദനിക്കുന്നത് സുധി ചേട്ടൻറെ ആത്മാവാണ്; നിങ്ങൾ പറയുന്നതൊന്നുമല്ല സത്യം: ഉള്ളുരുകി രേണു

ജൂൺ അഞ്ചിന് നേരം പുലർന്നപ്പോൾ എല്ലാവരും ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു കൊല്ലം സുധിയുടെ വിയോഗം. വാഹനാപകടത്തിൽ മരണമടഞ്ഞ കൊല്ലം സുധിയെപ്പറ്റിയുള്ള വാർത്തകളാണ് ഇന്നും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇതിനിടെ സുധിയുടെ വീട്ടുകാർക്ക് വിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള പല വാർത്തകളും ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിടുകയുണ്ടായി. രാഹുലിനെ വീട്ടിൽനിന്ന് ഇറക്കി വിട്ടെന്നും യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ് എന്നൊക്കെ ആയിരുന്നു പല വാർത്തകളും പറഞ്ഞിരുന്നത്. ഇത്തരം വാർത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു. രേണുവിന് പറയാനുള്ളത് ഇതാണ്… പതിനൊന്നാമത്തെ വയസ്സിൽ എനിക്ക് കിട്ടിയതാണ് അവനെ

അന്നുമുതൽ ഇന്നുവരെ ഞാൻ രണ്ടാനമ്മയല്ല സ്വന്തം അമ്മയാണ് രാഹുലിന്. അത് സുധി ചേട്ടനും അറിയാമായിരുന്നു. എപ്പോഴും പറയുമായിരുന്നു അവൻ മിടുക്കൻ ആകുന്നതിന് കാരണം ഞാനാണെന്ന്. പത്താം ക്ലാസിൽ അവൻ ഉയർന്ന മാർക് വാങ്ങിച്ചപ്പോഴും ചേട്ടൻ പറഞ്ഞത് ഞാൻ കാരണമാണ് അവൻ അത് സാധിച്ചത് എന്നായിരുന്നു. അത്രയേറെ ആത്മബന്ധമായിരുന്നു ഞാനും രാഹുലും തമ്മിലുള്ളത്. അതുപോലെതന്നെയായിരുന്നു എൻറെ വീട്ടുകാരോടും. എന്നെ ആദ്യം അമ്മയെ എന്ന് വിളിച്ചത് അവനാണ്. അവൻ എനിക്ക് വളർത്തു മകനല്ല എൻറെ മൂത്ത മകൻ തന്നെയാണ്. ഞാൻ എന്നും അങ്ങനെ തന്നെ കണ്ടിട്ടുള്ളൂ. എനിക്ക് രണ്ടാൺമക്കളാണ്. അതിൽ മൂത്തവൻ ആണ് രാഹുൽ.

സുധി ചേട്ടൻ ഞങ്ങളെ വിട്ടു എങ്ങും പോയിട്ടില്ല. ഞങ്ങളോടൊപ്പം തന്നെയുണ്ട്. എപ്പോഴും എന്നോട് സംസാരിക്കാറുണ്ട്. ഞങ്ങളെ അത്രയേറെ ഇഷ്ടമായിരുന്നു. ഷൂട്ട് ഇല്ലാത്ത സമയത്തൊക്കെ വീട്ടിൽ തന്നെയാകും ഉണ്ടാവുക. എങ്ങും പോകില്ല. എപ്പോഴും എന്നെ വഴക്കു പറഞ്ഞിരുന്നത് ആഹാരം കഴിക്കാത്തതിന്റെ കാര്യത്തിന് വേണ്ടി മാത്രമായിരുന്നു. അല്ലാതെ മറ്റുള്ളവർ പറഞ്ഞു പോകുന്നതുപോലെ രാഹുലിന്റെ പേര് പറഞ്ഞല്ല. മറ്റു കുടുംബ പ്രശ്നങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെ പറയുന്നത് സുധി ചേട്ടൻറെ ആത്മാവിന് വിഷമം ഉണ്ടാകും. ആത്മാവിന് ശാന്തി ലഭിക്കില്ല. അദ്ദേഹം ഇപ്പോഴും ഞങ്ങളോടൊപ്പം തന്നെയാണ് ഉള്ളത്. ഒരുപക്ഷേ മരണം നേരത്തെ മുന്നിൽ കണ്ടോ എന്ന് പോലും എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഇടയ്ക്കൊക്കെ റിതുലിനെ കാണിച്ചു കൊടുക്കുവാൻ പറയുമായിരുന്നു. ശരിക്കും പറഞ്ഞാൽ കണ്ണുനീര് വറ്റിയ ഒരവസ്ഥയാണ്. ഞാൻ കരയാതെ നിൽക്കുന്നത് മക്കളെ ഓർത്ത് മാത്രമാണ്.

Articles You May Like

x