ഭർത്താവിൻ്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ എനിക്ക് എവിടെയും എത്താൻ സാധിക്കില്ലായിരുന്നു, എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുന്നതാണ് ഇഷ്ടം; അതുകൊണ്ടാണ് താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് കെ എസ് ചിത്ര

മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെഎസ് ചിത്ര. എന്നാൽ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുമ്പേ കൊഴിഞ്ഞ പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കരുന്നിനെ എട്ടാം വയസിൽ വിധി തട്ടി തെറിപ്പിക്കുകയായിരുന്നു. ഭർത്താവിനെക്കുറിച്ചും സം​ഗീതത്തെക്കുറിച്ചും പറയുന്ന ചിത്രയുടെ അഭിമുഖമാണ് വൈറലാവുന്നത്.സംഗീതം എന്നതിലേക്ക് എന്നെ കൊണ്ടു വിട്ടതിൽ ഞാൻ ദൈവത്തോട് നന്ദി പറയുകയാണ്. അതില്ലായിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ വട്ടായി പോയേനെ. സംഗീതം ഉള്ളത് കൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കാൻ പറ്റുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

തന്നെ വീട്ടിൽ വെപ്രാളകുമാരി എന്നാണ് വിളിക്കുന്നത്. എല്ലാ കാര്യത്തിനും വെപ്രാളം കാണിക്കുന്ന ആളാണ്. ദേഷ്യമൊക്കെ വരാറുണ്ട്. എല്ലാ കാര്യങ്ങളും വളരെ സിസ്റ്റമാറ്റിക്കായി കൊണ്ടുപോകുന്ന ആളാണ്. എല്ലാത്തിനും എനിക്ക് എന്റേതായ രീതികളുണ്ട്. ജോലിയിൽ ആയാലും വീട്ടിലെ കാര്യങ്ങളിൽ ആണെങ്കിലും അങ്ങനെയാണ്. എല്ലാം വൃത്തിയായി ഇരിക്കണമെന്നൊക്കെയാണ് അതിലൊക്കെ എന്തെങ്കിലും പറ്റിപ്പോയാൽ എനിക്ക് ദേഷ്യം വരും. വീട്ടിൽ ഭർത്താവുമായി പ്രധാനമായി വഴക്കുണ്ടാകുന്നത് ഇക്കാര്യത്തിനാണ്.

ഭർത്താവ് വിജയ് ശങ്കർ പ്രൊഫഷണലി ഒരു എഞ്ചിനീയർ ആയിരുന്നു. ഞാൻ ചെന്നൈയിൽ ആയത് കൊണ്ട് ആദ്യം അദ്ദേഹം ചെന്നൈയിൽ തന്നെ ജോലി കണ്ടെത്തി. പിന്നീട് റെക്കോർഡിങ് എല്ലാം പല സ്ഥലങ്ങളിൽ ആയതോടെ എനിക്കൊപ്പം വരാനായി അദ്ദേഹം ജോലി റിസൈൻ ചെയ്തു. ഞാൻ ഒറ്റയ്ക്ക് എവിടെയും പോകില്ല എന്ന അവസ്ഥ വന്നതോടെയാണ് അദ്ദേഹത്തിന് റിസൈൻ ചെയ്യേണ്ടി വന്നത്. ഫുൾ ടൈം എന്നോടൊപ്പം ആയിരിക്കുക എന്നത് അദ്ദേഹം എടുത്തൊരു തീരുമാനമായിരുന്നു.

അങ്ങനെ എല്ലാ കാര്യങ്ങളും അദ്ദേഹം നോക്കാൻ തുടങ്ങിയപ്പോഴാണ് ഓഡിയോ ട്രാക്സ് എന്നൊരു ലേബൽ തുടങ്ങിയതും സ്റ്റുഡിയോ തുടങ്ങിയതുമെല്ലാം. എല്ലാം അദ്ദേഹത്തിന്റെ ഇനിഷ്യയേറ്റിവ്‌ തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ എനിക്ക് എവിടെയും എത്താൻ കഴിയില്ലായിരുന്നു. ഒരു കാര്യത്തിലും നിർബന്ധ ബുദ്ധിയില്ല. അദ്ദേഹത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ സംഗീത ജീവിതത്തിൽ എനിക്ക് മുന്നോട്ട് വരാൻ സാധിക്കില്ലായിരുന്നു, അടുപ്പിച്ച്‌ മൂന്ന് നാല് ദിവസം റെക്കോർഡിങ്ങുകൾ വരുമ്ബോൾ ഒരു ദിവസം വെറുതെ ഇരിക്കണമെന്ന് ചിലപ്പോൾ തോന്നാറുണ്ട്. തീരെ വയ്യാതെ വരുമ്പോൾ റെക്കോർഡിങ് മാറ്റിവയ്ക്കാനൊക്കെ ആവശ്യപ്പെടാറുണ്ട്. അല്ലാതെ നോക്കിയാൽ ഞാനൊരു വർക്കഹോളിക്ക് ആണ്. എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുന്നത് ആണ് ഇഷ്ടം. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. ജോലി ഒന്നുമില്ലാതെ ഇരുന്നാൽ ഡിപ്രെസ്‌ഡ്‌ ആയി പോകും.

1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻനായരുടെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. എം.ജി. രാധാകൃഷ്ണൻ ആണ് 1979ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക് അവസരം നൽകിയത്.

എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ “ചെല്ലം ചെല്ലം” എന്ന ഗാനം പാടി. ഒരു വർഷത്തിനുശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീതസംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ “അരികിലോ അകലെയോ’ എന്നതാണ് ഈ ഗാനം.
യേശുദാസിനൊപ്പം നടത്തിയ സംഗീതപരിപാടികൾ ചിത്രയുടെ ആദ്യകാല സംഗീതജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീതസംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്രഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി.

6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ “വാനമ്പാടി” എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു. തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ “ഫീമൈൽ യേശുദാസ് ” എന്നും “ഗന്ധർവ ഗായിക” എന്നും ” ചിന്നക്കുയിൽ” എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .

 

Articles You May Like

x